Skip to content
Kerala

നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ അഭിഭാഷകനായത് എങ്ങനെ ? ഉത്തരമില്ലാതെ കുഴങ്ങി ലീഗ് നേതൃത്വം

മുസ്ലിം ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ ഭർത്താവ് പി.എ. നിഷാദിന് സർക്കാർ അഭിഭാഷക സ്ഥാനം ലഭിച്ചത് പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. ഈ നിയമനത്തിന് പിന്നിൽ അസ്വാഭാവികമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ, പാർട്ടിയുടെ ഉന്നത നേതൃത്വം വിഷയത്തിൽ മറുപടി പറയാനാവാതെ പ്രതിസന

N

News Desk

Published on: 16 Jun 2026, 1:41 pm

നജ്മ തബ്ഷീറയുടെ ഭര്‍ത്താവ് സര്‍ക്കാര്‍ അഭിഭാഷകനായത് എങ്ങനെ ? ഉത്തരമില്ലാതെ കുഴങ്ങി ലീഗ് നേതൃത്വം

മുസ്ലിം ലീഗ് നേതാവ് നജ്മ തബ്ഷീറയുടെ ഭർത്താവ് പി.എ. നിഷാദിന് സർക്കാർ അഭിഭാഷക സ്ഥാനം ലഭിച്ചത് പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. ഈ നിയമനത്തിന് പിന്നിൽ അസ്വാഭാവികമായ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ, പാർട്ടിയുടെ ഉന്നത നേതൃത്വം വിഷയത്തിൽ മറുപടി പറയാനാവാതെ പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും അഡീഷണൽ അഡ്വക്കേറ്റ് ജനറലുമായ അഡ്വ. മുഹമ്മദ് ഷായ്ക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം അഭിഭാഷകർ പരസ്യമായി വിമർശനം ഉന്നയിക്കുന്നുണ്ട്.

പാണക്കാട് റഷീദലി തങ്ങളുടെ മാനേജർ റഊഫിന്റെ ഇടപെടലുകളാണ് ഈ നിയമനത്തിന് വഴിയൊരുക്കിയതെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. റഊഫ് മുഖേന റഷീദലി തങ്ങളെയും, നേരിട്ട് അഡ്വ. മുഹമ്മദ് ഷായെയും സ്വാധീനിച്ചാണ് നിഷാദ് ഈ സ്ഥാനം നേടിയതെന്നാണ് പ്രധാന ആരോപണം. നിയമനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപുതന്നെ താൻ സർക്കാർ പ്ലീഡർ ആകുമെന്ന് നിഷാദ് ചില അഭിഭാഷകരോട് പറഞ്ഞിരുന്നതായി പാർട്ടി ലോയേഴ്സ് ഫോറം ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയമനങ്ങളിൽ റഊഫ് ദുരൂഹമായ ഇടപെടലുകൾ നടത്തുന്നുവെന്ന പരാതി നേരത്തെയും ഉയർന്നിട്ടുണ്ട്.

നേരത്തെ ഹരിത വിവാദത്തിന്റെ ഭാഗമായി പുറത്താക്കപ്പെട്ട കെ.എം. ഫവാസിനെ പാർട്ടിയിൽ തിരിച്ചെടുത്തതും നജ്മ തബ്ഷീറയുമായുള്ള ചില കരാറുകളുടെ ഭാഗമായാണെന്ന പ്രചരണം ശക്തമാണ്. ഫവാസിനെ ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ റഊഫ് ശ്രമങ്ങൾ നടത്തിയെങ്കിലും ചില മന്ത്രിമാർ അത് തള്ളിക്കളഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ സാമ്പത്തിക ആരോപണങ്ങളുടെ പേരിൽ ഫവാസ് ബ്ലാക്ക് മെയിലിങ് നടത്തിയെന്നും, ഇതിന് പകരമായാണ് നജ്മ തബ്ഷീറയ്ക്ക് പാർട്ടിയിൽ ഉയർന്ന പദവികൾ ലഭിച്ചതെന്നും ആരോപണമുണ്ട്.

അതേ തന്ത്രം തന്നെയാണ് നിഷാദിന്റെ നിയമനത്തിന് പിന്നിലും ഫവാസും നജ്മ തബ്ഷീറയും ചേർന്ന് പയറ്റിയതെന്നാണ് പ്രവർത്തകരുടെ ഇടയിലെ പ്രധാന ആരോപണം. സർക്കാർ അഭിഭാഷക നിയമനങ്ങളിൽ യോഗ്യതയേക്കാൾ നേതാക്കളെ ബ്ലാക്ക്മെയിൽ ചെയ്യുന്നവർക്കും വേണ്ടപ്പെട്ടവർക്കും മുൻഗണന നൽകുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഈ ആരോപണങ്ങളോട് പ്രതികരിക്കാൻ ലീഗ് നേതൃത്വം തയ്യാറാകാത്തത് പാർട്ടിക്കുള്ളിലെ അമർഷം കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്. തർക്കങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് പാർട്ടി നേതൃത്വം ഇപ്പോൾ.

Related Stories