Skip to content
Kerala

തിരുനാവായയിലെ ‘ജിന്ന് തട്ടിപ്പ്’ സോഷ്യൽ മീഡിയയിൽ വൈറൽ; പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യം

ആത്മീയ ചികിത്സയുടെ മറവിൽ ആളുകളെ പറ്റിച്ച് വൻതോതിൽ പണം തട്ടുന്ന സംഘത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. തിരൂർ-കുറ്റിപ്പുറം റൂട്ടിൽ തിരുനാവായ കൊടയ്ക്കൽ ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്‌ളറ കേന്ദ്രീകരിച്ചാണ് ഇത്തരം ചൂഷണങ്ങൾ നടക്കുന്നതെന്ന് പരാതി ഉയരുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഇവ

N

News Desk

Published on: 9 Sept 2026, 3:18 pm

തിരുനാവായയിലെ ‘ജിന്ന് തട്ടിപ്പ്’ സോഷ്യൽ മീഡിയയിൽ വൈറൽ; പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യം

ആത്മീയ ചികിത്സയുടെ മറവിൽ ആളുകളെ പറ്റിച്ച് വൻതോതിൽ പണം തട്ടുന്ന സംഘത്തിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. തിരൂർ-കുറ്റിപ്പുറം റൂട്ടിൽ തിരുനാവായ കൊടയ്ക്കൽ ബന്ദർകടവിലെ കായൽപട്ടണം ജിന്ന് മഹ്‌ളറ കേന്ദ്രീകരിച്ചാണ് ഇത്തരം ചൂഷണങ്ങൾ നടക്കുന്നതെന്ന് പരാതി ഉയരുന്നത്. മൂവാറ്റുപുഴ സ്വദേശിയായ ഓട്ടോഡ്രൈവറാണ് ഇവിടെ ആത്മീയ നേതാവെന്ന വ്യാജേന ഈ തട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്നത്.

എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ ‘ഖുതുബിയത് മജ്‍ലിസ്’ എന്ന പേരിൽ ഇവിടെ ആത്മീയ സദസ്സുകൾ നടത്തിവരുന്നുണ്ട്. രോഗമുക്തിയും മറ്റും തേടി കേരളത്തിനകത്തും പുറത്തുനിന്നും ആയിരക്കണക്കിന് ആളുകളാണ് ഈ സദസ്സുകളിൽ എത്തിച്ചേരുന്നത്. എന്നാൽ, ഇത്തരത്തിൽ എത്തുന്ന സാധാരണക്കാരായ ആളുകളിൽ നിന്ന് വലിയ തുകയാണ് സംഘം ഈടാക്കുന്നതെന്ന് സംഘാടകർ തന്നെ സമൂഹമാധ്യമങ്ങളിൽ പരസ്യമായി അവകാശപ്പെടുന്നുണ്ട്.

ഈ കേന്ദ്രത്തിൽ നടക്കുന്ന തട്ടിപ്പുകളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനുയായികൾക്ക് ‘മാന്ത്രിക വാഴപ്പഴം’ ലേലം ചെയ്ത് വിൽക്കുന്നതാണ് ഇതിൽ പ്രധാനം. ആയിരം രൂപ വിലയിട്ട ഒരു പഴം ഒടുവിൽ ലേലത്തിലൂടെ 2500 രൂപയ്ക്കാണ് ഒരാൾ വാങ്ങിയത്. തൊലി കളയാതെ തന്നെ ഉള്ളിലെ പഴം കഷ്ണങ്ങളാക്കി മുറിച്ച നിലയിലുള്ള ഈ വാഴപ്പഴം ‘ജിന്ന്’ മുറിച്ചതാണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. എന്നാൽ പഴത്തിനുള്ളിലേക്ക് തയ്യൽ സൂചി കടത്തി ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചാൽ ഇത് എളുപ്പത്തിൽ ചെയ്യാം എന്നതിന്റെ രഹസ്യം പുറത്തുവന്നതോടെ വലിയ പരിഹാസമാണ് സംഘത്തിന് നേരിടേണ്ടി വരുന്നത്.

മൂവാറ്റുപുഴ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്ന ഇയാൾ മുൻപ് പാലക്കാടും കാസർകോടും മർമചികിത്സ കേന്ദ്രങ്ങൾ നടത്തി വിവാദങ്ങളിൽ പെട്ടിരുന്നു. പിന്നീട് മലപ്പുറം ജില്ലയിലെ തിരുനാവായിൽ എത്തി ‘അബ്ബാസ് ജിന്ന്’ എന്ന പേരിൽ ഈ വ്യാജ മന്ത്രവാദ ചികിത്സ വീണ്ടും ആരംഭിക്കുകയായിരുന്നു. കാസർകോട്, കണ്ണൂർ, എറണാകുളം തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തിക്കുന്ന ഈ തട്ടിപ്പ് സംഘത്തിനെതിരെ മതവിശ്വാസങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങൾ തടയാൻ പൊലീസ് കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും ശക്തമായ ആവശ്യം.

Related Stories