Skip to content
Kerala

KPCC പ്രസിഡന്റിന് പുല്ലുവില: ചെന്നിത്തലയുടെ പത്ര പരസ്യത്തിനെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമാകുന്നു

കെപിസിസി അധ്യക്ഷന്റെ വിലക്കും കർശന താക്കീതും അവഗണിച്ച് ഇംഗ്ലീഷ് പത്രത്തിൽ ഫുൾ പേജ് പരസ്യം നൽകി സ്വയം പുകഴ്ത്തിയ രമേശ് ചെന്നിത്തലയുടെ നടപടിക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് ചെന്നിത്തലയുടെ ഈ ‘പ്രാഞ്ചിയേട്ടൻ’ മോഡ

N

News Desk

Published on: 27 Apr 2026, 2:02 pm

KPCC പ്രസിഡന്റിന് പുല്ലുവില: ചെന്നിത്തലയുടെ പത്ര പരസ്യത്തിനെതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തമാകുന്നു

കെപിസിസി അധ്യക്ഷന്റെ വിലക്കും കർശന താക്കീതും അവഗണിച്ച് ഇംഗ്ലീഷ് പത്രത്തിൽ ഫുൾ പേജ് പരസ്യം നൽകി സ്വയം പുകഴ്ത്തിയ രമേശ് ചെന്നിത്തലയുടെ നടപടിക്കെതിരെ കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് ചെന്നിത്തലയുടെ ഈ ‘പ്രാഞ്ചിയേട്ടൻ’ മോഡൽ സ്വയം പുകഴ്ത്തൽ അരങ്ങേറിയത്.

പരസ്യപ്രതികരണങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ നിർത്തണമെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേതാക്കൾക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ നേതൃത്വത്തിന്റെ ഈ നിർദേശങ്ങളെ പുല്ലുപോലെ തള്ളിക്കളഞ്ഞാണ് ചെന്നിത്തല ഇംഗ്ലീഷ് പത്രത്തിൽ ലക്ഷങ്ങൾ പൊടിച്ച് പരസ്യം നൽകിയത്. കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടിയല്ല, മറിച്ച് ഡൽഹിയിലെ ഹൈക്കമാൻഡിനെ പ്രീണിപ്പിക്കാനാണ് പരസ്യം ഇംഗ്ലീഷിലാക്കിയതെന്ന വിമർശനം പാർട്ടിയിൽ ഉയർന്നിട്ടുണ്ട്.

‘ലോങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പെയ്ഡ് ഫീച്ചറിൽ തന്നെത്തന്നെ പുകഴ്ത്തുന്ന വിശേഷണങ്ങളാണ് ചെന്നിത്തല ഉപയോഗിച്ചിരിക്കുന്നത്. അധികാരമോഹമില്ലാത്ത ത്യാഗമയിയായും കേരള രാഷ്ട്രീയത്തിലെ അതികായനായും സ്വയം അവരോധിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതിനായി ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, രാഹുൽ ഗാന്ധി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളും പരസ്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി എ. പ്രജിൻ ബാബുവാണ് ഈ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ പത്രത്തിൽ പരസ്യം നൽകി ‘യോഗ്യത’ തെളിയിക്കാൻ നേതാക്കൾ മത്സരിക്കുന്നത് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ അച്ചടക്കം പാടേ തകർന്നതിന്റെ തെളിവാണ് ചെന്നിത്തലയുടെ ഈ നടപടിയെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. മുഖ്യമന്ത്രി പട്ടം സ്വപ്നം കണ്ടുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കുമെന്ന ആശങ്കയും കോൺഗ്രസ് പ്രവർത്തകർ പങ്കുവെക്കുന്നു.

Related Stories