Skip to content
Kerala

ഇന്ത്യയെ അമ്പരപ്പിച്ച് ജെന്‍സി മൂവ് മെന്റ്, ‘കോക്രോച്ച് ജനതാ പാർട്ടി’ തരംഗമാകുന്നു

തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) വൻ തരംഗമാകുന്നു. ‘മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്‌ലൈനോടെ ഡിജിറ്

N

News Desk

Published on: 20 May 2026, 11:44 am

ഇന്ത്യയെ അമ്പരപ്പിച്ച് ജെന്‍സി മൂവ് മെന്റ്, ‘കോക്രോച്ച് ജനതാ പാർട്ടി’ തരംഗമാകുന്നു

തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ ഉപമിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) വൻ തരംഗമാകുന്നു. ‘മടിയന്മാരും, എപ്പോഴും ഓൺലൈനിൽ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കൾക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്‌ലൈനോടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ആരംഭിച്ച ഈ ആക്ഷേപഹാസ്യ കൂട്ടായ്മയിൽ ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് അംഗത്വമെടുത്തത്.

സുപ്രീംകോടതിയിലെ ഒരു വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കൾ ആർ.ടി.ഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഇതിനോടുള്ള പ്രതിഷേധമെന്നോണം മേയ് 16-നാണ് ഈ ഡിജിറ്റൽ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ മുപ്പതുകാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ.

നിലവിൽ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന് നാല് ലക്ഷത്തിലധികവും എക്സ് (ട്വിറ്റർ) അക്കൗണ്ടിന് മുപ്പത്തിയെട്ടായിരത്തിലധികവും ഫോളോവേഴ്‌സുണ്ട്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖരും ഈ കൂട്ടായ്മയിൽ പ്രതീകാത്മകമായി അംഗത്വമെടുത്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും എന്നാൽ വ്യവസ്ഥിതിയിലെ പോരായ്മകളെ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുമെന്നുമാണ് ഈ ഡിജിറ്റൽ കൂട്ടായ്മ പ്രഖ്യാപിക്കുന്നത്.

തീർത്തും ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെങ്കിലും പാർട്ടി മുന്നോട്ട് വെക്കുന്ന അഞ്ചിന മാനിഫെസ്റ്റോ ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. വിരമിച്ച ശേഷം ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ സീറ്റ് പ്രതിഫലമായി നൽകരുത്, പാർലമെന്റിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക, പാർട്ടി മാറുന്ന ജനപ്രതിനിധികൾക്ക് 20 വർഷത്തേക്ക് വിലക്കേർപ്പെടുത്തുക, വോട്ടർമാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണറെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്യുക, കോർപ്പറേറ്റ് ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ.

Related Stories