Skip to content
Kerala

ടൂറിസ്റ്റ് ബസ്സിൽ ട്രക്ക് ഉരസി; ഡ്രൈവറെ മർദ്ദിച്ചും വണ്ടി തകർത്തും തീർത്ഥാടക സംഘത്തിന്റെ അതിക്രമം

ടൂറിസ്റ്റ് ബസ്സിൽ ട്രക്ക് ഉരസിയതിനെത്തുടർന്ന് ഡ്രൈവറെയും സഹായിയെയും ക്രൂരമായി മർദ്ദിച്ച് തീർത്ഥാടക സംഘം. ആലുവ മുട്ടത്ത് വെച്ചാണ് സംഭവം നടന്നത്. പഴനിയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് തിരുവല്ലയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ടത്. ബസ്സി

N

News Desk

Published on: 25 Apr 2026, 10:15 am

ടൂറിസ്റ്റ് ബസ്സിൽ ട്രക്ക് ഉരസി; ഡ്രൈവറെ മർദ്ദിച്ചും വണ്ടി തകർത്തും തീർത്ഥാടക സംഘത്തിന്റെ അതിക്രമം

ടൂറിസ്റ്റ് ബസ്സിൽ ട്രക്ക് ഉരസിയതിനെത്തുടർന്ന് ഡ്രൈവറെയും സഹായിയെയും ക്രൂരമായി മർദ്ദിച്ച് തീർത്ഥാടക സംഘം. ആലുവ മുട്ടത്ത് വെച്ചാണ് സംഭവം നടന്നത്. പഴനിയിൽ നിന്നും തീർത്ഥാടനം കഴിഞ്ഞ് തിരുവല്ലയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള ട്രക്ക് തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിട്ടത്. ബസ്സിൽ ചെറിയ രീതിയിൽ ഉരസിയ ശേഷം ട്രക്ക് നിർത്താതെ പോയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

ടൂറിസ്റ്റ് ബസ് ട്രക്കിന് കുറുകെ നിർത്തിയ ശേഷം യാത്രക്കാർ കൂട്ടമായി ഇറങ്ങിവരികയായിരുന്നു. ഡ്രൈവറെ ട്രക്കിനുള്ളിൽ വെച്ച് കാര്യമായ രീതിയിൽ മർദ്ദിക്കുകയും വാഹനത്തിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ കൈകൂപ്പി അപേക്ഷിച്ചിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. ബസ്സിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവർ പുറത്തിറങ്ങി വാഗ്വാദത്തിലേർപ്പെടുകയും സംഘർഷത്തിന് ആഹ്വാനം നൽകുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവസ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിന്നത്. അക്രമം തുടരുന്നതിനിടെ നാട്ടുകാർ ഇടപെട്ടാണ് ട്രക്കിനുള്ളിൽ കയറി മർദ്ദിച്ചുകൊണ്ടിരുന്നവരെ പിടിച്ചുമാറ്റിയത്. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിയമം കയ്യിലെടുക്കുന്ന രീതിയിലാണ് തീർത്ഥാടക സംഘം പെരുമാറിയതെന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.

സംഭവത്തിൽ ആലുവ ഈസ്റ്റ് പോലീസ് കേസെടുത്തു. ട്രക്ക് ഡ്രൈവറെ മർദ്ദിച്ച തിരുവല്ല സ്വദേശിയായ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടമുണ്ടാക്കിയ ട്രക്കും തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സും പോലീസ് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അക്രമത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Related Stories