Skip to content
Kerala

അരുണ്‍ കുമാറിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ, പ്രതികരണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍ നടത്തിയ ‘പുണ്യാളന്‍’ പരാമര്‍ശം സഭയെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അവഹേളിക്കുന്നതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ഔദ്യോഗിക മീഡിയ വിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍, അരുണ്‍ കുമാറിന്റേത് നിര്‍ഭാഗ്യകരവും വൃത്തികെട്ടതുമായ മാധ്യമരീതിയാണെന്നും ഇതി

N

News Desk

Published on: 24 Jul 2025, 5:40 pm

അരുണ്‍ കുമാറിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ, പ്രതികരണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

മാധ്യമപ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍ നടത്തിയ ‘പുണ്യാളന്‍’ പരാമര്‍ശം സഭയെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അവഹേളിക്കുന്നതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ ഔദ്യോഗിക മീഡിയ വിംഗ് പുറത്തിറക്കിയ പ്രസ്താവനയില്‍, അരുണ്‍ കുമാറിന്റേത് നിര്‍ഭാഗ്യകരവും വൃത്തികെട്ടതുമായ മാധ്യമരീതിയാണെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അറിയിച്ചു.

ചാനല്‍ റേറ്റിംഗോ വ്യക്തിപരമായ താല്പര്യങ്ങളോ ആകാം ഇത്തരം പരാമര്‍ശത്തിന് പിന്നിലെന്നും സഭ സംശയം പ്രകടിപ്പിച്ചു. ഉമ്മന്‍ചാണ്ടിയെ മലങ്കര സഭ വിശുദ്ധനായോ പുണ്യവാളനായോ പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കല്ലറയില്‍ വരുന്നത് സഭാംഗങ്ങള്‍ മാത്രമല്ല, അദ്ദേഹത്തെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുമാണ്. ജനങ്ങളുടെ മനസ്സില്‍ ഇടംപിടിച്ച ഒരു നേതാവിന്റെ കല്ലറ പുതുപ്പള്ളി പള്ളിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് അവിടെ ആളുകള്‍ വരുന്നത് സഭയെ അവഹേളിക്കാനുള്ള കാരണമായി കാണുന്നതിനോട് യോജിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

പുതുപ്പള്ളി പള്ളി പ്രശസ്തമായ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ്. വിശ്വാസികള്‍ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും സഭയുടെ പാരമ്പര്യത്തിന് വിരുദ്ധമല്ല. മരിച്ചവരെ വിശുദ്ധ കുര്‍ബ്ബാനയില്‍ ഓര്‍ക്കുന്നതും കല്ലറയില്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നതും സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇത് മനസ്സിലാക്കാതെയാണ് അരുണ്‍ കുമാറിന്റെ പരാമര്‍ശമെന്നും സഭ കുറ്റപ്പെടുത്തി.

‘നാടിനെ ഭരിച്ച രണ്ട് മുഖ്യമന്ത്രിമാരെയും അവരുടെ മരണത്തെയും സഭ വേണ്ടവിധത്തില്‍ ആദരിക്കുന്നു. അതിനിടക്ക് പൊള്ളയായ വാക്കുകള്‍ കുത്തിക്കയറ്റി ആരെയെങ്കിലും കരിവാരിത്തേക്കാനാണ് ഉദ്ദേശമെങ്കില്‍ അതിനെതിരെ പ്രതിഷേധങ്ങളും പ്രതികരണങ്ങളും ഉണ്ടാകും. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി സഭയെ അവഹേളിക്കാന്‍ നോക്കിയാല്‍ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന് അറിയിക്കട്ടെ,’ എന്ന് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്ന താരതമ്യങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംഭവിക്കുമ്പോള്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന മേന്മയ്ക്ക് കളങ്കം ചാര്‍ത്തുകയാണെന്നും സഭയുടെ മീഡിയ വിംഗ് കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകനോടും ചാനലിനോടുമുള്ള ശക്തമായ പ്രതിഷേധവും സഭ രേഖപ്പെടുത്തി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭ മീഡിയ വിംഗ് പുറത്തിറക്കിയ പ്രസ്താവന വായിക്കാം

