Skip to content
Kerala

കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഓരോ കേരളപ്പിറവി ദിനവും ആഘോഷിക്കാറുണ്ടെങ്കിലും ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ച

N

News Desk

Published on: 1 Nov 2025, 5:04 pm

കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരളം ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. ഓരോ കേരളപ്പിറവി ദിനവും ആഘോഷിക്കാറുണ്ടെങ്കിലും ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രി ഈ ചരിത്രപ്രധാനമായ പ്രഖ്യാപനം നടത്തിയത്. എന്നാൽ, പ്രഖ്യാപനം നടത്തുന്നതിന് വേണ്ടി നിയമസഭാ ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

“കേരളം അതീവദരിദ്രരഹിത സംസ്ഥാനമാണെന്നുള്ളത് ശുദ്ധ തട്ടിപ്പാണ്. ഇതാണ് റൂൾ 300 സ്റ്റേറ്റ്‌മെന്റിലൂടെ നൽകുന്നത്. അതിനോട് കൂട്ടുനിൽക്കാൻ തങ്ങളില്ല,” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇതിനെത്തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി. കേരളത്തിൻ്റെ നേട്ടത്തിൽ അഭിമാനിക്കുന്നതിന് പകരം അത് സഹിക്കവയ്യാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോകുന്നതെന്നും ചരിത്രം പ്രതിപക്ഷത്തെ കുറ്റക്കാർ എന്ന് വിധിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് തിരിച്ചടിച്ചു.

2021-ൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ സുപ്രധാന വാഗ്ദാനം നിറവേറ്റുന്നതിൻ്റെ തുടക്കമായിരുന്നു ഇത്.

തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ്റെ (കില) നേതൃത്വത്തിൽ, നിയമസഭാംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ള സജീവ ജനപങ്കാളിത്തത്തോടെയാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താനുള്ള പ്രക്രിയ ആരംഭിച്ചത്. വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയിലും അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലും പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ശേഷം ഇത് സംസ്ഥാനത്തെമ്പാടും വ്യാപിപ്പിച്ചു.

സാമ്പത്തിക വളർച്ചയ്ക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം, ഒരു വിഭാഗവും പാർശ്വവൽക്കരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി, അടിസ്ഥാന രേഖകൾ പോലുമില്ലാത്തവർക്കായി ‘അവകാശം അതിവേഗം’ എന്ന യജ്ഞം നടത്തി. 21,263 പേർക്ക് ആരോഗ്യ ഇൻഷുറൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, തൊഴിൽ കാർഡ്, ബാങ്ക് അക്കൗണ്ട്, തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ലഭ്യമാക്കി.

നിലവിൽ 20,648 അതിദരിദ്ര കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകളും തടസ്സമില്ലാത്ത ആഹാരലഭ്യതയും ഉറപ്പാക്കുന്നുണ്ട്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകൾ അടക്കം ഇതിനായി ഉപയോഗിച്ചു. കൂടാതെ, ആരോഗ്യ സേവനം, മരുന്ന് ലഭ്യത, വാക്‌സിനേഷൻ, കൂട്ടിരിപ്പ്, പാലിയേറ്റീവ് കെയർ, അവയവമാറ്റ ശസ്ത്രക്രിയ തുടങ്ങിയവയും ലഭ്യമാക്കി. തൊഴിൽദിനങ്ങൾ സൃഷ്ടിച്ചും ജീവനോപാധികൾ നൽകിയും ഷെൽട്ടർ ഹോമുകൾ ഉറപ്പാക്കിയുമാണ് അതിദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ മുന്നോട്ടു നീക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Related Stories