പോറ്റിയെ കേറ്റിയേ…’: ഹിന്ദുവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി; വിമർശനം സി.പി.എമ്മിനെതിരെ
ശബരിമലയിലെ സ്വർണ്ണക്കവർച്ചാ ആരോപണങ്ങൾ പ്രമേയമാക്കി പുറത്തിറങ്ങിയ ‘പോറ്റിയെ കേറ്റിയേ.. സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി. പാട്ട് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയതായും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ ഹിന്ദു ഐക്യവേദി സംസ്ഥാ

ശബരിമലയിലെ സ്വർണ്ണക്കവർച്ചാ ആരോപണങ്ങൾ പ്രമേയമാക്കി പുറത്തിറങ്ങിയ ‘പോറ്റിയെ കേറ്റിയേ.. സ്വർണം ചെമ്പായി മാറ്റിയേ’ എന്ന പാരഡി ഗാനം ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി. പാട്ട് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയതായും ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു വ്യക്തമാക്കി. പാട്ടിലെ വരികൾ രാഷ്ട്രീയമായി സി.പി.എമ്മിനെ ലക്ഷ്യം വയ്ക്കുന്നതിനാലാണ് പാർട്ടി ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പാട്ടിലെ വരികൾ സഖാക്കളുടെ ചങ്കിൽ കൊണ്ടതുകൊണ്ടാണ് സി.പി.എം ഇതിനെതിരെ തിരിയുന്നതെന്ന് ആർ.വി. ബാബു പറഞ്ഞു. “സ്വർണം കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ” എന്ന വരി പാർട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. പാട്ട് പുറത്തിറങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു ഹൈന്ദവ വിശ്വാസി പോലും ഇതിനെതിരെ പരാതി നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ബി.ജെ.പി അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളുടെ പ്രചാരണങ്ങൾക്കായി ഈ പാട്ട് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡും സി.പി.എം നേതാക്കളും ചേർന്ന് ശബരിമലയിൽ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെയാണ് പാട്ട് തുറന്നുകാട്ടുന്നത്. ശബരിമല യുവതി പ്രവേശന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും വിശ്വാസികളെ പരസ്യമായി പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവരാണെന്നും ബാബു കുറ്റപ്പെടുത്തി. വിശ്വാസികളെ നിരന്തരം വേട്ടയാടിയ ഒരു പാർട്ടി ഇപ്പോൾ ഒരു പാരഡി ഗാനത്തിന്റെ പേരിൽ വിശ്വാസ സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം വിമർശിച്ചു.
സി.പി.എമ്മിന്റെ ഇരട്ടത്താപ്പിനെതിരെയും ആർ.വി. ബാബു രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. ദേവതമാരുടെ നഗ്നചിത്രങ്ങൾ വരച്ച എം.എഫ് ഹുസൈനെ ആദരിക്കാൻ ശ്രമിച്ച പാർട്ടിയാണ് ഇപ്പോൾ പെട്ടെന്ന് വിശ്വാസ സംരക്ഷകരുടെ കുപ്പായമിടാൻ ശ്രമിക്കുന്നത്. വിശ്വാസികളുടെ വികാരം മുൻപും പലതവണ വ്രണപ്പെടുത്തിയ സി.പി.എമ്മിന് ഇപ്പോൾ പാട്ടിനെതിരെ രംഗത്തുവരാൻ ധാർമ്മികമായ അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ശബരിമലയിലെ സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ രചിച്ചതെന്ന് കരുതപ്പെടുന്ന ഈ പാട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. എന്നാൽ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിന്റെ ഈ നീക്കത്തിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദി പ്രതിഷേധവുമായി രംഗത്തെത്തിയത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
