Skip to content
Kerala

മാസപ്പടി റെയ്ഡ്: ബിജെപിയെ കുറിച്ച് മൗനം പാലിച്ച് പിണറായി; രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത രോഷം

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ തന്റെ വസതികളിലടക്കം മണിക്കൂറുകള്‍ നീണ്ട ഇ ഡി പരിശോധന അവസാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയും കടുത്ത രാഷ്ട്രീയ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. റെയ്ഡിന് ശേഷം വീടിന് പുറത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അ

N

News Desk

Published on: 27 May 2026, 5:00 pm

മാസപ്പടി റെയ്ഡ്: ബിജെപിയെ കുറിച്ച് മൗനം പാലിച്ച് പിണറായി; രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ കടുത്ത രോഷം

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ തന്റെ വസതികളിലടക്കം മണിക്കൂറുകള്‍ നീണ്ട ഇ ഡി പരിശോധന അവസാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിയ്‌ക്കെതിരേയും കടുത്ത രാഷ്ട്രീയ വിമര്‍ശവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. റെയ്ഡിന് ശേഷം വീടിന് പുറത്തെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം ഇന്ത്യയുടെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ പേരെടുത്ത് പറഞ്ഞാണ് രൂക്ഷമായി കുറ്റപ്പെടുത്തിയത്. തന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടത്തിയ ഈ പരിശോധന രാഹുല്‍ ഗാന്ധിയെപ്പോലുള്ള ചിലര്‍ക്ക് വലിയ മനസംതൃപ്തി നല്‍കുമെന്നാണ് പിണറായി വിജയന്‍ പരിഹസിച്ചത്.

തന്റെ വീട് എന്തുകൊണ്ട് റെയ്ഡ് ചെയ്യുന്നില്ലെന്നും തന്നെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നും മുന്‍പ് രാഹുല്‍ ഗാന്ധി പരസ്യമായി ചോദിച്ചിരുന്ന കാര്യം പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. കേന്ദ്ര ഏജന്‍സിയെ തന്റെ നേരെ തിരിച്ചുവിടാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്‍കൈ എടുത്തുവെന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ബിജെപി സര്‍ക്കാര്‍ തുടരുന്ന വേട്ടയാടലുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും, സ്വന്തം പാര്‍ട്ടിക്കാരല്ലാത്ത മറ്റ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ഇ ഡി കടന്നുകയറിക്കൊള്ളട്ടെ എന്ന സ്വാര്‍ത്ഥ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കേന്ദ്ര ഭരണാധികാരികളായ നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെയോ ബിജെപിയുടെയോ പേരെടുത്ത് പറയാന്‍ പരിശോധനയ്ക്ക് ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ പിണറായി വിജയന്‍ തയ്യാറായില്ല എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ നേതാക്കളെ ഒന്നടങ്കം കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണെന്ന പൊതുവായ പരാമര്‍ശം നടത്തിയതൊഴിച്ചാല്‍, റെയ്ഡ് നടത്തിയ ബിജെപി സര്‍ക്കാരിനെതിരെ കൃത്യമായ വ്യക്തിഗത വിമര്‍ശനങ്ങള്‍ ഉന്നയിക്കാതെ അദ്ദേഹം പൂര്‍ണ്ണ മൗനം പാലിക്കുകയായിരുന്നു. ബിജെപിയേക്കാള്‍ ഉപരിയായി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് അദ്ദേഹം തന്റെ പ്രസംഗത്തിലുടനീളം ശ്രമിച്ചത്.

ഈ പരിശോധനകള്‍ കൊണ്ട് തങ്ങളെയോ പാര്‍ട്ടിയെയോ തളര്‍ത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കേണ്ടതില്ലെന്നും ഇതൊരു തുടക്കം മാത്രമായാണ് കാണുന്നതെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് തനിക്കെതിരെ റെയ്ഡ് ഉണ്ടായതെന്നും, ഇത് ബിജെപി-കോണ്‍ഗ്രസ് ഒത്തുകളിയുടെ വ്യക്തമായ തെളിവാണെന്നുമാണ് സിപിഐഎം ഇപ്പോള്‍ ആരോപിക്കുന്നത്. ഇ ഡി പരിശോധനയ്‌ക്കെതിരെ തിരുവനന്തപുരത്തും കണ്ണൂരിലും കനത്ത പ്രതിഷേധവുമായി തെരുവില്‍ തുടരുകയാണ് സിപിഐഎം അണികള്‍.

 

Related Stories