മുസ്ലിം നേതാക്കളുമായി സംവാദവുമായി വീണ്ടും ആര്‍എസ്എസ്, ചര്‍ച്ചയായി ഉമര്‍ ഖാലിദിന്റെ ജാമ്യ നിഷേധം
ന്യൂഡല്‍ഹി: രാജ്യത്ത് ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനെന്ന പേരില്‍ ആര്.എസ്.എസ് നേതാക്കളും മുസ്ലിം സമുദായത്തിലെ പ്രമുഖരും ഡല്‍ഹിയില്‍ സംവാദം നടത്തി. ‘ഇന്റര്‍ ഫെയ്ത്ത് ഹാര്‍മണി ഫൗണ്ടേഷന് ഓഫ് ഇന്ത്യ’യുടെ സ്ഥാപകന്‍ ഖ്വാജ ഇഫ്തിഖര്‍ അഹമ്മദ് സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ് ജോയിന്റ് ജനറല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കുന്നതിനെന്ന പേരില്‍ ആര്.എസ്.എസ് നേതാക്കളും മുസ്ലിം സമുദായത്തിലെ പ്രമുഖരും ഡല്‍ഹിയില്‍ സംവാദം നടത്തി. ‘ഇന്റര്‍ ഫെയ്ത്ത് ഹാര്‍മണി ഫൗണ്ടേഷന് ഓഫ് ഇന്ത്യ’യുടെ സ്ഥാപകന്‍ ഖ്വാജ ഇഫ്തിഖര്‍ അഹമ്മദ് സംഘടിപ്പിച്ച പരിപാടിയില്‍ ആര്.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി കൃഷ്ണ ഗോപാല്‍, സമ്പര്‍ക്ക ചുമതലയുള്ള രാംലാല്‍ എന്നിവരും മുസ്ലിം സമുദായത്തെ പ്രതിനിധീകരിച്ച് മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്, മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറൈശി തുടങ്ങിയവരും പങ്കെടുത്തു. വെറുപ്പിന്റെ രാഷ്ട്രീയവും സമൂഹത്തിലെ തീവ്രനിലപാടുകാരുടെ ഇടപെടലുകളും ചര്‍ച്ചാവിഷയമായി.
ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ യുവതലമുറ ‘ചരിത്രത്തോട് പക വീട്ടണം’ എന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പ്രസംഗത്തില്‍ നജീബ് ജങ് ആശങ്ക രേഖപ്പെടുത്തി. 2020-ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെടുന്നതും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തുന്നതും ഗോസംരക്ഷണത്തിന്റെ പേരിലുള്ള ഗുണ്ടായിസവും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
സമൂഹത്തിലെ തീവ്രഘടകങ്ങള്‍ യഥാര്‍ത്ഥ പ്രശ്നമല്ലെന്നും മറിച്ച് ആഴത്തിലുള്ള സാമൂഹിക രോഗത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണെന്നും ആര്.എസ്.എസ് നേതാവ് കൃഷ്ണ ഗോപാല്‍ പ്രതികരിച്ചു. പ്രകോപനം സൃഷ്ടിക്കുന്നവരെ നേരിടുന്നതിലുപരി പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതത്തേക്കാള്‍ മുകളില്‍ ദേശീയതയെ പ്രതിഷ്ഠിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ പഴയകാല പ്രസംഗത്തെ അദ്ദേഹം പ്രകീര്‍ത്തിക്കുകയും ചെയ്തു.
ഉമര്‍ ഖാലിദിന്റെ ജാമ്യം നിഷേധിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവര്‍ മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിന് സുപ്രീം കോടതി വേഗത്തില്‍ ജാമ്യം നല്‍കിയതിനെക്കുറിച്ച് പറയുന്നില്ലെന്ന് ആര്.എസ്.എസ് നേതാവ് രാംലാല്‍ പറഞ്ഞു. കോടതികള്‍ സര്‍ക്കാരിന്റെ സ്വാധീനത്തിലാണെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ആര്.എസ്.എസ് ബി.ജെ.പിയെ മാത്രമേ പിന്തുണയ്ക്കൂ എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. തങ്ങള്‍ ആരോടും വോട്ട് ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നും ബി.ജെ.പിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്.എസ്.എസിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിനെയും രാംലാല്‍ വിമര്‍ശിച്ചു. ആര്.എസ്.എസിനെ നിരന്തരം അധിക്ഷേപിക്കുന്നത് കൊണ്ടാണ് ബി.ജെ.പിയെ പിന്തുണയ്ക്കേണ്ടി വരുന്നതെന്നും സംഘത്തിന് ബി.ജെ.പി ഒരു നിര്‍ബന്ധിതാവസ്ഥ ആയി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബജ്റംഗ് ദള്‍ പോലുള്ള സംഘടനകള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് സംഘത്തെ പഴിചാരുന്നത് ശരിയല്ലെന്നും കുറ്റവാളികളെ സംഘടന നേരത്തെ തന്നെ പുറത്താക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തെപ്പോലെ തന്നെ ആര്.എസ്.എസും തെറ്റായ പ്രചാരണങ്ങളുടെ ഇരയാണെന്നും അദ്ദേഹം പറഞ്ഞു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
