Skip to content
Kerala

ധർമ്മസ്ഥല കേസിൽ നിർണ്ണായക വഴിത്തിരിവ്; വെളിപ്പെടുത്തൽ നടത്തിയ സാക്ഷി അറസ്റ്റിൽ

ഏറെ കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥല കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ പ്രധാന സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയെന്ന് ആരോപിച്ചാണ് നടപടി. ഏകദേശം 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പ

N

News Desk

Published on: 23 Aug 2025, 11:20 am

ധർമ്മസ്ഥല കേസിൽ നിർണ്ണായക വഴിത്തിരിവ്; വെളിപ്പെടുത്തൽ നടത്തിയ സാക്ഷി അറസ്റ്റിൽ

ഏറെ കോളിളക്കം സൃഷ്ടിച്ച ധർമ്മസ്ഥല കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ പ്രധാന സാക്ഷിയെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന് കണ്ടെത്തിയെന്ന് ആരോപിച്ചാണ് നടപടി.

ഏകദേശം 17 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കും.

നൂറിലധികം മൃതദേഹങ്ങൾ ധർമ്മസ്ഥലയിൽ കുഴിച്ചിട്ടിട്ടുണ്ട് എന്നായിരുന്നു സാക്ഷിയുടെ പ്രധാന വെളിപ്പെടുത്തൽ. എന്നാൽ, ഈ വാദത്തെ സാധൂകരിക്കുന്ന യാതൊരു തെളിവും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. എസ്ഐടി മേധാവി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ ശനിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഒടുവിൽ, പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.

അറസ്റ്റിന് ബലമേകുന്ന മറ്റ് ചില വെളിപ്പെടുത്തലുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. 2003-ൽ ധർമ്മസ്ഥലയിൽ വെച്ച് തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായി എന്ന് പരാതി നൽകിയിരുന്ന സുജാത ഭട്ട്, തന്റെ പരാതി വ്യാജമായിരുന്നുവെന്ന് ഏറ്റുപറഞ്ഞു. ഗിരീഷ് മട്ടന്നവർ, ജയന്ത് ടി. എന്നിവരുടെ പ്രേരണയെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്നും, ഇതിന് പിന്നിൽ കുടുംബ സ്വത്ത് സംബന്ധിച്ച തർക്കങ്ങളായിരുന്നുവെന്നും അവർ ‘ഇൻസൈറ്റ് റഷ്’ എന്ന യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് അവർ ജനങ്ങളോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ഇതിനുപുറമെ, അറസ്റ്റിലായ സാക്ഷിയുടെ ആദ്യ ഭാര്യയാണെന്ന് അവകാശപ്പെട്ട ഒരു സ്ത്രീയും ഇയാൾക്കെതിരെ രംഗത്തെത്തിയിരുന്നു. അയാൾ മോശം സ്വഭാവക്കാരനാണെന്നും പണത്തിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നതെന്നും വെളിപ്പെടുത്തലുകൾ സത്യമല്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഈ സംഭവ വികാസങ്ങൾ കേസിന് പുതിയ മാനം നൽകിയിരിക്കുകയാണ്.

Related Stories