പാലത്തായി കേസ്: ചട്ടം ലംഘിച്ച് പ്രതിക്ക് പരോൾ അനുവദിച്ചതായി പരാതി
പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് കെ. പത്മരാജന് ജയിൽ ചട്ടങ്ങൾ ലംഘിച്ച് സർക്കാർ പരോൾ അനുവദിച്ചതായി ആരോപണം. ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണ ഗതിയിൽ പരോൾ അനുവദിക്കരുതെന്ന നിയമം നിലനിൽക്കെയാണ് പത്മരാജന് വേണ്ടി സർക്കാർ പ്രത്യേക ഇളവ് നൽകിയിരിക്കുന്നത്. തലശ്ശേരി പോക്സോ കോടതി ഇയാളെ മര

പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ് കെ. പത്മരാജന് ജയിൽ ചട്ടങ്ങൾ ലംഘിച്ച് സർക്കാർ പരോൾ അനുവദിച്ചതായി ആരോപണം. ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണ ഗതിയിൽ പരോൾ അനുവദിക്കരുതെന്ന നിയമം നിലനിൽക്കെയാണ് പത്മരാജന് വേണ്ടി സർക്കാർ പ്രത്യേക ഇളവ് നൽകിയിരിക്കുന്നത്. തലശ്ശേരി പോക്സോ കോടതി ഇയാളെ മരണം വരെ തടവിനായി ശിക്ഷിച്ച് മൂന്ന് മാസം തികയും മുൻപേയാണ് ഈ നടപടി.
ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടതിനെ തുടർന്നാണ് പരോൾ അനുവദിച്ചത്. ആദ്യം ജയിൽ സൂപ്പർവൈസർ മൂന്ന് ദിവസത്തെ പരോൾ അനുവദിച്ചെങ്കിലും പിന്നീട് സംസ്ഥാന സർക്കാരും ജയിൽ മേധാവിയും ഇടപെട്ട് കാലാവധി നീട്ടി നൽകുകയായിരുന്നു. ഫെബ്രുവരി മൂന്നിന് പുറത്തിറങ്ങിയ പ്രതി ഇതുവരെ ജയിലിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജയിൽ ചട്ടത്തിലെ 307-ാം വകുപ്പ് പ്രകാരം ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണ പരോളുകൾക്ക് അർഹതയില്ല. മരണാനന്തര ചടങ്ങുകൾ പോലുള്ള അടിയന്തര ഘട്ടങ്ങളിൽ പരോൾ അനുവദിക്കാമെങ്കിലും ജയിൽ സൂപ്രണ്ടിന് പരമാവധി 10 ദിവസവും സർക്കാരിന് 5 ദിവസവും മാത്രമേ അധികമായി നൽകാൻ കഴിയൂ. ഈ പരിധികളെല്ലാം ലംഘിച്ചാണ് പത്മരാജൻ നിലവിൽ പുറത്ത് കഴിയുന്നത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ സർക്കാർ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പത്തുവയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപകനുമായ പത്മരാജനെ 40 വർഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്. ഐപിസി 376AB, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമായിരുന്നു ശിക്ഷാവിധി. സംഘപരിവാർ അധ്യാപക സംഘടനയുടെ ജില്ലാ നേതാവ് കൂടിയാണ് പ്രതി.
കേസിന്റെ തുടക്കം മുതൽ പ്രതിയെ രക്ഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൂഢനീക്കങ്ങൾ നടന്നതായി ആക്ഷേപമുയർന്നിരുന്നു. കുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഐജി ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ ശ്രമിച്ചതായി പരാതികളുണ്ടായിരുന്നു. എന്നാൽ പ്രത്യേക അന്വേഷണ സംഘം പോക്സോ വകുപ്പുകൾ ചുമത്തിയതും പെൺകുട്ടിയുടെ കുടുംബത്തിന്റെ നിശ്ചയദാർഢ്യവുമാണ് ഒടുവിൽ പ്രതിയെ ശിക്ഷിക്കുന്നതിലേക്ക് എത്തിച്ചത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
