Skip to content
Kerala

‘പൂമ്പാറ്റകള്‍ പറക്കേണ്ടത് ദുര്‍ഗന്ധം വമിക്കുന്ന ശൗചാലയങ്ങളിലോ?’; കണ്ണടച്ചിരിക്കുന്ന മന്ത്രി അറിയാന്‍, കുന്ദമംഗലം സ്‌കൂളിലെ ദുരവസ്ഥ ചര്‍ച്ചയാകുന്നു

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ‘കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറക്കട്ടെ’ എന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി, കോഴിക്കോട് കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാടുകയറി ഇഴജന്തുക്കള്

N

News Desk

Published on: 12 Aug 2025, 11:17 pm

‘പൂമ്പാറ്റകള്‍ പറക്കേണ്ടത് ദുര്‍ഗന്ധം വമിക്കുന്ന ശൗചാലയങ്ങളിലോ?’; കണ്ണടച്ചിരിക്കുന്ന മന്ത്രി അറിയാന്‍, കുന്ദമംഗലം സ്‌കൂളിലെ ദുരവസ്ഥ ചര്‍ച്ചയാകുന്നു

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ‘കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറക്കട്ടെ’ എന്ന പ്രസ്താവനയെ മുന്‍നിര്‍ത്തി, കോഴിക്കോട് കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശോച്യാവസ്ഥ തുറന്നുകാട്ടി സാമൂഹ്യപ്രവര്‍ത്തകന്‍ ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാടുകയറി ഇഴജന്തുക്കള്‍ക്ക് കയറിയിരിക്കാവുന്ന, ദുര്‍ഗന്ധം വമിക്കുന്ന ശൗചാലയങ്ങളുടെ ചിത്രങ്ങള്‍ സഹിതമാണ് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ള അധികാരികളുടെ അവഗണനയ്‌ക്കെതിരെ അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘ആഘോഷവേളകളില്‍ യൂണിഫോം വേണ്ട, കുഞ്ഞുങ്ങള്‍ പൂമ്പാറ്റകളായി പറക്കട്ടെ’ എന്ന മന്ത്രിയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ഉമേഷ് വള്ളിക്കുന്നിന്റെ കുറിപ്പ് ആരംഭിക്കുന്നത്. തുടര്‍ന്ന്, കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉപയോഗശൂന്യമായ ശൗചാലയങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തു. ഈ വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി, ആരോഗ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ) എന്നിവര്‍ക്ക് പരാതി നല്‍കിയതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടു.

പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ഉമേഷ് കുറ്റപ്പെടുത്തുന്നു. ഡിഡിഇയുടെ ഇടപെടലിനെ തുടര്‍ന്ന് സ്‌കൂളിലെ കാട് വെട്ടിത്തെളിക്കുകയും രണ്ട് ടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തതൊഴിച്ചാല്‍ ശൗചാലയങ്ങളുടെ അടിസ്ഥാനപരമായ ശോച്യാവസ്ഥയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും ഫിറ്റ്‌നസ് നല്‍കിയ സ്‌കൂളാണിതെന്നും അദ്ദേഹം പരിഹസിക്കുന്നു.

നിയമനത്തിന് ലക്ഷങ്ങള്‍ കോഴ വാങ്ങുന്ന മാനേജര്‍ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതുകൊണ്ടാണ് ഇത്തരം വൃത്തികേടുകള്‍ അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുന്നതെന്നും ഉമേഷ് വള്ളിക്കുന്ന് ഗുരുതരമായ ആരോപണം ഉന്നയിക്കുന്നു. ‘കുട്ടികള്‍ കൊല്ലപ്പെട്ടാലോ ആത്മഹത്യ ചെയ്താലോ വിഷയം വൈറലായാലോ മാത്രം പോര സാര്‍ നടപടിയും ഫെയ്‌സ്ബുക്ക് പോസ്റ്റും. അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഇടപെടണം,’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് വൈറലായതോടെ, സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഉമേശ് വള്ളികുന്നിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

Related Stories