Skip to content
Kerala

ഒരുമയുടെ സ്നേഹസന്ദേശവുമായി പാതിരാ കൂട്ടയോട്ടം

ഐക്യത്തിന്‍റെയും സ്ത്രീ സുരക്ഷയുടെയും സന്ദേശമുയർത്തി കണ്ണൂരിൽ സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ പാതിരാ കൂട്ടയോട്ടം ശ്രദ്ധേയമായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച മിഡ്നൈറ്റ് മാരത്തോണിന്‍റെ അഞ്ചാം പതിപ്പാണ് ഇത്തവണ നടന്നത്. ശനിയാഴ്ച രാത്രി 11 മണിക്ക് കലക്ടറേറ്റ് പര

N

News Desk

Published on: 3 Mar 2025, 9:16 am

ഒരുമയുടെ സ്നേഹസന്ദേശവുമായി പാതിരാ കൂട്ടയോട്ടം

ഐക്യത്തിന്‍റെയും സ്ത്രീ സുരക്ഷയുടെയും സന്ദേശമുയർത്തി കണ്ണൂരിൽ സംഘടിപ്പിച്ച ‘റൺ ഫോർ യൂണിറ്റി’ പാതിരാ കൂട്ടയോട്ടം ശ്രദ്ധേയമായി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച മിഡ്നൈറ്റ് മാരത്തോണിന്‍റെ അഞ്ചാം പതിപ്പാണ് ഇത്തവണ നടന്നത്.

ശനിയാഴ്ച രാത്രി 11 മണിക്ക് കലക്ടറേറ്റ് പരിസരത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി സുമേഷ് എം.എൽ.എ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സി.സി.എഫ് കെ.എസ് ദീപ, ഡി.ടി.പി.സി സെക്രട്ടറി ശ്യാം എന്നിവർ പങ്കെടുത്തു. പുലർച്ചെ 12.30 ഓടെയാണ് കൂട്ടയോട്ടം സമാപിച്ചത്.

താവക്കര, പുതിയ ബസ് സ്റ്റാൻഡ് റോഡ്, ഫോർട്ട് റോഡ്, പ്രഭാത് ജംഗ്ഷൻ, സെന്‍റ് മൈക്കിൾസ് സ്‌കൂൾ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ, ശ്രീനാരായണ പാർക്ക്, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡ്, ടൗൺ സ്‌ക്വയർ, താലൂക്ക് ഓഫീസ് വഴി തിരികെ കലക്ടേറ്റിലാണ് ഓട്ടം പൂർത്തിയാക്കിയത്.

വിവിധ വിഭാഗങ്ങളിലായി 800-ൽ അധികം പേർ പങ്കെടുത്തു. അഞ്ച് പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്. പുരുഷവിഭാഗത്തിൽ റോയൽ റണ്ണേഴ്‌സ് കാലിക്കറ്റും, വനിതാവിഭാഗത്തിൽ കെ.എസ് ദീപയുടെ നേതൃത്വത്തിലുള്ള ടീമും ജേതാക്കളായി. ട്രാൻസ്ജെൻഡർ പ്രതിനിധികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. അഞ്ച് വയസ്സുകാരി മാളവിക ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായപ്പോൾ 65 കാരൻ ഖാലിദ് പ്രായം കൂടിയ മത്സരാർത്ഥിയായി.

വിജയികൾക്ക് യഥാക്രമം 7500, 5000, 2500 രൂപ സമ്മാനമായി നൽകി. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, സി.സി.എഫ് കെ.എസ് ദീപ എന്നിവർ സമ്മാനദാനം നിർവഹിച്ചു. രജിസ്റ്റർ ചെയ്ത എല്ലാവർക്കും ടീഷർട്ടും മത്സരം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ചിരട്ട കൊണ്ടുള്ള മെഡലും നൽകി.

സാമൂഹിക ഐക്യം, സ്ത്രീ സുരക്ഷ, ആരോഗ്യമുള്ള സമൂഹം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചത്. കഴിഞ്ഞ നാല് വർഷമായി കണ്ണൂരിൽ നടത്തിവരുന്ന മിഡ്നൈറ്റ് യൂണിറ്റി റൺ സാമൂഹിക ഐക്യത്തിന്‍റെയും പരസ്പരസഹകരണത്തിന്‍റെയും പ്രതീകമായി മാറിയിരിക്കുകയാണ്.

Related Stories