ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുത്: സുപ്രീം കോടതി
രാജ്യത്ത് ഇൻഷുറൻസ് കാലാവധി കഴിഞ്ഞതോ ഇൻഷുറൻസ് എടുക്കാത്തതോ ആയ വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെയാണ് ഉയർന്ന അപകടസാധ്യതകൾ ഒഴിവാക്കാൻ കോടതിയുടെ

രാജ്യത്ത് ഇൻഷുറൻസ് കാലാവധി കഴിഞ്ഞതോ ഇൻഷുറൻസ് എടുക്കാത്തതോ ആയ വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത് സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെയാണ് ഉയർന്ന അപകടസാധ്യതകൾ ഒഴിവാക്കാൻ കോടതിയുടെ നിർണായക ഇടപെടൽ. പൈലറ്റ് പ്രൊജക്റ്റായി പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കാനാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഇതിനായി ഇൻഷുറൻസ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) കേന്ദ്ര ഗതാഗത മന്ത്രാലയവും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി, പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിശോധിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. നാഷണൽ ഇൻഷുറൻസ് കമ്പനി സമർപ്പിച്ച ഹരജിയിൽ റോഡ് സുരക്ഷയും വാഹന ഇൻഷുറൻസുമായി ബന്ധപ്പെട്ട വിശാലമായ വിഷയങ്ങൾ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതുവരെ ഇന്ധനം നിഷേധിക്കുന്ന നടപടി വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ നിർദേശത്തിലൂടെ ഇരട്ട നേട്ടങ്ങളാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നത്. കൃത്യമായ ഇൻഷുറൻസോ രജിസ്ട്രേഷനോ ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. കൂടാതെ, ഇന്ധനം ലഭിക്കില്ലെന്ന അവസ്ഥ വരുന്നത് വാഹന ഉടമകളെ കൃത്യസമയത്ത് തന്നെ ഇൻഷുറൻസ് പുതുക്കാൻ പ്രേരിപ്പിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈവേകളിലും പ്രധാന റോഡുകളിലുമുള്ള ANPR (ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ) ക്യാമറകളെ ‘വാഹൻ’ (VAHAN) പോർട്ടലുമായി ബന്ധിപ്പിച്ച്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്തി പിഴ ഈടാക്കണമെന്നും നിർദേശമുണ്ട്.
ഇന്ത്യൻ നിരത്തുകളിൽ സർവീസ് നടത്തുന്ന വാഹനങ്ങളിൽ 56 ശതമാനത്തോളവും യാതൊരുവിധ ഇൻഷുറൻസ് പരിരക്ഷയുമില്ലാതെയാണ് ഓടുന്നതെന്ന പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ ഇടപെടൽ. ഇൻഷുറൻസ് രേഖകൾ തത്സമയം പരിശോധിക്കാൻ ട്രാഫിക് പൊലീസിന് അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ഹാൻഡ്‌ഹെൽഡ് മെഷീനുകളും ലഭ്യമാക്കണമെന്നും നിർദേശമുണ്ട്. നിയമലംഘനങ്ങൾ തടയാൻ സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സർക്കാരിനോടും കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
