Skip to content
Kerala

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച 51 സ്നേഹവീടുകൾ കൈമാറി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന ‘സ്നേഹഭവനം’ പദ്ധതിയിലെ ആദ്യഘട്ട വീടുകൾ കൈമാറി. ആകെ പ്രഖ്യാപിച്ച 105 വീടുകളിൽ നിർമ്മാണം പൂർത്തിയായ 51 വീടുകളുടെ താക്കോലും രേഖകളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി

N

News Desk

Published on: 28 Feb 2026, 11:44 pm

മുണ്ടക്കൈ–ചൂരൽമല പുനരധിവാസം: മുസ്ലിം ലീഗ് നിർമ്മിച്ച 51 സ്നേഹവീടുകൾ കൈമാറി

കൽപ്പറ്റ: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ചു നൽകുന്ന ‘സ്നേഹഭവനം’ പദ്ധതിയിലെ ആദ്യഘട്ട വീടുകൾ കൈമാറി. ആകെ പ്രഖ്യാപിച്ച 105 വീടുകളിൽ നിർമ്മാണം പൂർത്തിയായ 51 വീടുകളുടെ താക്കോലും രേഖകളും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ദുരിതബാധിതർക്ക് കൈമാറി. നിറകണ്ണുകളോടെയും നിറഞ്ഞ പ്രതീക്ഷയോടെയുമാണ് കുടുംബങ്ങൾ തങ്ങളുടെ പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയത്.

വയനാട് എംപി പ്രിയങ്കാ ഗാന്ധി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ദുരന്തബാധിതരെ എത്രയും വേഗം പുനരധിവസിപ്പിക്കുക എന്നത് പാർട്ടിയുടെ നിശ്ചയദാർഢ്യമായിരുന്നുവെന്നും അത് സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും നേതാക്കൾ ചടങ്ങിൽ വ്യക്തമാക്കി. ടൗൺഷിപ്പിനോട് ചേർന്ന് വരും ഘട്ടങ്ങളിൽ ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

അത്യാധുനിക സൗകര്യങ്ങളോടെ 1060 സ്ക്വയർ ഫീറ്റിലാണ് ഓരോ വീടും നിർമ്മിച്ചിരിക്കുന്നത്. മൂന്ന് ബെഡ്‌റൂമുകൾ, രണ്ട് ബാത്ത്‌റൂമുകൾ, അടുക്കള, വർക്ക് ഏരിയ, സിറ്റ് ഔട്ട്, ഡൈനിങ്–ലിവിങ് ഏരിയ എന്നിവ വീടിന്റെ ഭാഗമാണ്. ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് ഉയർത്താൻ കഴിയുന്ന തരത്തിൽ ശക്തമായ അടിത്തറയോടെയാണ് നിർമ്മാണം. കുടിവെള്ള സൗകര്യത്തിനായി പ്രത്യേക കിണറും കൂറ്റൻ ടാങ്കും ടൗൺഷിപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.

വീടിന് പുറമെ കുടുംബങ്ങൾക്ക് അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങളും മുസ്ലിം ലീഗ് നൽകി. കട്ടിലുകൾ, മെത്തകൾ, സോഫ സെറ്റ്, മിക്സി, ഗ്രൈൻഡർ തുടങ്ങിയവ ഉൾപ്പെടെയുള്ള കിറ്റും താക്കോൽദാനത്തോടൊപ്പം കൈമാറി. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങിൽ പി.എം.എ സലാം സ്വാഗതവും പുനരധിവാസ സമിതി കൺവീനർ പി.കെ ബഷീർ എംഎൽഎ റിപ്പോർട്ടും അവതരിപ്പിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എംപി, എം.പി അബ്ദുസമദ് സമദാനി എംപി, പി.വി അബ്ദുൽ വഹാബ് എംപി, ഹാരിസ് ബീരാൻ എംപി, ടി സിദ്ധീഖ് എംഎൽഎ തുടങ്ങിയ പ്രമുഖ നേതാക്കളും പ്രോജക്ട് ആർക്കിടെക്ട് ടോണി ജോസഫും ചടങ്ങിൽ സംബന്ധിച്ചു.

Related Stories