Skip to content
Kerala

പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചു; ദേശീയ നേതൃത്വവുമായി ചർച്ച നടത്തി, വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമ്മാസ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യ ബിജെപിയിലേക്ക് ചേക്കേറാൻ നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ബിജെപിയുടെ ദേശീയ നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും ഇതിന്റെ ഭാഗമായാണ് ബിനാമി ഇടപാട് ഉൾപ്പെടെയുള്ള ആ

N

News Desk

Published on: 22 Feb 2026, 11:15 am

പി.പി. ദിവ്യ ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചു; ദേശീയ നേതൃത്വവുമായി ചർച്ച നടത്തി, വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമ്മാസ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം. നേതാവുമായ പി.പി. ദിവ്യ ബിജെപിയിലേക്ക് ചേക്കേറാൻ നീക്കം നടത്തിയെന്ന ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ബിജെപിയുടെ ദേശീയ നേതാക്കളുമായി ദിവ്യ ചർച്ചകൾ നടത്തിയെന്നും ഇതിന്റെ ഭാഗമായാണ് ബിനാമി ഇടപാട് ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ സർക്കാർ ഇപ്പോൾ അവർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷമ്മാസ്. സിപിഎമ്മിൽ തുടരുന്നതിനേക്കാൾ മറ്റ് രാഷ്ട്രീയ സാധ്യതകൾ തേടാനാണ് ദിവ്യ ശ്രമിക്കുന്നതെന്നും ഇതിനായി സംസ്ഥാന-ദേശീയ തലത്തിലുള്ള ബിജെപി നേതാക്കളുമായി കൂടിയാലോചനകൾ നടന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണ് സർക്കാർ ദിവ്യയെ വഴിവിട്ട് സഹായിക്കുന്നതെന്നും ഷമ്മാസ് കൂട്ടിച്ചേർത്തു.

പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് ശനിയാഴ്ചയാണ് സർക്കാർ തീരുമാനിച്ചത്. വിവിധ കരാറുകളിൽ ദിവ്യ ഇടപെട്ടതിന് തെളിവില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ദിവ്യ ബിനാമി ഇടപാടുകൾ നടത്തിയെന്ന് കാണിച്ച് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

നേരത്തെ നിയമസഭയിൽ കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയും ദിവ്യക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ദിവ്യക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വിജിലൻസിന്റെ കണ്ണൂർ യൂണിറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്.

ഉന്നത സി.പി.എം. നേതാക്കളെ സംരക്ഷിക്കാനാണ് സർക്കാർ ഈ അന്വേഷണം അട്ടിമറിക്കുന്നതെന്ന് മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. പി.പി. ദിവ്യ മുഖ്യമന്ത്രിയുടെ ‘മാനസപുത്രി’യാണെന്നും ദിവ്യയെ സംരക്ഷിച്ചില്ലെങ്കിൽ പല പ്രമുഖ സി.പി.എം. നേതാക്കളുടെയും ബിനാമി ഇടപാടുകൾ പുറത്തുവരുമെന്ന ഭയമാണ് സർക്കാരിനെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories