Skip to content
Kerala

കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ പിണറായിയുടെ അതേ അവകാശമുണ്ട്; എ.കെ. ബാലന്റേത് മാർക്സിസ്റ്റ് മനോരോഗമെന്ന് ജിന്റോ ജോൺ

യുഡിഎഫ് അധികാരത്തിലെത്തിയാൽ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഒരു ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ പിണറായി വിജയനുള്ള അതേ അവകാശമുണ്ടെന്ന് ജിന്റോ ജോൺ വ്യക്തമാക്കി. യുഡിഎഫ് ആരെ

N

News Desk

Published on: 28 Apr 2026, 10:57 pm

കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ പിണറായിയുടെ അതേ അവകാശമുണ്ട്; എ.കെ. ബാലന്റേത് മാർക്സിസ്റ്റ് മനോരോഗമെന്ന് ജിന്റോ ജോൺ

യുഡിഎഫ് അധികാരത്തിലെത്തിയാൽ പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന സിപിഎം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഒരു ഇന്ത്യൻ പൗരനായ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിയാകാൻ പിണറായി വിജയനുള്ള അതേ അവകാശമുണ്ടെന്ന് ജിന്റോ ജോൺ വ്യക്തമാക്കി.

യുഡിഎഫ് ആരെ നിശ്ചയിക്കുന്നുവോ അവർ മുഖ്യമന്ത്രിയാകുമെന്നും, ഭരണകർത്താവിന്റെ മതം നോക്കി ചാപ്പയടിക്കുന്ന രീതി ‘മാർക്സിസ്റ്റ് മനോരോഗ’മാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

ഇ.എം.എസ് നമ്പൂതിരിപ്പാട്, നായനാർ, വി.എസ്. അച്യുതാനന്ദൻ, ആർ. ശങ്കർ, കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി തുടങ്ങിയവർക്കൊക്കെ മുഖ്യമന്ത്രിയാകാമെങ്കിൽ കുഞ്ഞാലിക്കുട്ടിക്കും ആ സ്ഥാനത്തെത്താൻ തടസ്സമില്ലെന്ന് ജിന്റോ ചൂണ്ടിക്കാട്ടി. വ്യക്തികളുടെ മതം നോക്കി വിവേചനം കാണിക്കുന്ന സിപിഎം നിലപാട് തിരുത്താൻ തയ്യാറായില്ലെങ്കിൽ എകെജി സെന്റർ താമസിയാതെ മാരാർജി ഭവന്റെ (ബിജെപി ഓഫീസ്) ബ്രാഞ്ച് ഓഫീസായി മാറുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെയാണ് യുഡിഎഫ് തിരഞ്ഞെടുക്കുന്നതെന്നും അത് ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം പ്രതിനിധിയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കേരളത്തിന് പുറത്ത് ‘ഇൻഡ്യ’ മുന്നണിയുടെ ഭാഗമായി മുസ്‌ലിം ലീഗിന്റെ വോട്ടും പിന്തുണയും വാങ്ങി പാർലമെന്റിൽ എത്തിയ ശേഷം മാർക്സിസ്റ്റ് നേതാക്കൾ ഇത്തരത്തിൽ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണനഷ്ടം സ്വപ്നം കണ്ട് ഞെട്ടിയുണരുന്ന സിപിഎം നേതാക്കൾ അതിന്റെ പഴി മുസ്‌ലിംകളുടെ തലയിൽ ചാരുന്നത് എന്തിനാണെന്നും ജിന്റോ ചോദിച്ചു. തോൽവി ഭയന്നുള്ള ഇത്തരം പ്രസ്താവനകൾക്ക് മരുന്ന് മതേതരബോധത്തിന്റെ ബാലപാഠങ്ങൾ പഠിക്കുക എന്നതാണെന്നും അദ്ദേഹം എ.കെ. ബാലനെ ഓർമ്മിപ്പിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെക്കാലം മതസംഘടനകളുടെ പിന്തുണ വാങ്ങി അധികാരത്തിലിരുന്നപ്പോൾ ഇല്ലാത്ത വർഗീയതയാണ് ഇപ്പോൾ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ വന്നപ്പോൾ സിപിഎം ഉന്നയിക്കുന്നതെന്ന് ജിന്റോ വിമർശിച്ചു. സ്വന്തം പാളയത്തിലെ വർഗീയ വിളംബരങ്ങൾ കാണാതെ പോകുന്ന എം. സ്വരാജിനെപ്പോലുള്ള നേതാക്കൾ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ബാലനെയും വിജയരാഘവനെയും പോലുള്ളവരുടെ തലയിൽ മരുന്നുതളം വയ്ക്കാൻ സിപിഎമ്മിൽ ആരുമില്ലേ എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിച്ചു.

Related Stories