Skip to content
Kerala

സതീശന്‍ മുഖ്യമന്ത്രിയായി, നാല്‌വരി പ്രതികരണവുമായി ഷാഫി പറമ്പില്‍

വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യു.ഡി.എഫിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നാണ് അദ്ദേഹം കുറിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ കെ.സി

N

News Desk

Published on: 14 May 2026, 1:29 pm

സതീശന്‍ മുഖ്യമന്ത്രിയായി, നാല്‌വരി പ്രതികരണവുമായി ഷാഫി പറമ്പില്‍

വി.ഡി. സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി രംഗത്തെത്തി. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യു.ഡി.എഫിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നാണ് അദ്ദേഹം കുറിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിനെ പിന്തുണച്ചു എന്നാരോപിച്ച് സൈബർ ഇടങ്ങളിൽ ഷാഫി പറമ്പിലിനെതിരെ ഒരു വിഭാഗം രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു.

അതേസമയം, പാർട്ടിയേക്കാൾ വലുതല്ല മറ്റൊന്നും എന്ന നിലപാടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്വീകരിച്ചത്. ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്നും വി.ഡി. സതീശനും പുതിയ സർക്കാരിനും തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും നേതൃത്വം എല്ലാ വശങ്ങളും ചിന്തിച്ചാണ് ഇത്തരമൊരു തീരുമാനത്തിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താനൊരു അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിയും ജനങ്ങളുമാണ് വലുതെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു. തന്നെ പിന്തുണച്ചവരും ഹൈക്കമാൻഡ് തീരുമാനത്തിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തന്നെ വ്യക്തിപരമായി ആക്ഷേപിക്കുന്നവർക്ക് അത് തുടരാമെന്നും അതെല്ലാം സഹിക്കാൻ തയ്യാറാണെന്നും പറഞ്ഞ അദ്ദേഹം, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ഭരണമാകും കേരളത്തിലുണ്ടാകുക എന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

പതിറ്റാണ്ടുകൾക്ക് ശേഷം കോൺഗ്രസിന് ഇത്രയും വലിയൊരു വിജയം നേടിക്കൊടുക്കുന്നതിൽ സതീശൻ വഹിച്ച പങ്ക് വളരെ വലുതാണെന്ന് പാർട്ടി വിലയിരുത്തുന്നു. ഘടകകക്ഷികളുടെ സമ്മർദ്ദത്തിന് ഹൈക്കമാൻഡ് വഴങ്ങിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും, എല്ലാവരെയും വിശ്വാസത്തിലെടുത്താണ് തീരുമാനം എടുത്തതെന്ന് എ.ഐ.സി.സി വൃത്തങ്ങൾ സൂചിപ്പിച്ചു. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഐക്യം കൂടുതൽ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.

Related Stories