Skip to content
Kerala

സിഎമ്മേ ഒരു ചോദ്യമുണ്ട്?, വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ മറുപടി

പ്രസംഗത്തിനിടെ ചോദ്യമുയർത്തിയ ആളെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. പ്രസംഗം പുരോഗമിക്കവേ സദസ്സിൽ നിന്നും ഒരാൾ എഴുന്നേറ്റ് നിന്ന് ‘തനിക്കൊരു ചോദ്യമുണ്ടെ

N

News Desk

Published on: 24 Mar 2026, 9:42 am

സിഎമ്മേ ഒരു ചോദ്യമുണ്ട്?, വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ മറുപടി

പ്രസംഗത്തിനിടെ ചോദ്യമുയർത്തിയ ആളെ ശകാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ട കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

പ്രസംഗം പുരോഗമിക്കവേ സദസ്സിൽ നിന്നും ഒരാൾ എഴുന്നേറ്റ് നിന്ന് ‘തനിക്കൊരു ചോദ്യമുണ്ടെന്ന്’ വിളിച്ചു പറയുകയായിരുന്നു. ഇതിൽ പ്രകോപിതനായ മുഖ്യമന്ത്രി, ചോദ്യം ചോദിച്ചയാളോട് ‘വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന്’ കർശനമായ ഭാഷയിൽ മറുപടി നൽകി പ്രസംഗം തുടരുകയായിരുന്നു.

സ്റ്റേജിന് സമീപമെത്തി ബഹളം വയ്ക്കാൻ ശ്രമിച്ച വ്യക്തി ലഹരിയിലായിരുന്നുവെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച ഇയാളെ ഉടൻ തന്നെ പോലീസ് ഇടപെട്ട് ബലമായി പിടിച്ചുമാറ്റി ഹാളിൽ നിന്നും പുറത്തെത്തിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ മിനിറ്റുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങളുടെ തുടക്കത്തിലാണ് ഈ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരന്റെ നിലപാടുകളെ ‘ചെറ്റത്തരം’ എന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് ഉയർത്തിയിരുന്നു. ഇതിനെതിരെ സുധാകരൻ തന്നെ നേരിട്ട് രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്. ആ വിവാദം കെട്ടടങ്ങും മുൻപേയാണ് കോന്നിയിലെ പുതിയ സംഭവം.

ഏപ്രിൽ മൂന്ന് വരെ നീണ്ടുനിൽക്കുന്ന വിപുലമായ പ്രചാരണ പര്യടനമാണ് മുഖ്യമന്ത്രി നടത്തുന്നത്. സംസ്ഥാനത്താകെ 48 കേന്ദ്രങ്ങളിൽ അദ്ദേഹം പ്രസംഗിക്കും. കഴിഞ്ഞ പത്ത് വർഷത്തെ സർക്കാരിന്റെ വികസന മുന്നേറ്റങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം, പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും മറുപടി നൽകുകയുമാണ് ഈ പര്യടനത്തിലൂടെ ലക്ഷ്യമിടുന്നത്. ഏപ്രിൽ മൂന്നിന് കണ്ണൂരിലാണ് പ്രചാരണ യോഗങ്ങൾ സമാപിക്കുന്നത്.

Related Stories