ലൈഫ് മിഷൻ പരിച്ചുവിടുമെന്ന പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി; പിന്മാറിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭമെന്ന് സിപിഎം
എൽഡിഎഫ് സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ പരിച്ചുവിടുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നീക്കത്തിൽനിന്നു പുതിയ സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന

എൽഡിഎഫ് സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ പരിച്ചുവിടുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. രാഷ്ട്രീയ പ്രേരിതവും ജനവിരുദ്ധവുമായ ഈ നീക്കത്തിൽനിന്നു പുതിയ സർക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് സിപിഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുന്നറിയിപ്പ് നൽകി. അഞ്ച് ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിനകം സുരക്ഷിതമായ ഭവനം ഒരുക്കിയ മാതൃകാപരമായ ഒരു പദ്ധതിയെ തകർക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെന്നും പാർട്ടി കുറ്റപ്പെടുത്തി.
മാർച്ച് ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം ലൈഫ് മിഷൻ വഴി അനുവദിച്ച 6,04,046 വീടുകളിൽ 5,00,364 വീടുകളുടെ നിർമ്മാണം പൂർത്തിയായിരുന്നു. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ, മുൻഗണനാ ക്രമത്തിൽ അടുത്ത ഘട്ടത്തിൽ വീട് ലഭിക്കാനായി കാത്തിരിക്കുന്ന രണ്ട് ലക്ഷത്തിലധികം ഭൂമിയുള്ള കുടുംബങ്ങളും ഒപ്പം ഒട്ടനവധി ഭൂമിയില്ലാത്ത കുടുംബങ്ങളും സംസ്ഥാനത്തുണ്ട്. ഇവരുടെയെല്ലാം സ്വന്തമായി ഒരു വീടെന്ന വലിയ പ്രതീക്ഷകളെ തച്ചുതകർക്കുന്ന നടപടിയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു.
അടച്ചുറപ്പുള്ള വീട് ഓരോ മനുഷ്യന്റെയും അവകാശമാണെന്നും അത് ഉറപ്പാക്കാൻ ഇടതുപക്ഷ സർക്കാർ പ്രവർത്തിച്ചതിന്റെ ഫലമായാണ് 20 ലക്ഷത്തിലധികം ആളുകൾ ഇന്ന് സ്വന്തം വീടെന്ന അഭിമാനത്തോടെ കഴിയുന്നതെന്നും സിപിഎം ഓർമ്മിപ്പിച്ചു. ഇത്തരം വീടുകളിൽ ബ്രാൻഡിംഗും ചാപ്പകുത്തലും അടിച്ചേൽപ്പിക്കാൻ ശ്രമിച്ച് കേന്ദ്ര സർക്കാരും ബിജെപിയുമാണ് ലൈഫ് മിഷനെ അട്ടിമറിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നത്. അതിന്റെ നേരിട്ടുള്ള തുടർച്ചയായി പദ്ധതി തന്നെ പൂർണ്ണമായി ഇല്ലാതാക്കാനാണ് ഇപ്പോൾ യുഡിഎഫ് രംഗത്തിറങ്ങിയിരിക്കുന്നതെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ലൈഫ് മിഷനൊപ്പം ഹരിതകേരള മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്ര കേരള മിഷൻ തുടങ്ങിയ ജനപ്രിയ പദ്ധതികളും പരിച്ചുവിടുമെന്ന പ്രഖ്യാപനം യുഡിഎഫിന്റെ കപട രാഷ്ട്രീയത്തിന്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവും ഉയർന്ന തുക (ജനറൽ വിഭാഗത്തിന് 4 ലക്ഷവും പട്ടികവർഗ്ഗ മേഖലയിൽ 6 ലക്ഷവും) ഗുണഭോക്താക്കൾക്ക് നൽകിയ സംസ്ഥാനം കേരളമാണ്. നാടിന്റെ വികസന മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്ന ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും പാർട്ടി വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
