നിമിഷപ്രിയ മോചന ശ്രമം, ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയെന്ന് ഇടത് മാധ്യമ പ്രവര്‍ത്തക കെ.കെ. ഷാഹിന
കൊച്ചി: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി 2020-ല്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ അനുകൂല മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന. ആക്ഷന്‍ കൗണ്‍സില്‍ ഇതുവരെ സ്വരൂപിച്ച പണത്തെക്കുറിച്ചും യെമനിലെ ചര്‍ച്ചകളുട

കൊച്ചി: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി 2020-ല്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇടതുപക്ഷ അനുകൂല മാധ്യമപ്രവര്‍ത്തക കെ.കെ. ഷാഹിന. ആക്ഷന്‍ കൗണ്‍സില്‍ ഇതുവരെ സ്വരൂപിച്ച പണത്തെക്കുറിച്ചും യെമനിലെ ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ചും സുതാര്യതയില്ലെന്ന് ഷാഹിന തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി എന്ന നിലയില്‍ നെന്മാറ എം.എല്‍.എ കെ. ബാബു മറുപടി പറയണമെന്നും സിപിഎം മറുപടി പറയേണ്ട സാഹചര്യമാണ് സംജാതമാകുന്നതെന്നും ഷാഹിന മുറന്നറിപ്പ് നല്‍കുന്നു.
ആക്ഷന്‍ കൗണ്‍സില്‍ ഇതുവരെ 44,000 ഡോളര്‍ പിരിച്ചെടുത്ത് കൈമാറിയതായും, ഇത് യെമനില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ചര്‍ച്ച നടത്തുന്നതിനുള്ള പ്രീ-നെഗോഷിയേഷന്‍ ചെലവുകള്‍ക്കായാണ് ഉപയോഗിച്ചതെന്നുമാണ് കൗണ്‍സിലിലെ ചില അംഗങ്ങള്‍ പറയുന്നതെന്ന് ഷാഹിന വ്യക്തമാക്കി. എന്നാല്‍, ഈ ചര്‍ച്ചകളുടെ പുരോഗതിയെക്കുറിച്ച് യാതൊരു വിവരവും ആക്ഷന്‍ കൗണ്‍സില്‍ പുറത്തുവിട്ടിട്ടില്ല. ക്രൗഡ് ഫണ്ടിങ് വഴി പണം പിരിക്കുമ്പോള്‍ സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കണമെന്നും, കമ്മിറ്റിയിലെ അംഗങ്ങള്‍ക്കെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ അവകാശമുണ്ടെന്നും ഷാഹിന ഓര്‍മ്മിപ്പിച്ചു.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ‘ബ്ലഡ് മണി’ (ദിയാധനം) സ്വീകരിക്കാന്‍ തയ്യാറാണോ എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലെന്ന് ഷാഹിന ആരോപിക്കുന്നു. ഈ വിഷയത്തിലും ആക്ഷന്‍ കൗണ്‍സിലിന് മറുപടിയില്ല. ‘ഒന്നും ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ല’ എന്നതാണ് ആക്ഷന്‍ കൗണ്‍സില്‍ നയിക്കുന്നവരുടെ പതിവ് മറുപടി. ഒരാളുടെ ജീവന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ നിശബ്ദരാക്കുന്നത് എന്നന്നേക്കും തുടരാന്‍ കഴിയില്ലെന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.
ശേഖരിച്ച തുകകള്‍ എംബസിക്കാണ് കൈമാറിയതെന്ന് കമ്മിറ്റിയിലെ ചിലര്‍ പറഞ്ഞതായും, എന്നാല്‍ ഈ പണത്തിന് എന്ത് സംഭവിച്ചു, ആരാണ് ഇത് കൈകാര്യം ചെയ്യുന്നത്, ചര്‍ച്ചകളില്‍ എന്തെങ്കിലും പുരോഗതിയുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലെന്നും ഷാഹിനയുടെ പോസ്റ്റില്‍ പറയുന്നു.
യെമനിലെ കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് സാമുവല്‍ ജെറോം എന്ന വ്യക്തിയായിരുന്നു. രണ്ടാം ഗഡു തുക കൈമാറിയതിന്റെ പിറ്റേന്ന് ഇദ്ദേഹം വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചുവെന്നും, ഷാഹിന അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും പോസ്റ്റില്‍ പറയുന്നു.
നെന്മാറ എം.എല്‍.എ കെ. ബാബു ആക്ഷന്‍ കൗണ്‍സിലില്‍ അംഗമാണ്. ‘മറ്റുള്ളവരെപ്പോലെ അല്ല, ഒരു ജനപ്രതിനിധിക്ക് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. 44,000 ഡോളര്‍ ഒരു ചെറിയ തുകയല്ല. ഒരു ജീവന്‍ വെച്ചാണ് കളി. ഓര്‍ക്കുന്നത് നല്ലതാണ്. സി.പി.എം മറുപടി പറയേണ്ടി വരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് പാര്‍ട്ടി ശ്രദ്ധിക്കുന്നത് നല്ലതാണ്,’ ഷാഹിന പോസ്റ്റില്‍ ആവശ്യപ്പെട്ടു. നിമിഷപ്രിയയുടെ വിഷയത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യപ്പെട്ടുകൊണ്ടുള്ള ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്.
ഷാഹിനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഇതിനിടെ നമ്മൾ മറന്ന് പോകാൻ പാടില്ലാത്ത ഒരാളുണ്ട്. യെമനിൽ വധ ശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയ. ചില ചോദ്യങ്ങൾ ഉന്നയിക്കേണ്ട സമയമായിട്ടുണ്ട്. നിമിഷപ്രിയയുടെ വിഷയത്തിൽ ഇടപെടുന്നതിനായി 2020 ൽ രൂപീകരിച്ച ആക്ഷൻ കൗൺസിൽ നാളിതുവരെ എന്ത് ചെയ്തു എന്ന ചോദ്യം ഉന്നയിക്കേണ്ടതുണ്ട്.
ആക്ഷൻ കൗൺസിലിലെ തന്നെ ചില അംഗങ്ങൾ പറഞ്ഞത് പ്രകാരം 44000 ഡോളർ ആണ് ഇത് വരെ പിരിച്ചെടുത്ത് കൈ മാറിയത്. കൊല്ലപ്പെട്ട യെമനി സ്വദേശിയുടെ കുടുംബവുമായി ചർച്ച നടത്തുന്നതിനുള്ള പ്രി നെഗോഷിയേഷൻ ചിലവുകൾക്കായാണ് ഈ പണം കൈ മാറിയത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഈ ചർച്ചകളുടെയൊക്കെ പുരോഗതി എന്താണെന്ന് ഈ ആക്ഷൻ കൗൺസിൽ ഇത് വരെ വ്യക്തമാക്കിയിട്ടില്ല. Crowd ഫണ്ടിങ് നടത്തി പണം പിരിക്കുകയും ഇത്തരമൊരു മാനുഷിക പ്രശ്നത്തിൽ ഇടപെടുകയും ചെയ്യുമ്പോൾ സമൂഹത്തോട് അക്കൗണ്ടബിലിറ്റി ഉണ്ടെന്നതോ പോകട്ടെ, ഈ കമ്മിറ്റിയിലെ അംഗങ്ങൾക്കെങ്കിലും എന്താണ് സംഭവിക്കുന്നത് എന്ന ധാരണ ഉണ്ടാകേണ്ടതാണ്.
കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാൻ തയ്യാറാണോ എന്നതിൽ പോലും നാളിതുവരെ ഒരു വ്യക്തതയുമില്ല. അതിൽ പോലും ഈ ആക്ഷൻ കൗൺസിലിന് ഒരു മറുപടിയും ഇല്ല.
ഒന്നും ഇപ്പോൾ പുറത്ത് പറയാൻ പറ്റില്ല എന്നാണ് ആക്ഷൻ കൗൺസിലിനെ നയിക്കുന്നവരുടെ സ്ഥിരം മറുപടി. ഒരാളുടെ ജീവന്റെ പ്രശ്നമാണ് എന്ന മറുവാദം കൊണ്ടാണ് അവർ മാധ്യമങ്ങളെ നിശബ്ദരാക്കുന്നത്. അതിങ്ങനെ അനന്തമായി തുടരാൻ കഴിയില്ല.
എംബസിക്കാണ് ഈ തുകകൾ കൈ മാറിയത് എന്നാണ് കമ്മിറ്റിയിലെ ചിലർ പറഞ്ഞ് അറിയുന്നത്. അതിന് ശേഷം ഈ പണത്തിന് എന്ത് സംഭവിച്ചു, ആരാണ് ഇത് കൈകാര്യം ചെയ്യുന്നത്, ചർച്ചകളിൽ എന്തെങ്കിലും പുരോഗതി ഉണ്ടോ തുടങ്ങിയ ഒരു ചോദ്യത്തിനും മറുപടി ഇല്ല.
യെമനിൽ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത് സാമൂവൽ ജെറോം എന്ന വ്യക്തിയാണ്. രണ്ടാം ഗഡു തുക കൈമാറിയതിന്റെ പിറ്റേന്ന് ഇദ്ദേഹം ഗ്രൂപ്പിൽ നിന്ന് തന്നെ ലെഫ്റ്റ് അടിച്ചു പോയത്രേ. അദ്ദേഹത്തെ ഞാൻ വാട്സാപ്പിൽ ബന്ധപ്പെട്ടുവെങ്കിലും പ്രതികരണം ഉണ്ടായില്ല.
നെന്മാറ എം എൽ എ കെ ബാബുവും ഉണ്ട് ഈ കമ്മിറ്റിയിൽ. മറ്റുള്ളവരെ പോലെ അല്ല, ഒരു ജനപ്രതിനിധിക്ക് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല. 44000 ഡോളർ ഒരു ചെറിയ തുകയല്ല. ഒരു ജീവൻ വെച്ചാണ് കളി. ഓർക്കുന്നത് നല്ലതാണ്. സി പി എം മറുപടി പറയേണ്ടി വരുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുന്നത് പാർട്ടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 5 days ago