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പാരമ്പര്യത്തെയും മലങ്കര സഭയുടെ വിശ്വാസത്തേയും മലങ്കര സഭയുടെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയിയെയും അവഹേളിച്ചുകൊണ്ടു റിപ്പോർട്ടർ എന്ന ചാനലിന്റെ അവതാരകൻ ഡോ.അരുൺ കുമാർ നടത്തിയ പരാമർശം തികച്ചും നിർഭാഗ്യകരം ആണ് .
ഉമ്മൻ‌ചാണ്ടി മരിച്ചപ്പോൾ കരഞ്ഞു കൊണ്ട് റിപ്പോർട്ട് ചെയ്ത ഈ മാധ്യമ പ്രവർത്തകൻ ഇന്ന് മറുകണ്ടം ചാടി സംസ്‌കാരത്തേയും മൃതരായവരുടെ കല്ലറയിൽ വന്നു പ്രാർത്ഥിക്കുന്നതിനേയും അവഹേളിക്കുന്നത് പ്രത്യക്ഷ താല്പര്യങ്ങളോ ആരോടെങ്കിലും വിധേയം കാണിക്കാനോ ചാനലിന്റെ റേറ്റിംഗിന്റെ പ്രശ്നവും ആവാം . അത് എന്തും ആവട്ടെ…
എട്ടു നാടും കീർത്തി കേട്ട പുതുപ്പള്ളി പള്ളി മലങ്കര സഭയുടെ പ്രശസ്‌ത ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമാണ്.ഒൻപത് സഹദേൻമാരുടെ മധ്യസ്‌ഥതയുള്ള ദേവാലയം.
പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥിക്കാൻ വരുന്നവർ അവർ സ്നേഹിക്കുന്ന വ്യക്തിയുടെ കല്ലറ അവിടെ ഉണ്ടെങ്കിൽ അവിടെയും പോയി പ്രാർത്ഥിക്കുന്നുണ്ടാകും. ചിലപ്പോൾ മെഴുകുതിരി കത്തിക്കും.അതെ പോലെ തിരിച്ചും സഭാ വിശ്വാസികളല്ലാത്തവർ അവർ സ്നേഹിക്കുന്ന വ്യക്തിയുടെ കല്ലറയിൽ പ്രാർത്ഥിക്കാൻ വരുമ്പോൾ പള്ളിയിൽ കയറി പ്രാർത്ഥിക്കും.
പള്ളിയിൽ പ്രാർത്ഥിക്കുന്നതോ കല്ലറയിൽ പ്രാർത്ഥിക്കുന്നതോ മെഴുകുതിരി കത്തിക്കുന്നതോ മലങ്കര സഭയുടെ പാരമ്പര്യത്തിനു വിരുദ്ധമല്ല.സഭയുടെ വിശ്വാസആചാരങ്ങൾ അനുവദിക്കുന്നതുമാണ്. മൃതരായവരെ വിശുദ്ധ കുർബ്ബാനയിൽ ഓർക്കുന്നതും അവരുടെ കല്ലറയിൽ ധൂപപ്രാർത്ഥന നടത്തുന്നതും സഭാ പാരമ്പര്യമാണ്.
മൃതരായവരെ മലങ്കര സഭ എങ്ങനെ കാണുന്നു എന്നത് താങ്കൾക്ക് കൂടുതൽ പഠനവിധേയമാക്കാവുന്നതാണ്.
മലങ്കര സഭ ഉമ്മൻചാണ്ടിയെ വിശുദ്ധനായോ , പുണ്യവാളനായോ പ്രഖാപിച്ചിട്ടില്ല . സഭയിലെ അംഗങ്ങൾ മാത്രമല്ല അദ്ദേഹത്തിന്റെ കല്ലറയിൽ വരുന്നതും മെഴുകുതിരി കത്തിക്കുന്നതും . ജനങളുടെ മനസ്സിൽ കയറിയ നേതാവിന്റെ കല്ലറ മലങ്കര സഭയുടെ പുതുപ്പള്ളി പള്ളിയിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് അവിടെ ആളുകൾ വരുന്നതും മെഴുകുതിരി കത്തിക്കുന്നതും കൊണ്ട് മലങ്കര സഭയെ അവഹേളിക്കുന്ന വൃത്തികെട്ട മാധ്യമ രീതിയോട് യോജിപ്പില്ല.
