Skip to content
Kerala

വൈദ്യുതി പ്രതിസന്ധി അഴിമതിയുടെ ഫലം; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി.ഡി. സതീശൻ

കൊടുംചൂടിനിടെ സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത പത്ത് വർഷമെന്ന് അവകാശപ്പെട്ട പിണറായി സർക്കാരിന്റെ പെരുംനുണകൾ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. അപ്രഖ്യാപിത ലോഡ്

N

News Desk

Published on: 25 Apr 2026, 3:36 pm

വൈദ്യുതി പ്രതിസന്ധി അഴിമതിയുടെ ഫലം; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി.ഡി. സതീശൻ

കൊടുംചൂടിനിടെ സംസ്ഥാനത്ത് രാത്രികാലങ്ങളിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് പവർകട്ട് ഇല്ലാത്ത പത്ത് വർഷമെന്ന് അവകാശപ്പെട്ട പിണറായി സർക്കാരിന്റെ പെരുംനുണകൾ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഉടൻ പിൻവലിക്കണമെന്നും വൈദ്യുതി നിയന്ത്രണം തുടർന്നാൽ യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അഴിമതി ലക്ഷ്യമിട്ട് സർക്കാരിലെയും വൈദ്യുതി ബോർഡിലെയും ഉന്നതർ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് സതീശൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് വൈദ്യുതി വാങ്ങാൻ ഒപ്പിട്ട ദീർഘകാല കരാറുകൾ അഴിമതിക്കായി പിണറായി സർക്കാർ റദ്ദാക്കി. ഇതിന് ശേഷം 6 മുതൽ 12 രൂപ വരെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടി വന്നതിലൂടെ ദിവസേന 15 മുതൽ 20 കോടി രൂപയുടെ നഷ്ടമാണ് ബോർഡിനുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദീർഘകാല കരാർ റദ്ദാക്കിയതിലൂടെ 2040 വരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനുള്ള ബാധ്യതയിൽ നിന്ന് സ്വകാര്യ കമ്പനികളെ സർക്കാർ രക്ഷിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ തീരുമാനത്തിലൂടെ വൈദ്യുതി ബോർഡിന് വൻ നഷ്ടമുണ്ടായപ്പോഴും സ്വകാര്യ കമ്പനികൾക്ക് 2000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. ഈ അഴിമതിപ്പണത്തിന്റെ വിഹിതം ആർക്കൊക്കെയാണ് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും ഇതിന് പിന്നിൽ സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നും സതീശൻ പറഞ്ഞു.

കരാറുകൾ റദ്ദാക്കിയത് റെഗുലേറ്ററി കമ്മിഷനാണെങ്കിലും കെ.എസ്.ഇ.ബിക്കും സർക്കാരിലെ ഉന്നതർക്കും ഇതിൽ കൃത്യമായ പങ്കുണ്ട്. കരാറുകൾ നിലനിന്നിരുന്നുവെങ്കിൽ ഇപ്പോൾ ജനങ്ങളെ ദുരിതത്തിലാക്കുന്ന ലോഡ് ഷെഡ്ഡിങ്ങും നിരക്ക് വർദ്ധനയും ഒഴിവാക്കാമായിരുന്നു. യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ഈ 2000 കോടി രൂപയുടെ വൈദ്യുതി അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Related Stories