‘തോല്ക്കാന് കാരണം സിപിഎം-ബിജെപി കൂട്ടുകെട്ട്, ലീഗ് കാലുവാരിയിട്ടില്ല’; ബേപ്പൂരിലെ തോല്‍വിയില്‍ പ്രതികരിച്ച് പി.വി അന്‍വര്‍
ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം മുസ്ലിം ലീഗ് കാലുവാരിയതാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പി.വി അന്‍വര്‍. മണ്ഡലത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നും തനിക്ക് ആരോടും ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ തോല്‍പ്പിച്ചത് സിപിഎം – ബിജെപി കൂട്ടുകെട

ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം മുസ്ലിം ലീഗ് കാലുവാരിയതാണെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പി.വി അന്‍വര്‍. മണ്ഡലത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിച്ചതെന്നും തനിക്ക് ആരോടും ഒരു പരാതിയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ തോല്‍പ്പിച്ചത് സിപിഎം – ബിജെപി കൂട്ടുകെട്ടാണെന്നും അന്‍വര്‍ ആരോപിച്ചു.
രാമനാട്ടുകര, ഫറോക്ക് എന്നിവിടങ്ങളില്‍ വോട്ട് കുറഞ്ഞിട്ടുണ്ട്. ഇക്കാര്യം യുഡിഎഫ് നേതൃത്വം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പോരാട്ടത്തിന് ജനങ്ങള്‍ നല്കിയ അംഗീകാരമായാണ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. തനിക്ക് മറ്റൊരു സ്ഥാനമാനങ്ങളും ആവശ്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് പൊതുവെ യുഡിഎഫ് അനുകൂല തരംഗം ആഞ്ഞടിച്ചപ്പോഴും ബേപ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എ മുഹമ്മദ് റിയാസിനൊപ്പം ഉറച്ചു നില്‍ക്കുകയായിരുന്നു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിയാസ് മണ്ഡലം നിലനിര്‍ത്തിയത്.
കഴിഞ്ഞ 35 വര്‍ഷമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂര്‍. എംഎല്‍എ സ്ഥാനം രാജിവെച്ച് ഇടത് മുന്നണി വിട്ട പി.വി അന്‍വര്‍ യുഡിഎഫ് പിന്തുണയോടെയാണ് ബേപ്പൂരില്‍ റിയാസിനെതിരെ മത്സരിക്കാനിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട്, ‘പിണറായിസം’, ‘മരുമോനിസം’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ കടുത്ത ആക്രമണമാണ് അന്‍വര്‍ പ്രചാരണത്തിലുടനീളം നടത്തിയത്. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നും യുഡിഎഫിന്റെ പിന്തുണയും മുസ്ലിം ലീഗിന്റെ സംഘടനാ കരുത്തും ഉപയോഗിച്ച് മണ്ഡലം പിടിക്കാമെന്നുമായിരുന്നു അന്‍വറിന്റെ പ്രതീക്ഷ.
എന്നാല്‍, മണ്ഡലത്തില്‍ നടപ്പിലാക്കിയ 1800 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പ്രചാരണം നയിച്ച മുഹമ്മദ് റിയാസ് മണ്ഡലം കാത്തുസൂക്ഷിച്ചു. 2016-ല്‍ വി.കെ.സി മമ്മദ് കോയ നേടിയ 14,000 വോട്ടിന്റെ ഭൂരിപക്ഷം 2021-ല്‍ 28,747 ആയി വര്‍ദ്ധിപ്പിച്ചാണ് റിയാസ് കഴിഞ്ഞ തവണ നിയമസഭയിലെത്തിയത്. ഇത്തവണ ഭൂരിപക്ഷത്തില്‍ കുറവുണ്ടായെങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ വിജയം റിയാസിനൊപ്പം നില്‍ക്കുകയായിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
