Skip to content
Kerala

നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും നോക്കില്ല, മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപം പേറുന്ന പറുദീസ, ദുരനുഭവം പറഞ്ഞ് രോഗി, പിന്നാലെ മരണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നേരിട്ട ദുരനുഭവം മരണ മൊഴി പോലെ പറഞ്ഞ് രോഗി. ഇക്കാര്യം വെളിപ്പെടുത്തി സുഹൃത്തിന് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ കൊല്ലം പന്മന സ്വദേശിയായ വേണു മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആദ്യം ചവറയിലെ പ്രാഥമിക ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി

N

News Desk

Published on: 6 Nov 2025, 12:11 pm

നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും നോക്കില്ല, മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപം പേറുന്ന പറുദീസ, ദുരനുഭവം പറഞ്ഞ് രോഗി, പിന്നാലെ മരണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നേരിട്ട ദുരനുഭവം മരണ മൊഴി പോലെ പറഞ്ഞ് രോഗി. ഇക്കാര്യം വെളിപ്പെടുത്തി  സുഹൃത്തിന് ശബ്ദസന്ദേശം അയച്ചതിന് പിന്നാലെ കൊല്ലം പന്മന സ്വദേശിയായ വേണു മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആദ്യം ചവറയിലെ പ്രാഥമിക ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയ വേണുവിനോട് അടിയന്തരമായി ആൻജിയോഗ്രാം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു.

ഇതിനായി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്. എന്നാൽ, ചികിത്സ ലഭിക്കാതെ ഇന്നലെ (നവംബർ 5) രാത്രിയോടെ അദ്ദേഹം മരണപ്പെട്ടു.

മരണത്തിന് തൊട്ടുമുമ്പ് സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിൽ വേണു മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്, ആശുപത്രിയിൽ എന്തിനെങ്കിലും ആരെങ്കിലും ചോദിച്ചാൽ ഒരക്ഷരം മിണ്ടില്ലെന്നും, “നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവർ തിരിഞ്ഞുനോക്കില്ല” എന്നും അദ്ദേഹം പറയുന്നു.

എമർജൻസി ആൻജിയോഗ്രാം ചെയ്യാനായി വെള്ളിയാഴ്ച എത്തിയിട്ടും, അഞ്ച് ദിവസമായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ശസ്ത്രക്രിയ എപ്പോൾ നടത്തുമെന്ന് റൗണ്ട്സിനിടെ പരിശോധിക്കാൻ വന്ന ഡോക്ടറോട് ചോദിച്ചപ്പോൾ, അവർക്ക് ഇതേക്കുറിച്ച് യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല.

ആശുപത്രിയെ “കൈക്കൂലിയുടെ കേന്ദ്രം” എന്നാണ് വേണു വിശേഷിപ്പിച്ചത്. സാധാരണക്കാരുടെ ആശ്രയമാകേണ്ട മെഡിക്കൽ കോളേജ്, രോഗികളുടെ “ശാപം പേറുന്ന പറുദീസ” ആണെന്നും അദ്ദേഹം പറഞ്ഞു.

തനിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ദുരനുഭവം പുറംലോകത്തെ അറിയിക്കണമെന്നും അദ്ദേഹം സുഹൃത്തിനോട് ആവശ്യപ്പെട്ടിരുന്നു. ചികിത്സ ലഭിക്കാത്തതാണ് മരണത്തിന് കാരണമായതെന്നാണ് ആരോപണം.

Related Stories