Skip to content
Kerala

ചികിത്സാപ്പിഴവിനെ തുടർന്ന് കാല്‍ മുറിച്ച് മാറ്റിയ സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അബ്ദുല്‍ ജബ്ബാർ

കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ വൈകിയതാണ് കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

W

web desk

Published on: 11 Nov 2026, 10:39 am

ചികിത്സാപ്പിഴവിനെ തുടർന്ന് കാല്‍ മുറിച്ച് മാറ്റിയ സംഭവം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അബ്ദുല്‍ ജബ്ബാർ

പറവൂർ താലൂക്ക് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് കാൽ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരനായ അബ്ദുൾ ജബ്ബാർ രംഗത്ത്. കടമ നിർവഹിക്കുന്നതിൽ ഗുരുതരമായ അലംഭാവം കാണിച്ച സൂപ്രണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യമന്ത്രി എന്നിവർക്കാണ് അബ്ദുൾ ജബ്ബാർ പരാതി നൽകിയത്. കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ വൈകിയതാണ് കാൽ മുറിച്ചുമാറ്റേണ്ട സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.

കഴിഞ്ഞ ജൂലൈ 26-ന് രാത്രിയിലാണ് അസഹ്യമായ കാലുവേദനയെ തുടർന്ന് അബ്ദുൾ ജബ്ബാർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ പ്രാഥമികമായി മരുന്ന് നൽകി ഇയാളെ തിരിച്ചയക്കുകയായിരുന്നു. തുടർന്ന് പുലർച്ചെയോടെ അസഹ്യമായ വേദനയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ എത്തിയെങ്കിലും അപ്പോഴും മരുന്ന് നൽകി വീണ്ടും തിരിച്ചയക്കുകയാണുണ്ടായത്. പിന്നീട് ജൂലൈ 27-ന് ഉച്ചയ്ക്ക് സർജൻ എത്തി പരിശോധിച്ചപ്പോഴാണ് വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നതും ഉടനടി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുന്നതും.

എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് പറവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ജൂലൈ 26-ന് രണ്ടാമത് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ രോഗിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കി അബ്ദുൾ ജബ്ബാർ ഒപ്പിട്ടു നൽകിയിരുന്നുെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം.

അതേസമയം, ആശുപത്രി അധികൃതരുടെ ഈ വാദം അബ്ദുൾ ജബ്ബാർ പൂർണ്ണമായും തള്ളി. ജൂലൈ 26-ന് റഫർ ചെയ്യുകയോ ഒപ്പിട്ടു നൽകുകയോ ചെയ്തിട്ടില്ലെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് ഇയാളുടെ പ്രതികരണം. വിഷയത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചാൽ കൃത്യമായ പരിശോധന നടത്തുമായിരിന്നു എന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് അബ്ദുൾ ജബ്ബാർ പരാതി കൈമാറിയിരിക്കുന്നത്.

Related Stories