Skip to content
Kerala

രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നു; ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്

ആം ആദ്മി പാർട്ടിയിൽ (എഎപി) വൻ രാഷ്ട്രീയ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച ഡല്‍ഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ബിജെപി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഘവ് ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, അശോക മിത്തൽ ഉൾപ്പെടെയുള്ള മറ്റ് ആറ് എം

N

News Desk

Published on: 24 Apr 2026, 4:39 pm

രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നു; ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്

ആം ആദ്മി പാർട്ടിയിൽ (എഎപി) വൻ രാഷ്ട്രീയ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ ബിജെപിയിൽ ചേർന്നു. വെള്ളിയാഴ്ച  ഡല്‍ഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ബിജെപി പ്രവേശം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാഘവ് ഛദ്ദയ്‌ക്കൊപ്പം സന്ദീപ് പഥക്, അശോക മിത്തൽ ഉൾപ്പെടെയുള്ള മറ്റ് ആറ് എംപിമാരും ബിജെപിയിൽ ചേരുന്നതോടെ രാജ്യസഭയിലെ എഎപിയുടെ അംഗബലത്തിൽ വൻ ഇടിവുണ്ടാകും.

അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ വന്ന എഎപി ഇപ്പോൾ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും പൂർണ്ണമായും വ്യതിചലിച്ചുവെന്ന് രാഘവ് ഛദ്ദ ആരോപിച്ചു. തന്റെ ജീവിതത്തിലെ 15 വർഷം പാർട്ടിക്കായി സമർപ്പിച്ചുവെന്നും എന്നാൽ ഇപ്പോൾ ‘തെറ്റായ പാർട്ടിയിലെ ശരിയായ ആളായി’ താൻ മാറിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇപ്പോൾ രാജ്യതാൽപ്പര്യത്തിന് പകരം വ്യക്തിപരമായ നേട്ടങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയതു മുതൽ രാഘവ് ഛദ്ദ പാർട്ടി നേതൃത്വവുമായി പരസ്യമായ അകൽച്ചയിലായിരുന്നു. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും പരാജയപ്പെടില്ലെന്ന് അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു. ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഛദ്ദക്കൊപ്പം ബിജെപിയിലേക്ക് മാറുകയാണ്. ബിജെപിയിൽ ചേരുന്നതോടെ രാഘവ് ഛദ്ദ കേന്ദ്രമന്ത്രിസഭയിൽ അംഗമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

അതേസമയം, ഛദ്ദയുടെ നീക്കത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തി. ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം സ്വന്തം പ്രശസ്തിക്കായി ‘സോഫ്റ്റ് പിആർ’ പ്രവർത്തനങ്ങളിലാണ് ഛദ്ദ ശ്രദ്ധിക്കുന്നതെന്ന് ഭഗവന്ത് മൻ പരിഹസിച്ചു. രാഷ്ട്രീയ സമ്മർദ്ദവും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്തുമാണ് ബിജെപി നേതാക്കളെ അടർത്തിയെടുക്കുന്നതെന്ന് എഎപി നേതൃത്വം ആരോപിച്ചു. വരും ദിവസങ്ങളിൽ അരവിന്ദ് കെജ്രിവാളിനും എഎപിക്കും ഇത് വലിയ രാഷ്ട്രീയ വെല്ലുവിളിയാകും.

Related Stories