Skip to content
Kerala

നിമിഷപ്രിയയുടെ മോചനം, ചാണ്ടി ഉമ്മന്‍ മര്‍ക്കസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, ചാണ്ടി ഉമ്മന്‍ എംഎല്‍എ സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മര്‍ക്കസിലെത്തിയാണ് ചാണ്ടി ഉമ്മന്‍ കാന്തപുരത്തെ കണ്ടത്. നിമിഷപ്രിയയ

N

News Desk

Published on: 21 Jul 2025, 12:51 pm

നിമിഷപ്രിയയുടെ മോചനം, ചാണ്ടി ഉമ്മന്‍ മര്‍ക്കസിലെത്തി കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, ചാണ്ടി ഉമ്മന്‍ എംഎല്‍എ സമസ്ത എ.പി വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട് മര്‍ക്കസിലെത്തിയാണ് ചാണ്ടി ഉമ്മന്‍ കാന്തപുരത്തെ കണ്ടത്.

നിമിഷപ്രിയയുടെ വിഷയത്തില്‍ നടത്തിയ നിര്‍ണായക ഇടപെടലുകള്‍ക്ക് കാന്തപുരത്തോട് നന്ദി അറിയിക്കാനാണ് താന്‍ എത്തിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.

‘ഒന്നര വര്‍ഷമായി ഈ വിഷയം ഏകോപിപ്പിക്കുന്ന വ്യക്തി എന്ന നിലയില്‍ കാന്തപുരത്തോട് നന്ദി പറയാന്‍ എനിക്ക് ബാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ധാര്‍മ്മികവും മാനുഷികവുമായ ഇടപെടല്‍ ഇതിലുണ്ടായിട്ടുണ്ട്,’ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനമാണ് എല്ലാവരുടെയും ലക്ഷ്യമെന്നും, അതിനായി സമൂഹം ഒന്നിച്ചുനില്‍ക്കണമെന്നും അതിന് ചുക്കാന്‍ പിടിക്കാന്‍ കാന്തപുരത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരസ്യമായ പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണകള്‍ പരത്തി മോചന ശ്രമങ്ങള്‍ വൈകിപ്പിക്കരുതെന്നും, നിശ്ശബ്ദമായ പ്രവര്‍ത്തനങ്ങളാണ് ഈ ഘട്ടത്തില്‍ അഭികാമ്യമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു. ‘നമ്മള്‍ ലക്ഷ്യത്തിലേക്ക് നടന്നടുക്കും,’ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ യെമനിലെ സൂഫി പണ്ഡിതന്‍ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നീട്ടിവെക്കാന്‍ വഴിയൊരുങ്ങിയത്. ഇതിനിടെ, മോചനത്തിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട യെമന്‍ പൗരന്റെ സഹോദരന്‍ രംഗത്തെത്തിയത് വിഷയത്തിലെ മറ്റൊരു പ്രധാന സംഭവവികാസമാണ്.

Related Stories