ചരിത്രം ആവർത്തിക്കുന്നു; നഫീസത്ത് ബീവിയുടെ കസേരയിലേക്ക് 66 വർഷങ്ങൾക്ക് ശേഷം ഷാനിമോൾ ഉസ്മാൻ
കേരള രാഷ്ട്രീയത്തിൽ ചരിത്രം കറങ്ങിത്തിരിഞ്ഞ് വരുമ്പോൾ അപൂർവ്വമായൊരു നിയോഗത്തിന് സാക്ഷിയാകുകയാണ് പതിനഞ്ചാം കേരള നിയമസഭ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഡപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ചുമതലയേൽക്കുമ്പോൾ, അത് 66 വർഷങ്ങൾക്ക് മുൻപ് ഇതേ പദവിയിലിരുന്ന അഡ്വ. എ. നഫീസത്ത് ബീവിയെന്ന പ്രഗത്ഭ വ

കേരള രാഷ്ട്രീയത്തിൽ ചരിത്രം കറങ്ങിത്തിരിഞ്ഞ് വരുമ്പോൾ അപൂർവ്വമായൊരു നിയോഗത്തിന് സാക്ഷിയാകുകയാണ് പതിനഞ്ചാം കേരള നിയമസഭ. പുതിയ യു.ഡി.എഫ് സർക്കാരിന്റെ ഡപ്യൂട്ടി സ്പീക്കറായി കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ ചുമതലയേൽക്കുമ്പോൾ, അത് 66 വർഷങ്ങൾക്ക് മുൻപ് ഇതേ പദവിയിലിരുന്ന അഡ്വ. എ. നഫീസത്ത് ബീവിയെന്ന പ്രഗത്ഭ വനിതയ്ക്കുള്ള കാലത്തിന്റെ കാവ്യനീതി കൂടിയായി മാറുന്നു. നഫീസത്ത് ബീവിക്ക് ശേഷം കോൺഗ്രസിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ മുസ്ലിം വനിതയെന്ന റെക്കോർഡും ഇനി ഷാനിമോൾ ഉസ്മാന് സ്വന്തമാകും.
പദവിയിലെ സാമ്യത മാത്രമല്ല, ഇരു നേതാക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. അടിയുറച്ച കോൺഗ്രസ് പാരമ്പര്യമുള്ള ഇരു നേതാക്കളും ജനിച്ചതും വളർന്നതും സജീവ രാഷ്ട്രീയം നയിച്ചതും ആലപ്പുഴ ജില്ലയിൽ നിന്നാണെന്നത് ഈ ചരിത്ര നിയോഗത്തിന്റെ ഭംഗി കൂട്ടുന്നു. 1960-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നാണ് നഫീസത്ത് ബീവി നിയമസഭയിലെത്തിയത്. പ്രായോഗികമായി തൊട്ടടുത്ത മണ്ഡലമായ അരൂരിൽ നിന്നാണ് പിൻഗാമിയായ ഷാനിമോൾ ഉസ്മാൻ ഇത്തവണ നിയമസഭയിലെത്തുന്നത്.
സംഘടനാരംഗത്തും ഇരുവരുടെയും പാതകൾ സമാനമായിരുന്നു. നഫീസത്ത് ബീവി കെ.പി.സി.സി, എ.ഐ.സി.സി അംഗമായിരുന്നതിനൊപ്പം ഒരിക്കൽ ലോക്സഭയിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കേരള വനിതാ കമ്മീഷൻ അംഗമായും അവർ സേവനമനുഷ്ഠിച്ചു. ഷാനിമോൾ ഉസ്മാനും എ.ഐ.സി.സി, കെ.പി.സി.സി ഭാരവാഹിത്വങ്ങൾ വഹിച്ച വ്യക്തിയാണ്. ഇരുവരും നിയമബിരുദധാരികളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രായം കൊണ്ട് അവശയായപ്പോഴും കെ.പി.സി.സി ഓഫീസിലെ നിത്യസാന്നിധ്യമായിരുന്ന നഫീസത്ത് ബീവി 2015 മേയ് 11-നാണ് അന്തരിച്ചത്. തിരുവനന്തപുരം പാളയം ജുമാമസ്ജിദിലാണ് അവർ അന്ത്യവിശ്രമം കൊള്ളുന്നത്.
നാഥനില്ലാതായ സഭയെ നയിച്ച വലിയ രാഷ്ട്രീയ പാരമ്പര്യമാണ് നഫീസത്ത് ബീവിക്കുള്ളത്. 1960 മാർച്ച് 10 മുതൽ 1964 സെപ്റ്റംബർ 10 വരെയായിരുന്നു അവരുടെ ഡപ്യൂട്ടി സ്പീക്കർ കാലാവധി. കെ.എം.സീതിസാഹിബ്, സി.എച്ച്.മുحمد കോയ എന്നീ പ്രഗത്ഭരായ സ്പീക്കർമാർക്കൊപ്പം പ്രവർത്തിക്കാൻ അവർക്ക് കഴിഞ്ഞു. സീതിസാഹിബിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷവും, പിന്നീട് മുസ്ലിം ലീഗ് മുന്നണി വിട്ടതിനെ തുടർന്ന് സി.എച്ച്. മുഹമ്മദ് കോയ രാജിവെച്ചപ്പോഴും സഭയെ മുന്നോട്ട് നയിക്കാനുള്ള വലിയ ഉത്തരവാദിത്തം ഡപ്യൂട്ടി സ്പീക്കറായിരുന്ന നഫീസത്ത് ബീവി ഭംഗിയായി നിർവ്വഹിച്ചിരുന്നു.
കേരള നിയമസഭയുടെ ചരിത്രത്തിൽ ഡപ്യൂട്ടി സ്പീക്കർ പദവി അലങ്കരിക്കുന്ന നാലാമത്തെ വനിതയാണ് ഷാനിമോൾ ഉസ്മാൻ. 1957-ൽ ആദ്യ നിയമസഭയുടെ ഡപ്യൂട്ടി സ്പീക്കറായ കായംകുളത്തു നിന്നുള്ള കെ.ഒ. ആയിഷാഭായ് (അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി), 1960-ൽ പദവിയിലെത്തിയ അഡ്വ. എ. നഫീസത്ത് ബീവി (കോൺഗ്രസ്), 1987-ൽ കിളിമാനൂരിൽ നിന്ന് സഭയിലെത്തിയ ഭാർഗവി തങ്കപ്പൻ (സി.പി.ഐ) എന്നിവരാണ് ഷാനിമോളുടെ മുൻഗാമികൾ. ചരിത്രത്തിൽ ഇടംപിടിക്കുന്ന പുതിയ പദവിയിലൂടെ സഭയുടെ അന്തസ്സും ആഭിജാത്യവും കാത്തുസൂക്ഷിക്കാൻ ഷാനിമോൾ ഉസ്മാന് കഴിയട്ടെ എന്ന് രാഷ്ട്രീയ കേരളം ആശംസിക്കുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
