കൈ കാണാനില്ലമ്മേ… മുറിച്ചു കളഞ്ഞോ?’; നാലാം ക്ലാസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചു മാറ്റി, ചികിത്സാ പിഴവ് ആരോപണം
“എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ…” ഡോക്ടർമാരുടെ പിഴവിൽ വലതു കൈ നഷ്ടപ്പെട്ട ഒൻപതു വയസ്സുകാരി വിനോദിനിയുടെ ഈ ചോദ്യത്തിനു മുന്നിൽ അമ്മ പ്രസീത മറുപടിയില്ലാതെ നിൽക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവാണ് നാലാം ക്ലാസുകാരിയായ വിനോദിനിയുടെ കൈ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിച്ച

“എന്റെ കൈ കാണാനില്ലമ്മേ, മുറിച്ചു കളഞ്ഞോ…” ഡോക്ടർമാരുടെ പിഴവിൽ വലതു കൈ നഷ്ടപ്പെട്ട ഒൻപതു വയസ്സുകാരി വിനോദിനിയുടെ ഈ ചോദ്യത്തിനു മുന്നിൽ അമ്മ പ്രസീത മറുപടിയില്ലാതെ നിൽക്കുകയാണ്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവാണ് നാലാം ക്ലാസുകാരിയായ വിനോദിനിയുടെ കൈ മുറിച്ചു മാറ്റേണ്ട അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
നിർമാണത്തൊഴിലാളികളായ ആർ. വിനോദിൻ്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. ഒഴിവുപാറ എ.എൽ.പി. സ്കൂളിലെ വിദ്യാർഥിനിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുട്ടി തൻ്റെ കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.
സംഭവത്തിൻ്റെ നാൾവഴി
സെപ്റ്റംബർ 24-ന് വൈകിട്ട് സഹോദരൻ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വീണാണ് വിനോദിനിക്ക് അപകടം സംഭവിക്കുന്നത്.
- പ്രാരംഭ ചികിത്സയിലെ പിഴവ്: കുട്ടിയെ ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ജില്ലാ ആശുപത്രിയിൽ വെച്ച് കൈക്ക് പ്ലാസ്റ്റർ ഇട്ടശേഷം അതേ രാത്രിതന്നെ ഡിസ്ചാർജ് നൽകി.
- വേദന വർധിച്ചു: പ്ലാസ്റ്റർ ഇട്ടശേഷം വേദന സഹിക്കാനാവാതെ കുട്ടി രാത്രി മുഴുവൻ കരഞ്ഞു. പിറ്റേദിവസം വീണ്ടും ജില്ലാ ആശുപത്രിയിൽ കാണിച്ചപ്പോൾ “എല്ലുപൊട്ടിയതല്ലേ, വേദനയുണ്ടാകും” എന്നായിരുന്നു മറുപടി. ഒരാഴ്ച കഴിഞ്ഞുവന്നാൽ മതിയെന്നും ഡോക്ടർമാർ അറിയിച്ചു.
- അവസ്ഥ വഷളായി: വേദന സഹിക്കാൻ കഴിയാതെ കുട്ടി അവശനിലയിലായി. ഇതിനിടെ കയ്യിലെ രക്തയോട്ടം കുറഞ്ഞ് കറുക്കുകയും ദുർഗന്ധത്തോടെ പഴുപ്പ് വരാൻ തുടങ്ങുകയും ചെയ്തു.
- കൈ മുറിച്ചു മാറ്റി: കഴിഞ്ഞ ചൊവ്വാഴ്ച കുട്ടിയെ വീണ്ടും ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സ്ഥിതി ഗുരുതരമായെന്ന് മനസ്സിലാക്കി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. പഴുപ്പ് വ്യാപിച്ചതിനെ തുടർന്ന് കുട്ടിയുടെ വലതു കൈ മുട്ടിനു താഴെ മുറിച്ചുമാറ്റേണ്ടി വന്നു.
ഗുരുതര ആരോപണങ്ങൾ
കുട്ടിയുടെ കൈയുടെ അവസ്ഥ കണ്ടിട്ട് “ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞ് അയയ്ക്കാൻ, ഈ പഴുപ്പൊന്നും പാലക്കാട്ടെ ആശുപത്രിക്കാർ കണ്ടില്ലേ” എന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ചോദിച്ചതായി മുത്തശ്ശി ഓമന പറഞ്ഞു. വീഴ്ചയിൽ കുട്ടിയുടെ കൈക്ക് മുറിവുണ്ടായിരുന്നെന്നും, അതൊന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ ശ്രദ്ധിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് കുട്ടിയുടെ തുടർജീവിതത്തെക്കുറിച്ചും പഠനത്തെക്കുറിച്ചുമുള്ള കടുത്ത ആശങ്കകളാണുള്ളത്. ജില്ലാ ആശുപത്രിയിൽ വിനോദിനിയെ പരിശോധിച്ച ഡോക്ടർമാർക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് മുത്തശ്ശി ഓമന വാസു ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
