Skip to content
Kerala

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ദലിത് സംഘടനകളുടെ ഹർത്താൽ തുടരുന്നു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച പ്രതിഷേധം വൈകിട്ട് 6 മണി വരെയാണ് തുടരുക. നിതിൻ രാജിന്റെ കുടുംബത്തിന് നീ

N

News Desk

Published on: 28 Apr 2026, 10:10 am

നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ദലിത് സംഘടനകളുടെ ഹർത്താൽ തുടരുന്നു

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് ആരംഭിച്ച പ്രതിഷേധം വൈകിട്ട് 6 മണി വരെയാണ് തുടരുക. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും തടഞ്ഞു. തിരുവനന്തപുരം തമ്പാനൂർ, എറണാകുളം, കണ്ണൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് വാഹനങ്ങൾ തടഞ്ഞത് ഗതാഗത തടസ്സമുണ്ടാക്കി. പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമാധാനപരമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നെങ്കിലും വ്യാപകമായി വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ പ്രതിഷേധം കടുപ്പിക്കുകയായിരുന്നുവെന്ന് സമരക്കാർ അറിയിച്ചു.

ഏകദേശം 52 ഓളം ദലിത് സംഘടനകളുടെ സഹകരണത്തോടെയാണ് നിതിൻരാജ് ആക്ഷൻ കൗൺസിൽ ഈ ഹർത്താൽ നടത്തുന്നത്. അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്കും മറ്റും പങ്കുണ്ടെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ ശക്തമായ പോരാട്ടം തുടരുമെന്നുമാണ് ആക്ഷൻ കൗൺസിലിന്റെ നിലപാട്. പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനം അവസാനിപ്പിക്കാൻ സഹായിക്കുന്ന ‘രോഹിത് വെമുല നിയമം’ നടപ്പാക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഇതോടൊപ്പം നിതിൻ രാജിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും, മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കണമെന്നും ദലിത് സംഘടനകൾ ആവശ്യപ്പെടുന്നു.

Related Stories