Skip to content
Kerala

ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ വാങ്ങി എൽഡിഎഫ് സർക്കാർ, കരാർ പുതുക്കി യുഡിഎഫ് സർക്കാർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

W

web desk

Published on: 9 Nov 2026, 5:00 pm

ഇസ്രായേലി ചാര സോഫ്റ്റ്‌വെയർ വാങ്ങി എൽഡിഎഫ് സർക്കാർ, കരാർ പുതുക്കി യുഡിഎഫ് സർക്കാർ, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇസ്രായേലി കമ്പനിയായ സെല്ലെബ്രൈറ്റിന്റെ (Cellebrite) ഫോൺ-അൺലോക്കിംഗ് സോഫ്റ്റ്‌വെയർ കേരള സർക്കാർ വാങ്ങിയതായി റിപ്പോർട്ട്. സി.പി.ഐ.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2024 സെപ്റ്റംബർ 27-നാണ് ഈ ഡിജിറ്റൽ എക്സ്ട്രാക്ഷൻ സോഫ്റ്റ്‌വെയർ ആദ്യമായി വാങ്ങിയത്. തിരുവനന്തപുരം ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ടെൻഡർ രേഖകൾ ഉദ്ധരിച്ച് 'മീഡിയവൺ' ആണ് ഈ വിവരം പുറത്തുവിട്ടത്. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്.

സ്മാർട്ട്‌ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും പാസ്‌വേഡുകളും സുരക്ഷാ പ്രോട്ടോക്കോളുകളും മറികടന്ന് ഡാറ്റ ചോർത്തി എടുക്കാൻ ശേഷിയുള്ളതാണ് സെല്ലെബ്രൈറ്റ് സാങ്കേതികവിദ്യ. ഗാസയിലും വെസ്റ്റ് ബാങ്കിലും പലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ സൈന്യം ഈ ടൂൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്നും, കസ്റ്റഡിയിലെടുത്ത ആയിരക്കണക്കിന് ആളുകളുടെ ഫോൺ വിവരങ്ങൾ ഇതിലൂടെ ഊറ്റിയെടുത്തിട്ടുണ്ടെന്നും അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റിയുടെ (AFSC) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) നടത്തിയ അന്വേഷണത്തിലാണ് കേരള ആഭ്യന്തര വകുപ്പ് അലിബി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് വഴി സെല്ലെബ്രൈറ്റ് സോഫ്റ്റ്‌വെയർ വാങ്ങുന്നതിനായി 99.99 ലക്ഷം രൂപയുടെ കരാറിലേർപ്പെട്ട വിവരം പുറത്തുവന്നത്. കേരളത്തിന് പുറമേ കർണാടകം, ഹിമാചൽ പ്രദേശ് എന്നീ കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനങ്ങളും ദേശീയ അന്വേഷണ ഏജൻസിയായ (എൻ.ഐ.എ) അടക്കമുള്ള കേന്ദ്ര ഏജൻസികളും ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയറുകൾ വാങ്ങിയിട്ടുണ്ടെന്ന് ഐ.എഫ്.എഫ് കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് വന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരും ഈ കരാർ ഈ വർഷം ജൂലൈ മാസത്തിൽ പുതുക്കിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേൽ സൈന്യവുമായി അടുത്ത ബന്ധമുള്ളതും മനുഷ്യാവകാശ ലംഘനങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നതുമായ ഇസ്രായേലി ടൂളുകൾ സർക്കാരുകൾ തന്നെ ഔദ്യോഗികമായി വാങ്ങുകയും പുതുക്കുകയും ചെയ്യുന്നത് രാഷ്ട്രീയപരമായും സാങ്കേതികപരമായും വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.

Related Stories