Skip to content
Kerala

‘ജന്മഭൂമിയിലെ ആ ലേഖനം ഞാൻ എഴുതിയതല്ല, ഞാൻ ആ പത്രം കാണാറില്ല’; വിശദീകരണവുമായി എം.എൻ കാരശ്ശേരി

ജന്മഭൂമി പത്രത്തിന്റെ വാരാന്ത്യപതിപ്പിൽ തന്റെ പേരിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനം താൻ എഴുതിയതല്ലെന്ന വിശദീകരണവുമായി പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരി രംഗത്തെത്തി. തന്റെ പേരും ഫോട്ടോയും വെച്ച് തെറ്റായ രീതിയിലാണ് ഈ ലേഖനം അച്ചടിച്ചു വന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്

N

News Desk

Published on: 4 Jun 2026, 10:43 am

‘ജന്മഭൂമിയിലെ ആ ലേഖനം ഞാൻ എഴുതിയതല്ല, ഞാൻ ആ പത്രം കാണാറില്ല’; വിശദീകരണവുമായി എം.എൻ കാരശ്ശേരി

ജന്മഭൂമി പത്രത്തിന്റെ വാരാന്ത്യപതിപ്പിൽ തന്റെ പേരിൽ പ്രസിദ്ധീകരിച്ചു വന്ന ലേഖനം താൻ എഴുതിയതല്ലെന്ന വിശദീകരണവുമായി പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം.എൻ കാരശ്ശേരി രംഗത്തെത്തി. തന്റെ പേരും ഫോട്ടോയും വെച്ച് തെറ്റായ രീതിയിലാണ് ഈ ലേഖനം അച്ചടിച്ചു വന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വ്യക്തമാക്കി.

അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നിന്നും വിരമിക്കുന്ന മലയാളം പ്രൊഫസർ ടി.എൻ സതീശനെക്കുറിച്ച് മെയ് 31-ന് പുറത്തിറങ്ങിയ ജന്മഭൂമി വാരാന്ത്യപതിപ്പിലാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്. ‘അലിഗഢിൽ 38 വർഷത്തെ മലയാള സാധന’ എന്ന തലക്കെട്ടിൽ വന്ന ലേഖനത്തിൽ പ്രൊഫസറുടെ അക്കാദമിക് മികവുകളെയും സർവകലാശാലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ടായിരുന്നു.

കാരശ്ശേരിയുടെ പേരിൽ ജന്മഭൂമിയിൽ ലേഖനം വന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇത്തരമൊരു ലേഖനം വന്നിട്ടും കാരശ്ശേരി എന്തുകൊണ്ടാണ് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പോലും ഇതിനെതിരെ നിഷേധക്കുറിപ്പ് ഇറക്കാത്തത് എന്ന് പലരും ചോദ്യങ്ങൾ ഉയർത്തി. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

പ്രൊഫസർ ടി.എൻ സതീശൻ അവനവനെക്കുറിച്ച് തന്നെ എഴുതിയ ലേഖനമാണ് തന്റെ പേരിൽ തെറ്റായി വന്നതെന്ന് കാരശ്ശേരി പറഞ്ഞു. താൻ ജന്മഭൂമി പത്രം കാണാറില്ലെന്നും ലേഖനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റ് പറ്റിയ സാഹചര്യത്തിൽ പത്രത്തിൽ തിരുത്ത് നൽകാൻ സതീശനെത്തന്നെ ചുമതലപ്പെടുത്തിയിരുന്നതായും, എന്നാൽ ജന്മഭൂമി അധികൃതർ ആരും ഇതുവരെ ഒഫീഷ്യലായി തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും കാരശ്ശേരി കൂട്ടിച്ചേർത്തു.

Related Stories