Skip to content
Kerala

യുഡിഎഫിന് എട്ടിന്റെ പണി, മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുന്ന മഞ്ചേശ്വരത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എസ്ഡിപിഐ ജില്ലാ കൗൺസിൽ അംഗം കെ.എം. അഷ്‌റഫ്‌ ആണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. തിങ്കളാഴ്ച അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. എസ്ഡിപിഐയുടെ ഈ അപ്രതീക്ഷിത നീക്ക

N

News Desk

Published on: 22 Mar 2026, 7:12 pm

യുഡിഎഫിന് എട്ടിന്റെ പണി, മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ

നിയമസഭാ തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടക്കുന്ന മഞ്ചേശ്വരത്ത് രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് എസ്ഡിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എസ്ഡിപിഐ ജില്ലാ കൗൺസിൽ അംഗം കെ.എം. അഷ്‌റഫ്‌ ആണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. തിങ്കളാഴ്ച അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും. എസ്ഡിപിഐയുടെ ഈ അപ്രതീക്ഷിത നീക്കം യുഡിഎഫിന്റെ ഉറക്കം കെടുത്തുമ്പോൾ, മണ്ഡലത്തിൽ താമര വിരിയിക്കാനുള്ള സുവർണ്ണാവസരമായാണ് ബിജെപി ഇതിനെ കാണുന്നത്.

നിർണ്ണായകമായ വോട്ടുവിഹിതം

മഞ്ചേശ്വരത്ത് പതിനായിരത്തോളം വോട്ടുകൾ തങ്ങൾക്കുണ്ടെന്നാണ് എസ്ഡിപിഐ അവകാശപ്പെടുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ചിരുന്ന ഇവർ ഇത്തവണ സ്വന്തം സ്ഥാനാർത്ഥിയെ ഇറക്കുന്നത് വോട്ട് ഭിന്നതയ്ക്ക് കാരണമാകും. നേരിയ ഭൂരിപക്ഷത്തിന് വിജയപരാജയങ്ങൾ നിശ്ചയിക്കപ്പെടുന്ന മഞ്ചേശ്വരത്ത് ഈ വോട്ടുകൾ വലിയ സ്വാധീനം ചെലുത്തും.

  • 2021-ൽ: യുഡിഎഫിന്റെ എ.കെ.എം. അഷ്‌റഫ് ബിജെപിയുടെ കെ. സുരേന്ദ്രനെ തോൽപ്പിച്ചത് വെറും 745 വോട്ടുകൾക്ക്.

  • 2016-ൽ: യുഡിഎഫിലെ പി.ബി. അബ്ദുൽ റസാഖിന്റെ ഭൂരിപക്ഷം വെറും 89 വോട്ടുകൾ മാത്രമായിരുന്നു.

ഈ സാഹചര്യത്തിൽ 6,500 മുതൽ 11,000 വരെ വോട്ടുകൾ ലക്ഷ്യമിട്ട് എസ്ഡിപിഐ രംഗത്തിറങ്ങുന്നത് യുഡിഎഫ് വോട്ടുകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

ആത്മവിശ്വാസത്തിൽ ബിജെപി

ന്യൂനപക്ഷ വോട്ടുകളിലുണ്ടാകുന്ന വിള്ളൽ മണ്ഡലം പിടിച്ചെടുക്കാൻ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി ക്യാമ്പ്. ഇത്തവണ അതിർത്തി പ്രദേശങ്ങളിൽ ഏകദേശം 4,600 പുതിയ വോട്ടർമാരെ ബിജെപി ക്യാമ്പ് ചേർത്തിട്ടുണ്ട്. കന്നഡ, തുളു ഭാഷ സംസാരിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനവും കർണാടകയുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ ശക്തമായ വേരോട്ടവും കെ. സുരേന്ദ്രന് ഇത്തവണ വലിയ വിജയപ്രതീക്ഷ നൽകുന്നു.

അട്ടിമറി ലക്ഷ്യമിട്ട് എൽഡിഎഫ്

മറ്റൊരു വശത്ത്, നാട്ടുകാരൻ കൂടിയായ കെ.ആർ. ജയാനന്ദനെ രംഗത്തിറക്കിയ എൽഡിഎഫ് ഇത്തവണ വലിയ അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. മണ്ഡലത്തിലെ നിർണ്ണായകമായ ക്രൈസ്തവ വോട്ടുകളും ഭാഷാ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗവും മുസ്ലിം വോട്ടുകളിൽ ഒരു പങ്കും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. എസ്ഡിപിഐയുടെ സാന്നിധ്യം യുഡിഎഫ് വോട്ടുകളിൽ ചോർച്ചയുണ്ടാക്കിയാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

ത്രികോണ പോരാട്ടം മുറുകുന്ന മഞ്ചേശ്വരത്ത് എസ്ഡിപിഐയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം ആർക്ക് തുണയാകുമെന്ന ആകാംക്ഷയിലാണ് കേരളം.

Related Stories