Skip to content
Kerala

ഖത്തർ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം; മരിച്ചവരിൽ മലയാളിയും

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഖത്തർ എനർജി ഗ്യാസ് പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു മലയാളി ഉൾപ്പെടെ 13 പേർ മരണപ്പെട്ടു. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയായ അർജുൻ (29) ആണ് അപകടത്തിൽ മരിച്ച മലയാളി. ബർസാൻ ഗ്യാസ് പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

N

News Desk

Published on: 23 Jun 2026, 4:04 pm

ഖത്തർ ഗ്യാസ് പ്ലാന്റിൽ സ്ഫോടനം; മരിച്ചവരിൽ മലയാളിയും

കോഴിക്കോട്: ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള ഖത്തർ എനർജി ഗ്യാസ് പ്ലാന്റിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ ഒരു മലയാളി ഉൾപ്പെടെ 13 പേർ മരണപ്പെട്ടു. കോഴിക്കോട് തൂണേരി വെള്ളൂർ സ്വദേശിയായ അർജുൻ (29) ആണ് അപകടത്തിൽ മരിച്ച മലയാളി. ബർസാൻ ഗ്യാസ് പ്ലാന്റിൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. സ്ഫോടനത്തിൽ 12 ഇന്ത്യക്കാരുൾപ്പെടെയാണ് 13 പേർ മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു നാടുനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറാണ് വൻ സ്ഫോടനത്തിലേക്കും തുടർന്ന് തീപിടിത്തത്തിലേക്കും നയിച്ചതെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചു. അപകടത്തിൽ മറ്റ് അട്ടിമറികളോ ബാഹ്യ ഇടപെടലുകളോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തെ തുടർന്ന് 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അടിയന്തര അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ 2025 ഡിസംബർ മുതൽ ഈ ബർസാൻ ഗ്യാസ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി രണ്ട് ദിവസം മുമ്പ് മാത്രമാണ് പ്ലാന്റിന്റെ പ്രവർത്തനം വീണ്ടും പുനരാരംഭിച്ചത്. ഇതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച വൻ ദുരന്തം സംഭവിച്ചത്. നിലവിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

2022ൽ കമ്മീഷൻ ചെയ്ത ബർസാൻ ഗ്യാസ് കേന്ദ്രം ഖത്തറിലെ പ്രാദേശിക ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിച്ചിരുന്നത്. വ്യവസായങ്ങൾക്കും വൈദ്യുതി ഉൽപാദനത്തിനും ജലശുദ്ധീകരണ പ്ലാന്റുകൾക്കുമുള്ള പൈപ്പ്‌ലൈൻ ഗ്യാസും ഹൈഡ്രോകാർബൺ ഉൽപന്നങ്ങളുമാണ് ഇവിടെ നിന്നും വിതരണം ചെയ്തിരുന്നത്. പ്രാദേശിക വിപണിയെ മാത്രം ആശ്രയിക്കുന്ന പ്ലാന്റായതിനാൽ ഈ അപകടം രാജ്യത്തിന്റെ അന്താരാഷ്ട്ര ഗ്യാസ് കയറ്റുമതിയെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ഖത്തർ എനർജി വ്യക്തമാക്കി.

Related Stories