Skip to content
Kerala

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്: തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

W

web desk

Published on: 18 Nov 2026, 9:19 am

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്: തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പാർട്ടി നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്തെ ഇൻഫെർട്ടിലിറ്റി ആശുപത്രി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. ആശുപത്രിക്കെതിരെ വ്യാജവാർത്ത ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

ഇൻഫെർട്ടിലിറ്റി ക്ലിനിക്കിനെതിരെ 'ചങ്ങാതിക്കൂട്ടം' എന്ന സോഷ്യൽ മീഡിയ പേജിൽ സുഹൈൽ ഷാജഹാൻ നേരത്തെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ നീക്കം ചെയ്യുന്നതിനായി സ്ഥാപന ഉടമയോട് ഇയാൾ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഡോക്ടർ ഇതിന് വഴങ്ങാൻ തയ്യാറായില്ല. തുടർന്ന് മാധ്യമങ്ങളിൽ വാർത്ത നൽകുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തൽ തുടർന്നതോടെ ആശുപത്രി ഉടമ പേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് പൊലീസിന്റെ നിർദേശപ്രകാരം പണം നൽകാമെന്നും ആശുപത്രിയിലേക്ക് വരാനും സുഹൈൽ ഷാജഹാനോട് ഉടമ ആവശ്യപ്പെട്ടു. അതനുസരിച്ച് ഇന്നലെ രാവിലെ 11 മണിയോടെ ആശുപത്രിയിൽ എത്തിയപ്പോൾ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഡോക്ടറെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ വാങ്ങുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നിരുന്നു.

രാഷ്ട്രീയ വിവാദമായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയാണ് സുഹൈൽ ഷാജഹാൻ. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ പിന്നീട് ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി കേരളത്തിൽ എത്തിക്കുകയായിരുന്നു. ആ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടയിലാണ് നിലവിൽ പുതിയ സാമ്പത്തിക തട്ടിപ്പ് കേസിലും ഇയാൾ അറസ്റ്റിലായിരിക്കുന്നത്.

Related Stories