Skip to content
Kerala

വി ഡി സതീശനായി മുസ്ലീം ലീഗിന്റെ കടുത്ത സമ്മർദ്ദം; മുഖ്യമന്ത്രി സതീശനല്ലങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് മുന്നറിയിപ്പ്

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ, വി ഡി സതീശന് വേണ്ടി കടുത്ത സമ്മർദ്ദവുമായി മുസ്ലീം ലീഗ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പുതിയ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലീഗ് നൽ

N

News Desk

Published on: 9 May 2026, 8:32 pm

വി ഡി സതീശനായി മുസ്ലീം ലീഗിന്റെ കടുത്ത സമ്മർദ്ദം; മുഖ്യമന്ത്രി സതീശനല്ലങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന് മുന്നറിയിപ്പ്

കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ദില്ലിയിൽ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ, വി ഡി സതീശന് വേണ്ടി കടുത്ത സമ്മർദ്ദവുമായി മുസ്ലീം ലീഗ്. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പുതിയ മന്ത്രിസഭയിൽ നിന്ന് വിട്ടുനിൽക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങുമെന്ന സൂചനയാണ് ലീഗ് നൽകുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം വന്നാലുടൻ പാണക്കാട് അടിയന്തര യോഗം ചേരാൻ പാർട്ടി തീരുമാനിച്ചു. ഔദ്യോഗിക പ്രഖ്യാപനമുണ്ടായാൽ ഉടൻ തന്നെ പാണക്കാടേക്ക് എത്താൻ സംസ്ഥാനത്തെ പ്രധാന നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോൺഗ്രസ് ദേശീയ നേതൃത്വത്തെ തങ്ങളുടെ നിലപാട് മുസ്ലീം ലീഗ് ഇതിനോടകം അറിയിച്ചു കഴിഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശപ്രകാരം ഇ ടി മുഹമ്മദ് ബഷീർ എംപി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായി ആശയവിനിമയം നടത്തി. ജനവികാരം വി ഡി സതീശന് അനുകൂലമാണെന്നും കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നുമാണ് ലീഗ് ഉന്നയിക്കുന്ന പ്രധാന ആവശ്യം. സതീശന്റെ മതേതര നിലപാടുകൾ യുഡിഎഫിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചതായും ലീഗിനെ ഗൗനിക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും നേതൃത്വം വ്യക്തമാക്കുന്നു.

തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസ് സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കാനോ അതല്ലെങ്കിൽ മന്ത്രിസഭയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കാനോ ഉള്ള ആലോചനകൾ ലീഗ് ക്യാമ്പിലുണ്ട്. ഇക്കാര്യം ദേശീയ-സംസ്ഥാന നേതാക്കളെ സാദിഖലി തങ്ങൾ അറിയിച്ചു കഴിഞ്ഞു. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ വി ഡി സതീശന് വേണ്ടി ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനങ്ങൾ ഇതിന്റെ സൂചനയാണ്. ലീഗിന്റെ കൂടി അഭിപ്രായം മാനിക്കാതെ ഏകപക്ഷീയമായ തീരുമാനമെടുത്താൽ മുന്നണി ബന്ധത്തിൽ വലിയ വിള്ളലുണ്ടാകുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകുന്നു.

മറ്റൊരു ഉപതെരഞ്ഞെടുപ്പ് നേരിടാനുള്ള വിമുഖതയും ലീഗ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സതീശനോ കെ സി വേണുഗോപാലോ മുഖ്യമന്ത്രിയായാൽ ഉണ്ടാകാവുന്ന ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ പക്ഷം. അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഹകരിക്കില്ലെന്ന നിലപാട് ആലപ്പുഴയിലെയും കണ്ണൂരിലെയും നേതാക്കൾ അറിയിച്ചിട്ടുണ്ട്. ദില്ലിയിൽ നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ പാണക്കാട് ചേരുന്ന യോഗത്തിൽ ലീഗിന്റെ നിർണ്ണായക തീരുമാനം ഉണ്ടാകും.

Related Stories