Skip to content
Kerala

രാഹുലിന്റെ വെളിപ്പെടുത്തല്‍ ‘വിശ്വസിക്കാത്തത്’ 2 പത്രങ്ങള്‍, ദേശാഭിമാനിക്ക് അത് ആരോപണം മാത്രം, ജന്മഭൂമിക്ക് ചീറ്റിപ്പോയ വാര്‍ത്ത

വോട്ടര്‍പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റുകയും യഥാര്‍ത്ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു എന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്തസമ്മേളനം കേരളത്തിലെപ്രധാന പത്രങ്ങളെല്ലാം ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്

N

News Desk

Published on: 8 Aug 2025, 11:24 am

രാഹുലിന്റെ വെളിപ്പെടുത്തല്‍ ‘വിശ്വസിക്കാത്തത്’ 2 പത്രങ്ങള്‍, ദേശാഭിമാനിക്ക് അത് ആരോപണം മാത്രം, ജന്മഭൂമിക്ക് ചീറ്റിപ്പോയ വാര്‍ത്ത

വോട്ടര്‍പട്ടികയില്‍ ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റുകയും യഥാര്‍ത്ഥ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു എന്ന വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്തസമ്മേളനം കേരളത്തിലെപ്രധാന പത്രങ്ങളെല്ലാം ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നടത്തിയ ഈ ഗുരുതര കുറ്റകൃത്യത്തെ കുറിച്ചുളള രാഹുലിന്റെ സുപ്രധാന വെളിപ്പെടുത്തലിനെതിരെ സിപിഐഎം മുഖപത്രമായ ദേശാഭിമാനിയും സംഘ്പരിവാര്‍ മുഖപത്രമായ ജന്മഭൂമിയും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്.

ആരോപണം മാത്രമാക്കി ദേശാഭിമാനി

‘തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രാഹുല്‍’ എന്ന തലക്കെട്ടിലാണ് ദേശാഭിമാനി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് എന്ന ഗൗരവമേറിയ വിഷയത്തെ ഒരു ‘വെളിപ്പെടുത്തല്‍’ എന്നതിലുപരി തെളിയിക്കപ്പെടാത്ത ‘ആരോപണം’ മാത്രമായി ചുരുക്കുകയാണ് ദേശാഭിമാനി ചെയ്തിരിക്കുന്നത്. രാഹുലിന്റെ വാക്കുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതെ, അതൊരു ആരോപണം മാത്രമാണെന്ന നിലപാടാണ് പത്രം സ്വീകരിച്ചിരിക്കുന്നത്. കൂടാതെ രാഹുലിന്റെ വാര്‍ത്ത സമ്മേളനം മെയിന്‍ ലീഡ് ആക്കാനും ദേശാഭിമാനി തയ്യാറായില്ല.

നാണക്കേട് മറയ്ക്കാനുള്ള നാടകമാക്കി ജന്മഭൂമി

അതേസമയം, ജന്മഭൂമി പ്രതീച്ച പോലെ തന്നെ ഈ വിഷയത്തെ വളരെ നിഷേധാത്മകമായാണ് സമീപിച്ചിരിക്കുന്നത്. ‘കോടതിയുടെ അടി; നാണക്കേട് മറയ്ക്കാന്‍ പുതിയ കളവുമായി രാഹുല്‍’ എന്നാണ് ജന്മഭൂമിയുടെ പ്രധാന തലക്കെട്ട്. രാഹുലിന്റെ വെളിപ്പെടുത്തലിനെ പൂര്‍ണമായും തള്ളിക്കളയുന്ന പത്രം ഇത് ഒരു കോടതി നടപടിയിലെ തിരിച്ചടിയില്‍ നിന്നുണ്ടായ നാണക്കേട് മറയ്ക്കാനുള്ള ഒരു രാഷ്ട്രീയ ‘നാടക’വും ‘കളവു’മാണെന്നാണ് ഏഴുതി വിട്ടത്. രാഹുലിന്റെ നീക്കത്തെ പരിഹാസത്തോടെ കാണുന്ന ജന്മഭൂമി അദ്ദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെയും ചോദ്യം ചെയ്യുന്നു.

മറ്റെല്ലാ മാധ്യമങ്ങളും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വാര്‍ത്ത നല്‍കിയപ്പോള്‍, ഈ രണ്ട് പത്രങ്ങള്‍ മാത്രം തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ച് വാര്‍ത്തയെ വ്യാഖ്യാനിച്ച് അവതരിപ്പിച്ചത് മാധ്യമങ്ങളുടെ പക്ഷപാതിത്വം വ്യക്തമാക്കുന്ന ഉദാഹരണമായി സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചയാവുകയാണ്.

Related Stories