Skip to content
Kerala

'സാംസ്കാരിക നായിക എന്ന തെറിവാക്കിൽ നിന്നും ഒഴിവാക്കണം, ഞാൻ ഒന്നിന്റെയും നായികയല്ല'; സാറാ ജോസഫ്

ഇന്ന് സമൂഹത്തിൽ 'സാംസ്കാരിക നായിക' എന്ന വാക്ക് ഒരു തെറിവാക്ക് പോലെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് സാറാ ജോസഫ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ മാധ്യമസുഹൃത്തുക്കളെങ്കിലും തന്നെ അങ്ങനെ വിശേഷിപ്പിക്കരുതെന്നും, താൻ ഒന്നിന്റെയും നായികയല്ല, മറിച്ച് വെറുമൊരു എഴുത്തുകാരി മാത്രമാണെന്നും അവർ വ്യക്തമാക്കി.

W

web desk

Published on: 13 Nov 2026, 3:23 pm

'സാംസ്കാരിക നായിക എന്ന തെറിവാക്കിൽ നിന്നും ഒഴിവാക്കണം, ഞാൻ ഒന്നിന്റെയും നായികയല്ല'; സാറാ ജോസഫ്

സാംസ്കാരിക നായിക' എന്ന വിശേഷണത്തിൽ നിന്നും തന്നെ പൂർണ്ണമായും ഒഴിവാക്കണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. താൻ ഒരിക്കലും സ്വയം സ്വീകരിച്ചിട്ടില്ലാത്തതും, എന്നാൽ തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതുമായ ഈ വിളിയിൽ നിന്ന് ഒഴിവാക്കിത്തരണമെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അവർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് സമൂഹത്തിൽ 'സാംസ്കാരിക നായിക' എന്ന വാക്ക് ഒരു തെറിവാക്ക് പോലെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് സാറാ ജോസഫ് ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ മാധ്യമസുഹൃത്തുക്കളെങ്കിലും തന്നെ അങ്ങനെ വിശേഷിപ്പിക്കരുതെന്നും, താൻ ഒന്നിന്റെയും നായികയല്ല, മറിച്ച് വെറുമൊരു എഴുത്തുകാരി മാത്രമാണെന്നും അവർ വ്യക്തമാക്കി.

ഒരു സാധാരണ സാമൂഹിക ജീവി എന്ന നിലയിൽ തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളിൽ ഉറക്കെ പ്രതികരിക്കാറുണ്ടെന്ന് എഴുത്തുകാരി പറയുന്നു. കൂട്ടൊപ്പിടീക്കൽ പ്രസ്ഥാനക്കാർ കൊണ്ടുവരുന്ന പ്രസ്താവനകളിൽ, തനിക്ക് ശരിയെന്ന് ബോധ്യപ്പെടുന്ന വിഷയങ്ങളിൽ മാത്രമാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒപ്പിടാറുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

സമകാലിക വിഷയങ്ങളിലെ പ്രതികരണങ്ങളുടെ പേരിൽ എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും പരിഹസിക്കാനും 'സാംസ്കാരിക നായകൻ/നായിക' എന്ന് വിളിച്ച് അധിക്ഷേപിക്കാനുമുള്ള പ്രവണതകൾ സമൂഹമാധ്യമങ്ങളിൽ ശക്തമാകുന്നതിനിടെയാണ് സാറാ ജോസഫിന്റെ ഈ ശ്രദ്ധേയമായ പ്രതികരണം.

Related Stories