Skip to content
Kerala

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു, ഡല്‍ഹി ചർച്ചകളിൽ അന്തിമ തീരുമാനമായില്ല, മണിക്കൂറുകള്‍ നീണ്ട ചർച്ചകള്‍ പുർത്തിയായി

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കൾ, മുഖ്യമന്ത്രിയാരെന്ന ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് അറിയിച്ചു.

N

News Desk

Published on: 9 May 2026, 7:38 pm

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു, ഡല്‍ഹി ചർച്ചകളിൽ അന്തിമ തീരുമാനമായില്ല, മണിക്കൂറുകള്‍ നീണ്ട ചർച്ചകള്‍ പുർത്തിയായി

 കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ നേതാക്കൾ, മുഖ്യമന്ത്രിയാരെന്ന ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് അറിയിച്ചു. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചേർന്ന് വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കുമെന്ന് എഐസിസി നിരീക്ഷക ദീപദാസ് മുൻഷി വ്യക്തമാക്കി.

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലിന് ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ളപ്പോൾ, വി.ഡി. സതീശന് യുഡിഎഫിലെ ഘടകകക്ഷികളുടെ പിന്തുണയുണ്ട്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല തന്റെ സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. എംഎൽഎമാരുടെ അഭിപ്രായവും ഘടകകക്ഷികളുടെ നിലപാടും ഹൈക്കമാൻഡ് വിശദമായി പരിശോധിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഖാർഗെ തയ്യാറാക്കുന്ന റിപ്പോർട്ട് പരിഗണിച്ചാകും പ്രഖ്യാപനം.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വി.ഡി. സതീശൻ, നേതാക്കൾക്കായി തെരുവിൽ പ്രകടനങ്ങൾ നടത്തുന്നത് പ്രവർത്തകർ ഉടൻ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും എല്ലാ ഫ്ലക്സുകളും ഉടൻ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേതാക്കളെ ഇഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്നും എന്നാൽ അത് മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലാകരുതെന്നും കെ.സി. വേണുഗോപാലും പ്രതികരിച്ചു. പാർട്ടിയുടെ ഐക്യത്തിന് പോറലേൽക്കാത്ത രീതിയിലുള്ള പ്രവർത്തനങ്ങളാണ് ആവശ്യമെന്ന് രമേശ് ചെന്നിത്തലയും ഓർമ്മിപ്പിച്ചു.

രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷനും എടുക്കുന്ന ഏത് തീരുമാനവും ഐക്യകണ്ഠേന സ്വീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള നേതാക്കളായ കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒറ്റയ്ക്കും കൂട്ടായും ഹൈക്കമാൻഡുമായി ചർച്ചകൾ നടത്തിയിരുന്നു. പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന സൂചനയുണ്ടെങ്കിലും വരും മണിക്കൂറുകൾ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.

Related Stories