Skip to content
Kerala

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ: ഇനി 4 വർഷം സർവീസ് നിർബന്ധം;  ചരിത്രപരമായ തീരുമാനവുമായി വി.ഡി. സതീശൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ മാനദണ്ഡങ്ങളിൽ ചരിത്രപരമായ പരിഷ്‌കരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇനിമുതൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കണമെങ്കിൽ കുറഞ്ഞത് നാല് വർഷത്തെ സർവീസ് കാലാവധി നിർബന്ധമാക്കി. നിലവിൽ കേവലം രണ്ട് വർഷം സർവീസുള്ളവർക്കും ആജീവനാന്ത പെൻഷ

N

News Desk

Published on: 22 May 2026, 11:04 am

പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ: ഇനി 4 വർഷം സർവീസ് നിർബന്ധം;  ചരിത്രപരമായ തീരുമാനവുമായി വി.ഡി. സതീശൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ മാനദണ്ഡങ്ങളിൽ ചരിത്രപരമായ പരിഷ്‌കരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇനിമുതൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കണമെങ്കിൽ കുറഞ്ഞത് നാല് വർഷത്തെ സർവീസ് കാലാവധി നിർബന്ധമാക്കി. നിലവിൽ കേവലം രണ്ട് വർഷം സർവീസുള്ളവർക്കും ആജീവനാന്ത പെൻഷൻ അനുവദിച്ചിരുന്ന വിവാദ വ്യവസ്ഥയാണ് ഇതോടെ ഇല്ലാതാകുന്നത്. ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലവും സേവനം അനുഷ്ഠിക്കുന്നവർക്ക് മാത്രം പെൻഷൻ നൽകിയാൽ മതിയെന്ന കർശന നിലപാടിലാണ് പുതിയ സർക്കാർ.

രണ്ട് വർഷം പൂർത്തിയാകുമ്പോൾ നിലവിലുള്ള സ്റ്റാഫുകളെ മാറ്റി പുതിയ ആളുകളെ നിയമിക്കുകയും, അതുവഴി ഒരേ പദവിയിൽനിന്ന് ഒന്നിലധികം പേർക്ക് പെൻഷൻ ഉറപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ തന്ത്രങ്ങൾക്കാണ് ഈ തീരുമാനത്തോടെ പിടിവീഴുന്നത്. ഇതുസംബന്ധിച്ച കൃത്യമായ നിർദേശം മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാർക്ക് കൈമാറിക്കഴിഞ്ഞു. അതേസമയം, പുതിയ നിബന്ധനയ്ക്ക് മുൻകാലപ്രാബല്യം ഉണ്ടായിരിക്കില്ലെന്നും നിലവിൽ നാല് വർഷത്തിൽ താഴെ സർവീസ് പൂർത്തിയാക്കി പെൻഷൻ കൈപ്പറ്റുന്നവരെ ഇത് ബാധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ മാത്രം നിലനിൽക്കുന്ന ഈ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സമ്പ്രദായത്തെ മുൻപ് സുപ്രീംകോടതിയും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും (സി.എ.ജി) രൂക്ഷമായി വിമർശിച്ചിരുന്നു. കഴിഞ്ഞ ശമ്പള പരിഷ്‌കരണ കമ്മീഷനും കുറഞ്ഞ സർവീസ് കാലാവധി നാല് വർഷമാക്കണമെന്ന് ശുപാർശ ചെയ്തെങ്കിലും അന്നത്തെ എൽഡിഎഫ് സർക്കാർ അത് നടപ്പാക്കാൻ തയാറായിരുന്നില്ല. നിലവിൽ തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുള്ളപ്പോൾ കേരളത്തിൽ ഒരു മന്ത്രിക്ക് 25 പേരെ വരെ നിയമിക്കാനുള്ള അനുമതിയുണ്ട്.

ചെറുപ്രായത്തിൽത്തന്നെ പേഴ്‌സണൽ സ്റ്റാഫിൽ കയറി കുറഞ്ഞ കാലത്തെ സേവനം കൊണ്ട് ആജീവനാന്ത പെൻഷൻ (മിനിമം 4750 രൂപ) നേടിയെടുക്കുന്ന രീതി ഖജനാവിന് വലിയ ബാധ്യത വരുത്തുന്നതായി പൊതുസമൂഹത്തിലും വലിയ ആക്ഷേപങ്ങൾക്ക് കാരണമായിരുന്നു. 1994-ൽ കെ. കരുണാകരൻ സർക്കാരിന്റെ കാലത്താണ് ഈ പെൻഷൻ പദ്ധതിക്ക് തുടക്കമിട്ടത്. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിലെ സുതാര്യതയും യോഗ്യതയും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ, വി.ഡി. സതീശൻ സർക്കാരിന്റെ ഈ പുതിയ നീക്കം സുപ്രധാനമായ ഒരു ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

Related Stories