Skip to content
Kerala

തട്ടിപ്പുകേസ് പ്രതിയായ ചാനൽ ഉടമയുടെ മുഖം മിനുക്കാൻ പ്രകാശ് രാജിന്റെ സന്ദർശനം, പി ആർ ക്വട്ടേഷൻ ഏറ്റെടുത്തത് നിയമനം കാത്തിരിക്കുന്ന മാധ്യമ പ്രവർത്തക

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതാനും മാധ്യമ പ്രവർത്തകരുടെ സംഘമാണ് കൊച്ചിയിൽ നടന്ന സി ജെ പി സമരത്തിന്റെ പബ്ലിസിറ്റി പരിപാടികൾ നിർവഹിച്ചത്

W

web desk

Published on: 9 Nov 2026, 5:12 pm

തട്ടിപ്പുകേസ് പ്രതിയായ ചാനൽ ഉടമയുടെ മുഖം മിനുക്കാൻ പ്രകാശ് രാജിന്റെ സന്ദർശനം, പി ആർ ക്വട്ടേഷൻ ഏറ്റെടുത്തത് നിയമനം കാത്തിരിക്കുന്ന മാധ്യമ പ്രവർത്തക

മെസ്സി തട്ടിപ്പുകേസിലും മുട്ടിൽ മരംമുറി കേസിലും വ്യാജ മദ്യ കേസിലും പ്രതിചേർക്കപ്പെട്ട് പ്രതിസന്ധിയിലായ റിപ്പോർട്ടർ ചാനൽ ഉടമയുടെ പ്രതിച്ഛായ നന്നാക്കാൻ നടത്തിയ ഓപ്പറേഷനിൽ ഇരയായത് നടൻ പ്രകാശ് രാജ്. ചാനൽ ഉടമയുമായി കൂടിക്കാഴ്ച നടത്താൻ പ്രകാശ് രാജിനെ റിപ്പോർട്ടർ സ്റ്റുഡിയോയിൽ എത്തിച്ചത് അവിടെ ജോലിക്ക് അപേക്ഷിച്ച് നിയമനം കാത്തിരിക്കുന്ന മാധ്യമ പ്രവർത്തക. സ്വന്തം നേട്ടത്തിനുവേണ്ടി മാധ്യമ പ്രവർത്തക നടത്തിയ നീക്കത്തിൽ കൊച്ചിയിൽ സിജെപി സമരത്തിനു പിന്നിൽ പ്രവർത്തിച്ച സിപിഐഎം അനുഭാവികളും ഇടത് ലിബറൽ പ്രവർത്തകരും കടുത്ത അമർഷത്തിലാണ്. എതിർപ്പുകൾ ഉയർന്നതിനെത്തുടർന്ന് ഇത്തരം ആളുകളുമായി സഹകരിച്ച് ഭാവിയിൽ പരിപാടികൾ നടത്തേണ്ടതുണ്ടോ എന്ന ആലോചന കേരള സിജെപിയിലും ശക്തമായി.

കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏതാനും മാധ്യമ പ്രവർത്തകരുടെ സംഘമാണ് കൊച്ചിയിൽ നടന്ന സിജെപി സമരത്തിന്റെ പബ്ലിസിറ്റി പരിപാടികൾ നിർവഹിച്ചത്. ഇവരാണ് പരിപാടിയുടെ പ്രചാരണത്തിനെന്ന പേരിൽ പ്രകാശ് രാജിനെ റിപ്പോർട്ടർ ചാനലിന്റെ സ്റ്റുഡിയോയിൽ എത്തിച്ചത്. എന്നാൽ അഭിമുഖം മാത്രമല്ല അവിടെ നടന്നത്. ചാനൽ ഉടമയുടെ പ്രചാരണ വീഡിയോയിലും പ്രകാശ് രാജിനെ 'അഭിനയിപ്പിച്ചു'. ഉടമയുടെ മുറിയിൽ ഇരിക്കുന്നതും ഉടമ നടന്നുവന്ന് കൈ കൊടുക്കുന്നതുമെല്ലാം പ്രത്യേകം പ്രത്യേകം റീലാക്കി ഇറക്കുകയും ചെയ്തു. തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട ചാനൽ ഉടമയ്ക്ക് ചീത്തപ്പേരു മാറ്റിയെടുക്കാൻ വേണ്ടി നടത്തിയ പിആർ ക്വട്ടേഷന്റെ ഭാഗമായിരുന്നു ഈ സന്ദർശനം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

