Skip to content
Kerala

‘വ്യവസായ വകുപ്പ് സഹമന്ത്രി’യായി പി.എം എ സമീർ ; പാർട്ടിയിൽ വ്യാപക വിമർശനം

നൂലില്‍ കെട്ടിയിറക്കിയയാൾ എന്ന വിമർശനത്തിന് വിധേയനായ തിരൂരങ്ങാടിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.എൽ എ പി എം എ സമീര്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിഴലായി മാറി. കുഞ്ഞാലിക്കുട്ടിയുടെ തിരുവനന്തപുരത്തെ ബംഗ്ലാവില്‍ പ്രത്യേക മുറി സമ്പാദിച്ച പിഎം എ സമീര്‍ ആഴ്ചയില്‍ നാല് ദിവസവും തിരുവനന്തപുരത്

N

News Desk

Published on: 28 Aug 2026, 2:34 pm

‘വ്യവസായ വകുപ്പ് സഹമന്ത്രി’യായി പി.എം എ സമീർ ; പാർട്ടിയിൽ വ്യാപക വിമർശനം

നൂലില്‍ കെട്ടിയിറക്കിയയാൾ എന്ന വിമർശനത്തിന് വിധേയനായ തിരൂരങ്ങാടിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം.എൽ എ പി എം എ സമീര്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിഴലായി മാറി. കുഞ്ഞാലിക്കുട്ടിയുടെ തിരുവനന്തപുരത്തെ ബംഗ്ലാവില്‍ പ്രത്യേക മുറി സമ്പാദിച്ച പിഎം എ സമീര്‍ ആഴ്ചയില്‍ നാല് ദിവസവും തിരുവനന്തപുരത്താണ്. വ്യവസായ മന്ത്രിയുടെ ഓഫീസില്‍ ദീര്‍ഘസമയം ചെലഴിക്കുന്ന സമീറാണ് പല കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. പല വിഷയങ്ങളിലും തന്നെ കാണാനെത്തുന്നവരോട് സമീറിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ച സംഭവങ്ങളുമുണ്ട്. സ്റ്റാര്‍ട്ട് അപ് മിഷന്‍ ഡയറക്ടര്‍ പദവിക്കായി സമീപിച്ച ആളോട് സമീറിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി നിര്‍ദേശിച്ചു.
വ്യവസായികളെയും മറ്റും കുഞ്ഞാലിക്കുട്ടിയുടെ ബംഗ്ലാവില്‍ പിഎം എ സമീറാണ് ഡീല്‍ ചെയ്യുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇന്നോവ കാര്‍ ആണ് സമീര്‍ തിരുവനന്തപുരത്ത് ഉപയോഗിക്കുന്നത്. കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് ഉള്ള ദിവസങ്ങളില്‍ സമീറും തിരുവനന്തപുരത്തുണ്ടാകും.

വ്യവസായ വകുപ്പ് സഹമന്ത്രി എന്നാണ് ലീഗിനുള്ളിൽ സമീറിനെക്കുറിച്ച അടക്കം പറച്ചിൽ. സമീറിന്‍റെ പി ആര്‍ ടീമും അദ്ദേഹത്തെ അങ്ങനെ പരിചയപ്പെടുത്തിത്തുടങ്ങി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ വ്യവസായ വകുപ്പിന്‍റെ ഭരണവും പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒപ്പം സഞ്ചരിക്കലുമാണ് സമീറിന്‍റെ പ്രധാന പ്രവര്‍ത്തനം. പ്രവര്‍ത്തകര്‍ പോയിട്ട് നേതാക്കൾ പോലും വിളിച്ചാല്‍ ഫോണെടുക്കുന്നില്ല എന്ന പരാതി ശക്തമായി. തിരൂരങ്ങാടി മണ്ഡലത്തില്‍ എംഎല്‍എയെ കണ്ടുകിട്ടാന്‍ കഴിയാതെ വന്നതോടെ ഒരു മാസം കൊണ്ട് തന്നെ ലീഗ് പ്രവര്‍ത്തകര്‍ക്ക് സമീര്‍ അനഭിമതനായി.

യൂത്ത് ലീഗ്, എം എസ്എഫ്, മുസ്ലിം ലീഗ് യോഗങ്ങളില്‍ സമീറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ശാഖാ തലം മുതല്‍ മണ്ഡലം തലം വരെ വിമര്‍ശനം കനത്തതോടെ മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ എം എല്‍എക്ക് സ്വയം വിശദീകരിക്കേണ്ടി വന്നു.
തിരുവനന്തപുരത്ത് പാര്‍ട്ടി ചുമതലയുള്ളത് കൊണ്ടാണ് മണ്ഡലത്തില്‍ സജീവമാകാന്‍ കഴിയാത്തതെന്നായിരുന്നു സമീറിന്‍റെ വിശദീകരണം. എന്നാല്‍ ഇത് പാര്‍ട്ടി നേതാക്കള്‍ തള്ളുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിയെ പോലെ മുതിര്‍ന്ന നേതാവിന് വ്യവസായ വകുപ്പ് ഭരിക്കാന്‍ സമീറിന്‍റെ സേവനം ആവശ്യമില്ല. എന്നിട്ടും സമീര്‍ തിരൂരങ്ങാടി മണ്ഡലത്തിലെ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അവഗണിച്ച് തലസ്ഥാനത്ത് തുടരുന്നത് സ്വന്തം താത്പര്യത്തിനാണെന്ന വിമര്‍ശനം നേതാക്കള്‍ ഉന്നയിക്കുന്നു.
ആഴ്ചയില്‍ നാല് ദിവസം തിരുവനന്തപുരത്ത്, രണ്ടു ദിവസം തിരൂരങ്ങാടിയില്‍, ഒരു ദിവസം കൊണ്ടോട്ടിയിലെ വീട്ടില്‍ എന്നതാണ് സമീറിന്‍റെ ഷെഡ്യൂൾ.

