Skip to content
Kerala

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി തടസ്സപ്പെടുന്നത് അമിത ഉപഭോഗം മൂലമെന്ന് മന്ത്രി

സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. അത്യുഷ്ണം മൂലം വൈദ്യുതി ഉപഭോഗം അമിതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന സാങ്കേതിക തകരാറുകൾ (ട്രിപ്പ്) കാരണമാണ് പലയിടത്തും വൈദ്യുതി മുടങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനവും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ

N

News Desk

Published on: 29 Apr 2026, 2:49 pm

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി തടസ്സപ്പെടുന്നത് അമിത ഉപഭോഗം മൂലമെന്ന് മന്ത്രി

സംസ്ഥാനത്ത് നിലവിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. അത്യുഷ്ണം മൂലം വൈദ്യുതി ഉപഭോഗം അമിതമായി വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന സാങ്കേതിക തകരാറുകൾ (ട്രിപ്പ്) കാരണമാണ് പലയിടത്തും വൈദ്യുതി മുടങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനവും സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വലിയ വർദ്ധനവുമാണ് ഉപഭോഗം കുതിച്ചുയരാൻ പ്രധാന കാരണമായതെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിറ്റിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

വീടുകളിൽ പാചകവാതക ക്ഷാമം നേരിട്ടതോടെ ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം വ്യാപകമായതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. നിലവിൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യം കേരളത്തിലില്ലെന്നും സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ മഴ പെയ്യുകയാണെങ്കിൽ നിലവിലെ പ്രതിസന്ധിക്ക് വലിയൊരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയോ എന്ന ചോദ്യത്തിന് റെഗുലേറ്ററി കമ്മീഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മറുപടി നൽകി.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏപ്രിൽ 27-ന് പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡായ 118.26 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരം ആറ് മണിക്ക് ശേഷമുള്ള ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ടിലേക്ക് ഉയർന്നു. അന്തരീക്ഷ താപനില പ്രവചിച്ചതിലും അധികമായി 41 ഡിഗ്രി വരെ ഉയർന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ. സാഹചര്യം വിലയിരുത്താൻ ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

രാജ്യവ്യാപകമായ ഉഷ്ണതരംഗം കാരണം ദേശീയ വിപണിയിൽ വൈദ്യുതി ലഭ്യത കുറഞ്ഞത് കേരളത്തെയും ബാധിച്ചിട്ടുണ്ട്. ആവശ്യമായ വൈദ്യുതിയുടെ 70 ശതമാനത്തോളം പുറത്തുനിന്ന് വാങ്ങുന്ന സംസ്ഥാനമെന്ന നിലയിൽ വിപണിയിലെ ഈ കുറവ് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നുള്ള വിഹിതത്തിൽ 200 മെഗാവാട്ടിന്റെ കുറവ് നിലവിലുണ്ടെങ്കിലും അത് ഉടൻ പരിഹരിക്കപ്പെടുമെന്നാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ.

Related Stories