Skip to content
Kerala

കാന്തപുരത്തിന്‍റെ സർക്കുലർ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതും, രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐയും

കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ അങ്ങേയറ്റം അപലപനീയവും ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേരാത്തതുമാണെന്ന് എസ്.എഫ്.ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പരാമർശങ്ങൾ തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്നും, സമസ്തയുടെ ഇത്തരം പി

N

News Desk

Published on: 30 Aug 2026, 1:22 pm

കാന്തപുരത്തിന്‍റെ സർക്കുലർ സ്ത്രീവിരുദ്ധവും ജനാധിപത്യ സമൂഹത്തിന് യോജിക്കാത്തതും, രൂക്ഷ വിമർശനവുമായി എസ്.എഫ്.ഐയും

കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലർ അങ്ങേയറ്റം അപലപനീയവും ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും ചേരാത്തതുമാണെന്ന് എസ്.എഫ്.ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പരാമർശങ്ങൾ തികഞ്ഞ സ്ത്രീവിരുദ്ധതയാണെന്നും, സമസ്തയുടെ ഇത്തരം പിന്തിരിപ്പൻ നിലപാടുകൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്തവാനയിലൂടെ വിമർശിച്ചു.

വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങിയ സമസ്ത മേഖലകളിലും സ്ത്രീകൾ പ്രഗത്ഭരായി മുന്നേറുകയും ലോകത്തെയും രാജ്യത്തെയും തന്നെ നയിക്കുകയും ചെയ്യുന്ന കാലമാണിത്. നിരവധിയായ മുസ്ലിം വനിതകൾ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് ചരിത്രം സൃഷ്ടിക്കുമ്പോൾ, സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികൾ തികച്ചും അസഹിഷ്ണുത നിറഞ്ഞതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ല.

ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും നേരേയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ഒരുപോലെ ബാധകമാണ്. വിശ്വാസത്തിന്റെ പേരിൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും നീതീകരിക്കാനാകില്ലെന്നും ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും വേണ്ടി നിലകൊണ്ട കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധമായ ഈ സർക്കുലർ ഉടൻ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം ആശയങ്ങളെ തള്ളിക്കളയാനും ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ ആഹ്വാനം ചെയ്തു.

Related Stories