സ്വതാൽപര്യങ്ങൾക്കു വേണ്ടി വായിൽ തോന്നിയത് എന്തും വിളിച്ചു പറഞ്ഞു സഭയെ അവഹേളിക്കുവാൻ നോക്കിയാൽ പ്രതികരണങ്ങൾ ഉണ്ടാകും എന്നു അറിയിക്കട്ടെ . നാടിനെ ഭരിച്ച രണ്ടു മുഖ്യമന്ത്രിമാരെയും അവരുടെ മരണത്തെയും സഭ വേണ്ടവിധത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു . അതിനിടക്ക് പൊള്ളയായ വാക്കുകൾ കുത്തികയറ്റി ആരെയെങ്കിലുമോ ഏതെങ്കിലുമോ ചില പ്രത്യേക താല്പര്യത്താൽ കരിവാരി തേക്കുവാൻ ആണ് ഉദ്ദേശം എങ്കിൽ അതിനെതിരെ പ്രതിഷേധങ്ങളും , പ്രതികരണങ്ങളും ഉണ്ടാകും .
ഭാരതത്തെ പഠിച്ച് തുടങ്ങുന്നത് നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിലൂടെയാണ്.വിവിധതരം വിശ്വാസങ്ങളും വിശ്വാസാമില്ലായ്മയും എല്ലാം ഇതിൽ പെടും എന്നാണല്ലോ ?
മാധ്യമ പ്രവർത്തനം പഠിച്ചോ പഠിക്കാതയോ തടികള്ളൻ്റെ കാശിൻ്റെ ബലത്തിലോ ഒക്കെ ചിലർ ഇന്ന് മാധ്യമപ്രവർത്തകർ ആകുന്ന കാലത്ത് വിശ്വാസത്തെയും ആചാരങ്ങളെയും അപമാനിക്കുന്നതരം താരതമ്യങ്ങൾ എന്ത് ആവിഷ്ക്കാര സ്വാതന്ത്രത്തിൻ്റെ പേരിലോ അഭിപ്രായ സ്വാതന്ത്യത്തിൻ്റെ പേരിലോ സംഭവിക്കുമ്പോൾ ഇന്ത്യയുടെ മേന്മകളിൽ കളങ്കംചാർത്തി പോകുന്നുണ്ട്….
പുതുപ്പള്ളി പള്ളി വിശുദ്ധ ഗീവർഗീസ്സ് സഹദായുടെ നാമത്തിൽ ഉള്ള ആരാധനാലയം ആണ് . അവിടെ ആയിരങ്ങൾ വന്നു പോകാറുണ്ട് ആ ആരാധനാലയത്തിനോ , സഭയ്‌ക്കോ പ്രത്യേക താല്പര്യങ്ങളോ ഇല്ല , അങ്ങനെ വളച്ചൊടിക്കുവാൻ ഏതെങ്കിലും ആളുകൾ ശ്രമിക്കുന്നുവെങ്കിൽ അത് അവരുടെ മനസിന്റെ വൈകല്യമായി കാണുന്നു …
മലങ്കര സഭയെയും, സഭാ പാരമ്പര്യത്തേയും മുൻ മുഖമന്ത്രി ഉമ്മചാണ്ടിയേയും അവഹേളിക്കുവാൻ ശ്രമിച്ച മാധ്യമത്തോടും , മാധ്യമ പ്രവർത്തകനോടുമുള്ള ശക്തമായ പ്രതിഷേധം അറിയിക്കട്ടെ….
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

Related Stories