Skip to content
Kerala

‘വായ തുറന്നാൽ അബദ്ധം, ഇറങ്ങിപ്പോകണം, സ്വരാജ് സെക്രട്ടറിയാകണം’; എം.വി ഗോവിന്ദനെതിരെ സൈബർ സഖാക്കളുടെ കടുത്ത പ്രതിഷേധം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത പ്രതിഷേധവുമായി പാർട്ടി അണികൾ. പാർട്ടിയെ രക്ഷിക്കാൻ ഗോവിന്ദൻ എത്രയും വേഗം സെക്രട്ടറി സ്ഥാനം രാജിവെച്ച് ഒഴിയണമെന്നാണ് സഖാക്കൾ എന്നവകാശപ്പെടുന്ന നിരവധി പേർ കമന്റ് ബോക്സിൽ ആവശ്യപ്പെടുന്നത്. എ

N

News Desk

Published on: 6 May 2026, 5:04 pm

‘വായ തുറന്നാൽ അബദ്ധം, ഇറങ്ങിപ്പോകണം, സ്വരാജ് സെക്രട്ടറിയാകണം’; എം.വി ഗോവിന്ദനെതിരെ സൈബർ സഖാക്കളുടെ കടുത്ത പ്രതിഷേധം

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കടുത്ത പ്രതിഷേധവുമായി പാർട്ടി അണികൾ. പാർട്ടിയെ രക്ഷിക്കാൻ ഗോവിന്ദൻ എത്രയും വേഗം സെക്രട്ടറി സ്ഥാനം രാജിവെച്ച് ഒഴിയണമെന്നാണ് സഖാക്കൾ എന്നവകാശപ്പെടുന്ന നിരവധി പേർ കമന്റ് ബോക്സിൽ ആവശ്യപ്പെടുന്നത്.

എൽ.ഡി.എഫിന്റെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹം മാറിനിൽക്കണമെന്നും, തിരുത്തലുകൾ മുകളിൽ നിന്ന് തന്നെ തുടങ്ങണമെന്നുമാണ് അണികളുടെ പ്രധാന ആവശ്യം.

എം.വി ഗോവിന്ദന്റെ സംസാരരീതിക്കെതിരെ രൂക്ഷമായ വിമർശനമാണ് സൈബർ ഇടത്തിൽ പാർട്ടി പ്രവർത്തകർ ഉയർത്തുന്നത്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാതെ ‘നവ കോളോണിയൽ അന്തർധാര’, ‘വൈരുധ്യാത്മക ഭൗതികവാദം’ തുടങ്ങിയ സൈദ്ധാന്തിക പദങ്ങൾ ഉപയോഗിക്കുന്നത് നിർത്തണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വായ തുറന്നാൽ അബദ്ധവും പൊട്ടത്തരവും പരിഹാസവും മാത്രം പുറത്തേക്ക് വമിക്കുന്ന ഒരാളാണോ കോടിയേരി ബാലകൃഷ്ണനെപ്പോലുള്ളവർ ഇരുന്ന കസേരയിൽ ഇരിക്കുന്നത് എന്നും അണികൾ ചോദിക്കുന്നുണ്ട്.

നിലവിലെ നേതൃത്വത്തിന് പകരം പുതിയ ആളുകൾ തലപ്പത്ത് വരണമെന്ന ആവശ്യവും പോസ്റ്റിന് താഴെ ശക്തമാണ്. എം. സ്വരാജിനെയോ പി. ജയരാജനെയോ പാർട്ടി സെക്രട്ടറിയാക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അണികൾക്ക് ആവേശവും എതിരാളികൾക്ക് ഭയവും നൽകുന്ന, കൃത്യമായി മറുപടി പറയാൻ കഴിവുള്ള സ്വരാജിനെപ്പോലുള്ളവർ നേതൃത്വത്തിൽ വരണമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മറ്റു നേതാക്കൾ കണ്ണുരുട്ടുമ്പോൾ പേടിക്കുന്ന ആളല്ല, മറിച്ച് അച്ചടക്കം പഠിപ്പിക്കാൻ കഴിവുള്ളയാളാകണം സംസ്ഥാന സെക്രട്ടറി എന്നും കമന്റുകളിൽ വിമർശനമുണ്ട്.

പാർട്ടിയെ രക്ഷിക്കാൻ ഇയാളെ മാറ്റാതെ കഴിയില്ല എന്ന വികാരമാണ് ഭൂരിഭാഗം കമന്റുകളിലും പ്രതിഫലിക്കുന്നത്. എം.വി ഗോവിന്ദൻ രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ലക്ഷക്കണക്കിന് അണികളുണ്ടെന്നും അവരെ നിരാശപ്പെടുത്തരുതെന്നും ഓർമ്മപ്പെടുത്തലുകളുണ്ട്. നടക്കാൻ പോകുന്ന വാർത്താസമ്മേളനം സെക്രട്ടറി സ്ഥാനം ഒഴിയാനുള്ളതാണെങ്കിൽ സന്തോഷമാണെന്നും, ഇത് അദ്ദേഹത്തിന്റെ അവസാനത്തെ പത്രസമ്മേളനം ആകട്ടെ എന്നും വരെ അണികൾ തുറന്നടിക്കുന്നു.

Related Stories