Skip to content
Kerala

എം.സി മായിൻ ഹാജി ചെയർമാൻ; സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

സംസ്ഥാന വഖഫ് ബോർഡ് പൂർണമായും പിരിച്ചുവിട്ട് പുതിയ ഒൻപതംഗ ഭരണസമിതിയെ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി. മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. മുൻപ് തുടർച്ചയായി 18 വർഷം വഖഫ് ബോർഡിൽ മുത്തവല്ലി വിഭാഗത്തിൽ നി

N

News Desk

Published on: 17 Oct 2026, 9:17 am

എം.സി മായിൻ ഹാജി ചെയർമാൻ; സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു

സംസ്ഥാന വഖഫ് ബോർഡ് പൂർണമായും പിരിച്ചുവിട്ട് പുതിയ ഒൻപതംഗ ഭരണസമിതിയെ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമായ എം.സി. മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. മുൻപ് തുടർച്ചയായി 18 വർഷം വഖഫ് ബോർഡിൽ മുത്തവല്ലി വിഭാഗത്തിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു ഇദ്ദേഹം.

പുതിയ വഖഫ് ബോർഡിൽ ചെയർമാൻ എം.സി. മായിൻ ഹാജിയെക്കൂടാതെ എം.പി. മുസ്തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഡോ. എ.ഐ. മജീദ് സ്വലാഹി, എം.എൽ.എ പ്രതിനിധിയായി കുറുക്കോളി മൊയ്തീൻ, ജസീം സബാഹ് സി., സജ്ന ഫിറോസ്, സിറാസ് ഡി. കപാസി, മദീന ബീഗം എന്നിവരാണ് മറ്റ് അംഗങ്ങൾ. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകൾക്ക് ബോർഡിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്.

അതേസമയം, അമുസ്ലിം അംഗങ്ങളുടെ നാമനിർദേശം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിന്നീട് തീരുമാനിക്കുമെന്ന നിലപാടിലാണ് സർക്കാർ.

മുൻ ബോർഡിലെ ചില അംഗങ്ങളുടെ യോഗ്യത ചോദ്യം ചെയ്തും തർക്കങ്ങൾ ഉന്നയിച്ചും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹരജികൾ നിലനിൽക്കുന്നുണ്ട്. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പരിഗണിച്ചാണ് സർക്കാർ ഇപ്പോൾ സമ്പൂർണ പുനഃസംഘടന നടത്തിയത്. കോടതി പരാമർശങ്ങളും കേസ് നടപടികളും പുതിയ ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.

നേരത്തെ എൽ.ഡി.എഫ് നിയോഗിച്ച സമിതിയിലെ കെ.എസ്. ഹംസ ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇടക്കാല ഉത്തരവിലൂടെ ലഭിച്ച അനുമതിയുടെയും പുതിയ വഖഫ് ഭേദഗതി നിയമം നൽകുന്ന അധികാരത്തിന്റെയും പിൻബലത്തിലാണ് സർക്കാരിന്റെ ഈ നീക്കം. നിലവിൽ തീരുമാനത്തിനെതിരെ നിയമപോരാട്ടങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും ഏറെക്കാലമായി തുടർന്ന തർക്കങ്ങൾക്കാണ് ഇതോടെ താത്കാലിക പരിഹാരമായിരിക്കുന്നത്.

Related Stories