പ്രകാശ് രാജ് രാജ്യത്തെ പല ചാനലുകളിലും നേരിട്ടുപോയി അഭിമുഖം നടത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ചാനലുകളിൽ തന്നെ ഒന്നിലധികം തവണ പ്രകാശ് രാജ് അഭിമുഖം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം കോഴിക്കോട് വന്നപ്പോഴും പ്രകാശ് രാജ് ഒരു ചാനലിൽ നേരിട്ട് പോയി അഭിമുഖം നൽകിയിരുന്നു. ഈ ചാനലുകളിലൊന്നും ചാനൽ ഉടമയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ ആരും പുറത്തുവിട്ടിട്ടില്ല. ഉടമയ്ക്കൊപ്പം റീലിൽ അഭിനയിക്കുന്ന പ്രകാശ് രാജിനെയും ആരും കണ്ടിട്ടില്ല. എന്നിരിക്കെയാണ് റിപ്പോർട്ടറിൽ മാത്രം ഈ നിലവാരമില്ലാത്ത വീഡിയോ പ്രത്യക്ഷപ്പെട്ടത്.

റിപ്പോർട്ടർ ചാനൽ ഉടമ ഇംഗ്ലീഷ് വിഭാഗം തുടങ്ങുന്നതായി നേരത്തെ വാർത്തകൾ വന്നിരുന്നു. ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന ഒരു മാധ്യമ പ്രവർത്തകയാണ് പ്രകാശ് രാജിനെ ഉടമയ്ക്ക് മുന്നിൽ എത്തിച്ചത്. നേരത്തെ മലയാളം ചാനലിലും പിന്നീട് ചില ഇംഗ്ലീഷ് മാഗസിനുകളിലും പ്രവർത്തിച്ചിട്ടുള്ള ഈ മാധ്യമ പ്രവർത്തക നേരത്തെയും റിപ്പോർട്ടർ ഉടമയ്ക്ക് വേണ്ടി സോഷ്യൽ മീഡിയ വഴി അനുകൂല പ്രചാരണം നടത്തിയതിന് ശ്രദ്ധിക്കപ്പെട്ടിരുന്നു. മെസ്സി വിവാദകാലത്തും പിന്നീട് അബ്കാരി കേസിൽ അറസ്റ്റിലായ കാലത്തുമായിരുന്നു ഇത് ഏറ്റവും സജീവമായിരുന്നത്. ഇഡി കേസും മറ്റുമായി നിയമ നടപടികൾ മുറുകിയതോടെ ഇംഗ്ലീഷ് വിഭാഗം ആരംഭിക്കുന്നതിന്റെ വേഗതയും ചാനൽ തത്കാലം കുറച്ചു. അതോടെ സോഷ്യൽ മീഡിയ വെളുപ്പിക്കൽ നിർത്തിവച്ച മാധ്യമ പ്രവർത്തക ഇപ്പോൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

സ്വന്തം ആവശ്യങ്ങൾ നടപ്പാക്കാൻ ഇവർ നടത്തിയ പിആർ പരിപാടികൾക്ക് സിജെപിയെയും അവരുടെ സമരത്തെയും ഉപയോഗിച്ചതിൽ ഒരു വിഭാഗം സിജെപി പ്രവർത്തകർക്ക് കടുത്ത അമർഷമുണ്ട്. ഇത്തരം ആളുകളുമായി സഹകരിച്ച് ഭാവിയിൽ പരിപാടികൾ നടത്തേണ്ടതില്ലെന്ന ആലോചനയിലാണ് സിജെപി. കൊച്ചി സമരത്തിന് നേതൃത്വം നൽകിയ ഇടതു അനുഭാവികൾക്കിടയിലും ഈ നടപടി കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. എന്നാൽ സിപിഐഎമ്മിനൊപ്പം നിൽക്കുന്ന കൊച്ചി കേന്ദ്രീകരിച്ചുള്ള മാധ്യമ സംഘത്തിലെ സജീവ അംഗമായതിനാൽ ഈ മാധ്യമ പ്രവർത്തകയുടെ നീക്കത്തെ പരസ്യമായി എതിർക്കാൻ കഴിയാത്ത അവസ്ഥയിലാണ് അവർ. ചാനൽ ഉടമയുടെ അറസ്റ്റ് കാലത്ത് ഈ മാധ്യമ പ്രവർത്തക നടത്തിയ ഇടപെടലുകൾ ഇടതുപക്ഷത്തിന് ആകെ നാണക്കേടുണ്ടാക്കി എന്ന് അഭിപ്രായമുള്ള നിരവധിയാളുകൾ ഈ സംഘത്തിലുണ്ട്. ഇനിയും ഇത് ആവർത്തിച്ചാൽ അവരെ തള്ളിപ്പറയേണ്ടിവരുമെന്ന നിലപാടിലാണ് സംഘത്തിലെ പലരും.

Related Stories