Skip to content
Kerala

എ.പിയെ പിന്തുണച്ച ‘ശജറ’കള്‍ക്കെതിരെ സമസ്ത അണികളില്‍ കടുത്ത അമര്‍ഷം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പഴയകാല വാദങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ സമസ്ത ഇ.കെ. വിഭാഗം നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും നടത്തിയ പ്രസ്താവനകള്‍ക്കെതിരെ സമസ്ത കടുത്ത പ്രതിഷേധം പുകയുന്നു. 1989-ലെ സമസ്തയിലെ പിളര്‍പ്പ് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ

N

News Desk

Published on: 26 Jun 2026, 11:19 am

എ.പിയെ പിന്തുണച്ച ‘ശജറ’കള്‍ക്കെതിരെ സമസ്ത അണികളില്‍ കടുത്ത അമര്‍ഷം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പഴയകാല വാദങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ സമസ്ത ഇ.കെ. വിഭാഗം നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും മുസ്തഫ മുണ്ടുപാറയും നടത്തിയ പ്രസ്താവനകള്‍ക്കെതിരെ സമസ്ത കടുത്ത പ്രതിഷേധം പുകയുന്നു. 1989-ലെ സമസ്തയിലെ പിളര്‍പ്പ് ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ ശരിവെച്ചുകൊണ്ട് അമ്പലക്കടവ് ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളാണ് അണികളെ ചൊടിപ്പിച്ചത്.

പതിറ്റാണ്ടുകളോളം പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട അണികളെ വഞ്ചിക്കുന്ന നിലപാടാണ് സമസ്തയിലെ ശജറ വിഭാഗം നേതാക്കള്‍ സ്വീകരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്ന പ്രധാന വിമര്‍ശനം.

നീണ്ട അഞ്ച് പതിറ്റാണ്ടുകാലം സമസ്തയെ അജയ്യമായി നയിച്ച ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ കര്‍ക്കശമായ നിലപാടുകളെയും വ്യക്തിത്വത്തെയും അപമാനിക്കുന്നതാണ് പുതിയ ‘ഐക്യ’ വാദങ്ങളെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. ശംസുല്‍ ഉലമ എടുത്ത തീരുമാനങ്ങള്‍ ഏതെങ്കിലും ബാഹ്യശക്തികളുടെ സ്വാധീനത്തിന് വഴങ്ങിയായിരുന്നു എന്ന് ചിത്രീകരിക്കുന്നത് ചരിത്രത്തോടും ആ വലിയ പണ്ഡിതനോടും ചെയ്യുന്ന വലിയ അനീതിയാണ്. ദീനിനേക്കാളും ആദര്‍ശത്തേക്കാളും വലുത് സംഘടനയുടെ അധികാരക്കസേരകളാണെന്ന ബോധം വരുമ്പോഴാണ് നേതാക്കള്‍ ഇത്തരത്തില്‍ ചരിത്രവിരുദ്ധമായ മലക്കംമറിച്ചിലുകള്‍ക്ക് മുതിരുന്നതെന്ന് അണികള്‍ രോഷം കൊള്ളുന്നു.

‘തിരുകേശ വിവാദം’ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാന്തപുരത്തെ വേദി തോറും ‘വ്യാജന്‍’ എന്ന് വിളിച്ച് ആക്ഷേപിക്കുകയും പുസ്തകങ്ങളെഴുതുകയും ചെയ്ത അമ്പലക്കടവ് തന്നെ ഇപ്പോള്‍ കരണം മറിയുന്നത് അണികളില്‍ കടുത്ത നിരാശയാണുണ്ടാക്കുന്നത്. മുന്‍കാലങ്ങളില്‍ കാന്തപുരം വിഭാഗത്തിനെതിരെ കടുത്ത ഫത്വകള്‍ ഇറക്കാന്‍ മുന്‍കൈ എടുത്തവര്‍, അന്ന് വേട്ടയാടിയത് ഒരു നിരപരാധിയെയായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് അണികള്‍ ആവശ്യപ്പെടുന്നു. കാന്തപുരത്തിന്റെ കുത്തിത്തിരിപ്പും ലീഗ് വിരോധവുമാണ് പിളര്‍പ്പിന് കാരണമെന്ന് ആയിരം വേദിയില്‍ പ്രസംഗിച്ചവര്‍ ഇന്ന് മറ്റൊരു ചേരിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി സ്വന്തം ചരിത്രത്തെ തള്ളിപ്പറയുകയാണെന്നും വിമര്‍ശനമുണ്ട്.

സമസ്തയെയും അതിന്റെ ഉപസംഘടനകളെയും തകര്‍ക്കാന്‍ ശ്രമിച്ച ആ ‘ബാഹ്യശക്തികള്‍’ ആരാണെന്ന് തുറന്നുപറയാന്‍ ഈ ശജറ വിഭാഗം നേതാക്കള്‍ തയ്യാറാകുമോ എന്നാണ് അണികള്‍ ചോദിക്കുന്ന പ്രധാന ചോദ്യം. സ്വന്തം സൗകര്യത്തിനനുസരിച്ച് ചരിത്രത്തെ തിരുത്തിയെഴുതാന്‍ ശ്രമിക്കുന്ന നേതാക്കള്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളില്‍ സമസ്തയുടെ ആഭ്യന്തര വേദിയില്‍ ഈ വിഷയം വലിയ തര്‍ക്കങ്ങള്‍ക്കും ചേരിതിരിവുകള്‍ക്കും വഴിവെക്കുമെന്നാണ് സൂചനകള്‍ നല്‍കുന്നത്.

Related Stories