Skip to content
Kerala

ജോലി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കാട്ടകാമ്പാല്‍ കോണ്‍ഗ്രസില്‍ കലാപം

പതിറ്റാണ്ടുകളായി കോൺഗ്രസ് നിയന്ത്രിക്കുന്ന കാട്ടകാമ്പാലിലെ സഹകരണ സ്ഥാപനങ്ങളിൽ നേതാക്കൾ വ്യാപകമായി ബന്ധുനിയമനം നടത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് പാർട്ടിയിൽ പൊട്ടിത്തെറി. നേതാക്കളുടെ ഭാര്യമാരും മക്കളും അടുത്ത ബന്ധുക്കളും ജോലി നേടിയപ്പോൾ സാധാരണ പ്രവർത്തകർ തഴയപ്പെട്ടുവെന്ന അമർഷം ശക്തമായതോടെ വലിയൊരു വിഭ

N

News Desk

Published on: 18 Apr 2025, 9:49 am

ജോലി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കാട്ടകാമ്പാല്‍ കോണ്‍ഗ്രസില്‍ കലാപം

പതിറ്റാണ്ടുകളായി കോൺഗ്രസ് നിയന്ത്രിക്കുന്ന കാട്ടകാമ്പാലിലെ സഹകരണ സ്ഥാപനങ്ങളിൽ നേതാക്കൾ വ്യാപകമായി ബന്ധുനിയമനം നടത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് പാർട്ടിയിൽ പൊട്ടിത്തെറി. നേതാക്കളുടെ ഭാര്യമാരും മക്കളും അടുത്ത ബന്ധുക്കളും ജോലി നേടിയപ്പോൾ സാധാരണ പ്രവർത്തകർ തഴയപ്പെട്ടുവെന്ന അമർഷം ശക്തമായതോടെ വലിയൊരു വിഭാഗം പ്രവർത്തകർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇതോടെ, കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്ന കാട്ടകാമ്പാലിൽ പാർട്ടി നാമാവശേഷമാകുന്ന സ്ഥിതിയാണ്.

കാട്ടകാമ്പാല്‍ സർവീസ് സഹകരണ ബാങ്ക്, പഴഞ്ഞി സർവീസ് സഹകരണ ബാങ്ക്, ചിറക്കല്‍ മള്‍ട്ടി പർപസ് സൊസൈറ്റി, ചിറക്കല്‍ ക്ഷീര സഹകരണ സംഘം എന്നിവയാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രധാന സ്ഥാപനങ്ങൾ. 25,000 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന 25-ഓളം ജീവനക്കാരെയാണ് ഈ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും ഐ ഗ്രൂപ്പ് നേതാവ് കെ ജയശങ്കറിന്‍റേയും എ ഗ്രൂപ്പ് നേതാവും പഞ്ചായത്തംഗവുമായ എം എസ് മണികണ്ഠന്‍റേയും ബന്ധുക്കളോ വേണ്ടപ്പെട്ടവരോ ആണെന്ന് പ്രവർത്തകർ ആരോപിക്കുന്നു.

ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്ന കാട്ടകാമ്പാൽ ബാങ്ക് സെക്രട്ടറിയാണ് എം എസ് മണികണ്ഠൻ. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ചിറക്കൽ മൾട്ടി പർപ്പസ് ബാങ്കിലും (ശമ്പളം 35,000 രൂപ), ഡിഗ്രിക്ക് പഠിക്കുന്ന മകന് അടുത്തിടെ ഇതേ കാട്ടകാമ്പാൽ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായും (ശമ്പളം 25,000 രൂപ) നിയമനം നൽകി. മകനെ വൈകാതെ ഉയർന്ന തസ്തികയിൽ നിയമിക്കാനാണ് ഈ നീക്കമെന്നും ആരോപണമുണ്ട്.

ഈ ബാങ്ക് നിയന്ത്രിക്കുന്ന ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ ജയശങ്കറിന്‍റെ ഭാര്യയ്ക്കും (ക്ലാർക്ക്, ശമ്പളം 45,000), സഹോദരനും (സീനിയർ മാനേജർ, ശമ്പളം 60,000) ഇവിടെ ജോലിയുണ്ട്. ഇവരുടെ സഹായിക്കും ഭാര്യക്കും ഇതേ ബാങ്കിൽ ജോലി നൽകിയെന്നും പരാതിയുണ്ട്.

പഴഞ്ഞി സഹകരണ ബാങ്കിന്‍റെ മുൻ പ്രസിഡന്‍റ്, ബിജെപി പ്രവർത്തകനായ മകന്‍റെ ഭാര്യക്ക് ജോലി ഉറപ്പാക്കിയ ശേഷമാണ് പദവി ഒഴിഞ്ഞതെന്നും, നിലവിൽ എസ്എസ്എൽസി യോഗ്യത പോലുമില്ലാത്ത ഒരാൾക്ക് ജോലി നൽകാൻ എം എസ് മണികണ്ഠൻ സമ്മർദ്ദം ചെലുത്തുന്നുവെന്നും പ്രവർത്തകർ പറയുന്നു. ചിറക്കൽ പാൽ സൊസൈറ്റിയിലെ ജീവനക്കാരിലൊരാളും മണികണ്ഠന്‍റെ ബന്ധുവാണ്.

ബാങ്കുകളിലെ ഡയറക്ടർ നിയമനങ്ങളിലും വ്യക്തിതാൽപ്പര്യമാണ് മാനദണ്ഡമാക്കിയതെന്നും, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ അവഗണിച്ചെന്നും പരാതിയുണ്ട്. എറണാകുളത്ത് സ്ഥിരതാമസമാക്കിയ ഒരാളെ വരെ പഴഞ്ഞി ബാങ്കിൽ ഡയറക്ടറാക്കിയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേതാക്കളുടെ താൽപ്പര്യപ്രകാരം ജോലി നേടിയവരാരും പാർട്ടിക്ക് ലെവിയോ സംഭാവനയോ നൽകുന്നില്ലെന്നും പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നില്ലെന്നും പ്രവർത്തകർ പറയുന്നു. ഇത് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ നിഷ്ക്രിയരായി. മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള ശ്രമങ്ങളെപ്പോലും കെ ജയശങ്കറും എം എസ് മണികണ്ഠനും ചേർന്ന് തടസ്സപ്പെടുത്താൻ ശ്രമിച്ചതായും, പട്ടികയിൽ പാർട്ടി ബന്ധമില്ലാത്തവരെ തിരുകിക്കയറ്റാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

കോൺഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്ന കാട്ടകാമ്പാലിൽ നിലവിൽ മണ്ഡലം കമ്മിറ്റി പരിപാടികളിൽ പോലും വിരലിലെണ്ണാവുന്നവർ മാത്രമാണ് എത്തുന്നത്. 40 വയസ്സിൽ താഴെയുള്ള പ്രവർത്തകരെ കാണാനില്ലെന്നും, ഈ സ്ഥിതി തുടർന്നാൽ പഞ്ചായത്ത് ഭരണം പോലും കോൺഗ്രസിന് അന്യമാകുമെന്നും പ്രവർത്തകർ ആശങ്കപ്പെടുന്നു.വടക്കാഞ്ചേരി എംഎല്‍എ യായിരുന്ന കെ എസ് നാരായണന്‍ നമ്പൂതിരുടെ നാടാണ് കാട്ടകാമ്പാല്‍. വിഷയത്തിൽ ആരോപണവിധേയരായ നേതാക്കൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

 

 

Related Stories