Skip to content
Kerala

മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാം; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള വിമർശനത്തിനിടെ മലപ്പുറം, കാസർകോട് ജില്ലകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദമാകുന്നു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാൻ പാടില്ലെന്നും, അങ്ങനെ വന്നാൽ അത് കേരളത്തിൽ വലിയ അപകടങ്ങൾ ഉണ

N

News Desk

Published on: 18 Jan 2026, 6:58 pm

മലപ്പുറത്തും കാസർകോടും ജയിച്ചവരുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം അറിയാം; വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയുള്ള വിമർശനത്തിനിടെ മലപ്പുറം, കാസർകോട് ജില്ലകളെക്കുറിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദമാകുന്നു. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തിൽ ഏത് നേതാവാണെങ്കിലും അപകടകരമായ അഭിപ്രായം പറയാൻ പാടില്ലെന്നും, അങ്ങനെ വന്നാൽ അത് കേരളത്തിൽ വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. വിദ്വേഷ പ്രസ്താവനകൾ കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസർകോട് നഗരസഭയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്ന് മന്ത്രി പറഞ്ഞു. ആർക്കൊക്കെ എവിടെയൊക്കെ ഭൂരിപക്ഷമുണ്ടോ ആ സമുദായത്തിൽപ്പെട്ടവർ മാത്രമാണ് അവിടെ ജയിക്കുന്നതെന്നും, സമുദായത്തിന് ഭൂരിപക്ഷം ഇല്ലാത്തിടത്ത് മറ്റുള്ളവർക്ക് ജയിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് ജയിച്ചുവന്നവരുടെ പേരുകൾ വായിച്ചുനോക്കിയാൽ ഈ സ്ഥിതി ബോധ്യപ്പെടുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

മുസ്‌ലിം ലീഗ് കേരളത്തിൽ ഉണ്ടാക്കുന്ന ധ്രുവീകരണം ആർക്കും മനസ്സിലാകാത്ത ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ലീഗിന്റെ രാഷ്ട്രീയം വർഗീയത വളർത്തുന്നതാണെന്നും ഒരു വിഭാഗത്തെ വർഗീയമായി ചിന്തിപ്പിക്കാൻ അവർ പ്രേരിപ്പിക്കുന്നുവെന്നതും വസ്തുതയാണെന്ന് മന്ത്രി ആരോപിച്ചു. ലീഗിനെതിരെ താൻ പറഞ്ഞത് പാർട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്നും ഇതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതസൗഹാർദ്ദം തകർത്ത് എങ്ങനെയും വോട്ട് പിടിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു. രണ്ട് സമുദായ നേതാക്കളെ വാഹനത്തിൽ കയറ്റിയും ഷാൾ അണിയിച്ചും വിദ്വേഷം കുത്തിനിറച്ച് കയ്യടി നേടാനാണ് സതീശൻ ശ്രമിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്തിയ ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ മതേതര കേരളത്തിന് ഒട്ടും അനുയോജ്യമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഹിന്ദുവും ക്രിസ്ത്യാനിയും മുസൽമാനും ഒരമ്മപ്പെറ്റ മക്കളെപ്പോലെ കഴിയുന്ന നാടാണ് കേരളമെന്ന് സജി ചെറിയാൻ ഓർമ്മിപ്പിച്ചു. എല്ലാവർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കാനും മത്സരിക്കാനും അവകാശമുണ്ട്. എന്നാൽ കേരളത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് തന്റെ പ്രസ്താവന പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Stories