ലോകത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും പറയാത്ത വിചിത്രമായ ഒരു ആവശ്യം ലീഗ് നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍ സമീര്‍ ഉന്നയിച്ചു. രാത്രി എട്ട് മണിക്ക് ശേഷം തന്നെ ഫോണില്‍ വിളിക്കരുതെന്നായിരുന്നു സമീറിന്‍റെ ആവശ്യം. എട്ട് മണിക്ക് ശേഷം തനിക്ക് കുടുംബത്തോടൊപ്പം കഴിയാനുള്ള സമയമാണെന്നും സമീര്‍ തുറന്നു പറഞ്ഞു.

ഒരു എംഎല്‍എയും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലാത്ത ഒരു കാര്യം കേട്ട് നേതാക്കള്‍ അമ്പരന്നു. പ്രൊഫഷണല്‍ ടച്ചുള്ള എം എല്‍ എ എന്നായിരുന്നു തിരൂരങ്ങാടിയില്‍ സമീറിന്‍റെ പ്രചാരണം. കോര്‍പറേറ്റ് ശൈലിയില്‍ രാഷ്ട്രീയത്തെ സമീപിക്കുന്ന സമീറിന് സമയം നിശ്ചയിച്ചുള്ള ഒരു ‘ജോലി’യാണ് എംഎല്‍എ പണി. ഇതു പക്ഷേ വകവെച്ചു നല്‍കാന്‍ തിരൂരങ്ങാടിയിലെ ലീഗ് പ്രവര്‍ത്തകര്‍ തയ്യാറല്ല. പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്. പ്രവർത്തകരെ തണുപ്പിക്കാൻ നേതാക്കൾ ഇടപെടുന്നുണ്ടെങ്കിലും അത് ഫലം കണ്ടിട്ടില്ല.

സമീറിനെതിരെയുള്ള തിരൂരങ്ങാടിയിലെ ലീഗ് പ്രവര്‍ത്തകരുടെ വികാരം നേതൃത്വം അടക്കി നിര്‍ത്തിയിരിക്കുകയാണെങ്കിലും പ്രതിഷേധം ട്രോളുകളായി പ്രചരിക്കുന്നുണ്ട്. ഉദാഹരണം: പി എം എ സമീര്‍ എംഎല്‍എയുടെ പ്രോഗ്രാം ഷെഡ്യൂള്‍. രാവിലെ 7 മണി – പി കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍,
രാവിലെ 9 മണി – പി കെ കുഞ്ഞാലിക്കുട്ടിയുടെ കാറില്‍ , രാവിലെ 10 മണി – കുഞ്ഞാലിക്കുട്ടിക്കൊപ്പം മുസ്ലിം ലീഗ് ഓഫീസില്‍ . സമാന രീതിയില്‍ നിരവധി ട്രോളുകളാണ് ലീഗ് അണികള്‍ തന്നെ വാട്സ് ആപ് ഗ്രൂപുകളില്‍ പ്രചരിപ്പിക്കുന്നത്.

എം എസ് എഫില്‍ പ്രവര്‍ത്തിച്ചുവെന്നല്ലാതെ മുസ്ലിം ലീഗില്‍ കാര്യമായ ഒരു ചുമതലയും വഹിച്ചിട്ടില്ലാത്ത പി എം എ സമീറിനെ അക്ഷരാര്‍ത്ഥത്തില്‍ നൂലില്‍ കെട്ടി ഇറക്കുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താത്പര്യപ്രകാരം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. പിന്നീട് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിലുമെത്തി. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍ ആണെങ്കിലും കാര്യങ്ങള്‍ പലതും തീരുമാനിക്കുന്നത് സമീര്‍ ആണ്. എല്ലാ തീരുമാനങ്ങളും സമീറിന്‍റെ കൂടി താത്പര്യം നോക്കിയാണ് ഹമീദ് മാസ്റ്റര്‍ അംഗീകരിക്കുന്നത്.

ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സമീര്‍ സ്ഥാനം പിടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. അവസാന ഘട്ടത്തില്‍ നടന്ന ചില അട്ടിമറികളിലൂടെയാണ് പിഎം സാദിഖലി, ഹമീദ് മാസ്റ്റര്‍ എന്നിവരെ ഒഴിവാക്കി പിഎംഎ സമീറിനെ കൊണ്ടുവന്നത്. സമീറിനെ കൊണ്ടുവന്നതിന്‍റെ യുക്തി ചോദ്യം ചെയ്യാതിരിക്കാന്‍ ടി പി അഷ്റഫലി, ഫൈസല്‍ബാബു, ഫാത്തിമ തഹ്ലിയ എന്നിവരെ കൂടി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യത്തില്‍ പിഎംഎ സമീറിന്‍റെ സ്ഥാനാര്‍ത്ഥിയാകാനുള്ള യോഗ്യത കൂടി ലീഗിനകത്ത് ചര്‍ച്ചയായി വികസിക്കുകയാണ്.

Related Stories